സുന്ദര സ്വപ്നമേ നീ എനിക്കേകിയ... പ്രത്യുഷ നിദ്രയിലെ 'ചിത്ര'പതംഗം 

പി. സുശീല, എസ്. ജാനകി, പി. മാധുരി, വാണിജയറാം എന്നീ അനുഗൃഹീത ഗായികമാരുടെ ഭാവബന്ധുരമായ ആലാപനങ്ങള്‍കൊണ്ട് സമ്പന്നമായിരുന്ന മലയാള ചലച്ചിത്ര പിന്നണിരംഗത്തേക്ക് ചിത്ര ഒരിളംതെന്നല്‍പോലെയാണ് കടന്നുവന്നത്
സുന്ദര സ്വപ്നമേ നീ എനിക്കേകിയ... പ്രത്യുഷ നിദ്രയിലെ 'ചിത്ര'പതംഗം 

ന്തുകൊണ്ട് കെ.എസ്. ചിത്ര ദക്ഷിണേന്ത്യയുടെ ഏറെ പ്രിയപ്പെട്ട വാനമ്പാടിയായി എന്നതിന് ഒറ്റവാക്കില്‍ അല്ലെങ്കില്‍ ഒരു വാക്യത്തില്‍ ഉത്തരം പറയാന്‍ കഴിയുകയില്ല. ഓരോരുത്തരുടേയും കേള്‍വിയുടേയും ആസ്വാദനരീതികളുടേയും വ്യതിരിക്തത അനുസരിച്ച് അതിന്റെ കാരണങ്ങളും മാറും. മനഃശാസ്ത്രപരമായ പല ഘടകങ്ങളും ഒരു ഗായികയെ, ഒരു നടനെ ഒക്കെ ഇഷ്ടപ്പെടുന്നതില്‍ വലിയ പങ്കുവഹിക്കുന്നുമുണ്ട്. എങ്കിലും സാരള്യം, മാധുര്യം, അനായാസത, തെളിച്ചം, പ്രസാദാത്മകത എന്നിവയെല്ലാം സംഗീതത്തോട് ചേര്‍ത്തുവെച്ചാല്‍ കെ.എസ്. ചിത്രയുടെ ആലാപനത്തിന്റെ വ്യാഖ്യാനമായി എന്നു കരുതാം. ഈ ആലാപന സവിശേഷതകളെ ഒന്നൊന്നായി എടുത്ത് വഴിയേ വിശകലനം ചെയ്യാം.

പി. സുശീല, എസ്. ജാനകി, പി. മാധുരി, വാണിജയറാം എന്നീ അനുഗൃഹീത ഗായികമാരുടെ ഭാവബന്ധുരമായ ആലാപനങ്ങള്‍കൊണ്ട് സമ്പന്നമായിരുന്ന മലയാള ചലച്ചിത്ര പിന്നണിരംഗത്തേക്ക് കെ.എസ്. ചിത്ര ഒരിളംതെന്നല്‍പോലെയാണ് കടന്നുവന്നത്. ഒരു പാട്ടില്‍ പറയുന്നതുപോലെ കാറ്റും അറിയാതെ പതിഞ്ഞ പാദപതനങ്ങളോടെയുള്ള ഒരു രംഗപ്രവേശം. നാലു ഗായികമാരുടെ കാര്യം പറഞ്ഞെങ്കിലും എസ്. ജാനകി ആയിരുന്നു അക്കാലത്ത് മലയാള സിനിമാഗാനരംഗത്ത് നിറഞ്ഞുനിന്നിരുന്നത്. ജാനകിയമ്മ മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു വികാരമായിരുന്നു എന്നല്ല, ഇന്നും അതൊരു വികാരം തന്നെയാണ്. ഒരു അന്യഭാഷക്കാരിയാണെന്ന് ഒരിക്കലും തോന്നിക്കാത്തവിധം ശുദ്ധമായിരുന്നു അവരുടെ ഭാഷ. അടിത്തട്ടില്‍ ഒരല്പം വിഷാദനീലം കലര്‍ന്ന ആ നാദനദി അനുഭൂതിവിശേഷങ്ങളാല്‍ നമ്മെ പൊതിഞ്ഞു. ആര്‍ദ്രം... എന്നാല്‍ ഗഹനമായിരുന്നു അവരുടെ ആലാപനം. അത് ഒരു പ്രത്യേകതരം അഭിരുചി മലയാളി മനസ്സുകളില്‍ നിറച്ചുവെച്ചു. മലയാളിയുടെ ആസ്വാദനത്തെ പ്രത്യേകതരത്തില്‍ പരുവപ്പെടുത്താന്‍ അവരുടെ അനിതരമായ ഗാനാലാപനത്തിനു സാധിച്ചു. ഈയൊരു പശ്ചാത്തലത്തിലാണ് കെ.എസ്. ചിത്ര ഒരിളം നാദമായി നമ്മുടെ കാതോരം വന്ന് മൂളുന്നത്. ജാനകിയമ്മയുടെ പ്രഭാപരിവേഷത്തെ മറികടന്ന് മലയാള ഗാനാസ്വാദകരുടെ മനസ്സുകളില്‍ ഒരു സ്ഥാനം നേടിയെടുക്കുക  അത്ര എളുപ്പമായിരുന്നില്ല. പക്ഷേ, അത് സംഭവിക്കുകതന്നെ ചെയ്തു.

മലയാളത്തിലെ എല്ലാത്തരം ഗാനാസ്വാദകരുടേയും മനസ്സിലേക്ക് ഒരു നറുപുഞ്ചിരിയോടെ ചിത്ര കയറിവന്നത് ഒ.എന്‍.വിയുടെ ആ ലളിതമോഹനമായ കവിതയിലൂടെയാണെന്നു കരുതാവുന്നതാണ്. അതിനു മുന്‍പും മലയാളത്തനിമയുള്ള ഒരുപാട് ഗാനങ്ങള്‍ ചിത്ര പാടിയിട്ടുണ്ടെങ്കിലും 'നഖക്ഷത'ങ്ങളിലെ ''മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി മഞ്ഞക്കുറിമുണ്ടും ചുറ്റി'' എന്ന ഗാനത്തിന് എന്തൊക്കെയോ സവിശേഷതകള്‍ ഉണ്ടായിരുന്നു. നേരത്തെ വിവരിച്ച സാരള്യം, പ്രസാദാത്മകത തുടങ്ങിയ സവിശേഷതകള്‍ ഏറ്റവും പ്രകടമായ ഒരു ഗാനമാണിത്. കെ. എസ്. ചിത്ര മാത്രമല്ല, ബോംബെ രവി എന്ന സംഗീതമാന്ത്രികനും മലയാളിമനസ്സിലേക്കു കടന്നുകയറിയ ചിത്രമാണ് 'നഖക്ഷതങ്ങള്‍'. തൊട്ടുമുന്‍പുതന്നെ 'പഞ്ചാഗ്‌നി'യിലെ ഗാനങ്ങള്‍ മലയാളമനസ്സുകള്‍ ഏറ്റുവാങ്ങിയിരുന്നെങ്കിലും ബോംബെ രവി ലബ്ധപ്രതിഷ്ഠനായത് നഖക്ഷതങ്ങളിലെ ഗാനങ്ങളിലൂടെയാണ്. ''ആ രാത്രി മാഞ്ഞുപോയി'' കാവ്യഗുണത്തിലും സംഗീതത്തിലും ആലാപനത്തിലും മികച്ചതായിരുന്നു. എങ്കിലും മഞ്ഞള്‍പ്രസാദമാണ് സാധാരണക്കാരുടെ മനസ്സിലേക്ക് പെട്ടെന്ന് കയറിക്കൂടിയത്. തൊട്ടടുത്ത വീട്ടിലെ ഗ്രാമീണയായ ഒരു പെണ്‍കിടാവ് പൊട്ടുതൊട്ട് പുഞ്ചിരിച്ചുകൊണ്ട് തികച്ചും സാധാരണമായ ഒരു നാദത്തില്‍ നമ്മുടെയൊക്കെ അരികെനിന്ന് ലളിതമധുരമായി പാടുകയാണ്: ''കുന്നിമണി ചെപ്പില്‍നിന്ന് ഒരു നുള്ളു കുങ്കുമം തൊട്ടെടുത്തതും ആ വര്‍ണ്ണരേണുക്കള്‍ നെഞ്ചിലാകെ പടര്‍ന്നതു''മായ കഥ. ഏറ്റുപാടാന്‍ തോന്നുന്ന വരികള്‍... മൂളിനടക്കാന്‍ തോന്നുന്ന ഒരീണം. പാട്ടിനകത്ത് ഒരു പുഞ്ചിരിയും.  

1963 ജൂലൈ 27-ന് അദ്ധ്യാപക ദമ്പതികളായ കൃഷ്ണന്‍നായരുടേയും ശാന്തകുമാരിയുടേയും മകളായിട്ടാണ് ചിത്ര ജനിച്ചത്. അതാണ് കെ.എസ്. ചിത്ര. അച്ഛന്‍ തന്നെയാണ് തന്റെ ആദ്യ ഗുരു എന്ന് ചിത്രതന്നെ പറയാറുണ്ട്. പിന്നീട് പ്രശസ്ത സംഗീതജ്ഞ ഡോ. ഓമനക്കുട്ടി ടീച്ചറുടെ ശിഷ്യയായി കര്‍ണാടകസംഗീതം അഭ്യസിച്ചു. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്‌കൂളില്‍നിന്നും പഠനം പൂര്‍ത്തിയാക്കിയ ചിത്ര, കേരള യൂണിവേഴ്സിറ്റിയില്‍നിന്നും സംഗീതത്തില്‍ ബിരുദമെടുത്തു. ഒരു ചലച്ചിത്ര പിന്നണിഗായികയാവുമെന്ന് പ്രതീക്ഷിക്കുകയോ ആഗ്രഹിക്കുകയോ ചെയ്തിട്ടില്ലെന്ന് അഭിമുഖങ്ങളില്‍ കെ.എസ്. ചിത്ര പറയുന്നുണ്ട്. എന്നാല്‍, ചെറുപ്പംതൊട്ടുതന്നെ ആകാശവാണിയില്‍ ഗാനങ്ങള്‍ പാടുവാന്‍ ചിത്രയ്ക്ക് ഭാഗ്യമുണ്ടായി. അന്ന് തിരുവനന്തപുരം എ.ഐ.ആറില്‍ പ്രവര്‍ത്തിച്ചിരുന്ന എം.ജി. രാധാകൃഷ്ണന്‍ അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നതാണ് ഇതിനു വഴിയൊരുക്കിയത്. ഇതേ സൗഹൃദം ചിത്രയെ ചലച്ചിത്രരംഗത്തും എത്തിച്ചു. 1979-ല്‍ എം.ജി. രാധാകൃഷ്ണന്റെ സംഗീതത്തില്‍ 'കുമ്മാട്ടിയില്‍' ഒരു കൂട്ടപ്പാട്ട് പാടിയാണ് അരങ്ങേറ്റം. 1982-ല്‍ എം.ജി.ആറിന്റെതന്നെ സംഗീതസംവിധാനത്തില്‍ 'ഞാന്‍ ഏകനാണ്' എന്ന ചിത്രത്തില്‍ പാടിയതാണ് ശരിക്കുമുള്ള തുടക്കം. സത്യന്‍ അന്തിക്കാടിന്റേതായിരുന്നു ഗാനരചന. ''രജനി പറയൂ'' എന്ന സോളോയ്ക്ക് പുറമേ യേശുദാസുമൊത്ത് ''പ്രണയവസന്തം തളിരണിയുമ്പോള്‍ പ്രിയസഖി എന്തേ മൗനം'' എന്ന യുഗ്മഗാനവും പാടി. തുടക്കത്തില്‍തന്നെ മഹാനായ ഒരു ഗായകനൊപ്പം പാടാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി ചിത്ര കരുതുന്നു. 1983-ല്‍ പുറത്തിറങ്ങിയ 'എന്റെ മാമാട്ടിക്കുട്ടി അമ്മയ്ക്ക്' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ശ്രദ്ധേയമായതോടെ മലയാള സിനിമയില്‍ ചിത്രയുടെ കാലം ആരംഭിച്ചു. പിന്നീട് പാട്ടിന്റെ പെരുമഴക്കാലം തന്നെയായിരുന്നു. മഞ്ഞള്‍പ്രസാദത്തിനു മുന്‍പ് കെ.എസ്. ചിത്ര എത്രയോ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഏറ്റവും മികച്ച ഒരു സ്പെസിമെന്‍ ആയി അത് പരാമര്‍ശിച്ചു എന്നുമാത്രം.

പി. സുശീല, എസ്. ജാനകി, കെ.എസ്. ചിത്ര
പി. സുശീല, എസ്. ജാനകി, കെ.എസ്. ചിത്ര

'എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്' എന്ന സിനിമയിലെ ''ആളൊരുങ്ങി അരങ്ങൊരുങ്ങി, കണ്ണോട് കണ്ണോരം നീ, തൈമണി കുഞ്ഞു തെന്നല്‍'' എന്നീ മൂന്നു ഗാനങ്ങളാണ് ചിത്ര ജെറി അമല്‍ദേവിന്റെ സംഗീതത്തില്‍ പാടിയിരിക്കുന്നത്. തുടര്‍ന്ന് ജെറി അമല്‍ദേവിന്റെ ഈണത്തില്‍ ഒരുപിടി ഗാനങ്ങള്‍ ചിത്ര പാടി. ''അത്തപ്പൂവും നുള്ളി, അരയരയരയോ കിങ്ങിണിയോ... പെണ്ണിന്റെ ചെഞ്ചുണ്ടില്‍ പുഞ്ചിരി പൂത്തു, ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍...'' 'നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്' എന്ന ഫാസില്‍ ചിത്രത്തിലെ മറ്റു രണ്ടുഗാനങ്ങള്‍- ''കിളിയേ കിളിയേ നറുതേന്‍ മൊഴിയെ, ലാത്തിരി പൂത്തിരി'' എന്നിവ ചിത്രയുടെ ഉല്ലാസഭരിതമായ തെളിച്ചമുള്ള നാദത്തെ ആസ്വാദകമനസ്സുകളില്‍ അടയാളപ്പെടുത്താന്‍ സഹായിച്ചു. നോക്കത്താദൂരം ചിത്രയുടെ സംഗീതജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. അതിനെക്കുറിച്ച് പിന്നീട് പറയാം.

1985 കെ.എസ്. ചിത്രയുടെ സംഗീതജീവിതത്തിലെ നിര്‍ണ്ണായകമായ ഒരക്കമാണ്. ഭാവബന്ധുരമായ ഒരുപിടി ഗാനങ്ങള്‍ പിറന്ന വര്‍ഷം. ചിത്ര രവീന്ദ്രന്‍മാസ്റ്ററുടെ പ്രിയഗായികയായിക്കഴിഞ്ഞു എന്ന് നമുക്ക് തിരിച്ചറിയാനായ വര്‍ഷം. മുല്ലനേഴിയുടെ വരികള്‍ക്ക് അദ്ദേഹം ചമച്ച ഈണം... ''ആതിരാത്തിരുമുറ്റത്തമ്പിളിപ്പൂ വിരിഞ്ഞു''. പിന്നെ 'നീലക്കടമ്പി'ലെ ''നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍'' എന്ന് തുടങ്ങുന്ന ജയകുമാറിന്റെ വരികള്‍ക്കു പതിവ് ശൈലിയില്‍നിന്നു വ്യത്യസ്തമായി രവീന്ദ്രന്‍മാഷ് തീര്‍ത്ത ഈണത്തിന്റെ ചിറകിലേറി ചിത്ര പറന്നുയര്‍ന്നു... താണു. ആഷാഢമാസ നിശീഥിനിയുടെ മനസ്സിലൂടെയും പ്രണയികളുടെ ഹൃദയാകാശങ്ങളിലൂടെയും പറന്നു.

പിന്നെ ലാസ്യനിലാവിന്റെ ലാളനയേറ്റു മയങ്ങി. മയക്കത്തിലും സ്വപ്നാത്മകമായി പാടി. രവീന്ദ്രന്‍മാസ്റ്റര്‍-കെ.എസ്. ചിത്ര കൂട്ടുകെട്ടില്‍ പിറക്കാനിരിക്കുന്ന ഗാനങ്ങളുടെ ഒരു മുഖമൊഴിയായിരുന്നു 'നീലക്കടമ്പി'ലെ ഈ ഗാനം. 85-ല്‍ തന്നെ ജോണ്‍സണ്‍ മാഷിന്റെ ഈണത്തില്‍ മഴവില്ലിന്‍ മലര്‍ തേടി, രാഗിണി രാഗരൂപിണി എന്നീ ഗാനങ്ങളും അവര്‍ പാടി. സംവിധായകന്‍ രാജസേനന്റെ ഈണത്തില്‍ ശ്രുതിലയ മധുരം എന്ന ഗാനവും ഭാസ്‌കരന്‍മാഷുടെ വരികള്‍ക്ക് വിദ്യാധരന്‍ മാഷ് ഈണമിട്ട സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം എന്ന ഗാനവും മറ്റെല്ലാറ്റിനും ഒപ്പം നമ്മള്‍ ആസ്വദിച്ചു. ഒ.എന്‍.വി കവിതയ്ക്ക് കണ്ണൂര്‍ രാജന്‍ തീര്‍ത്ത മാസ്മരികമായ ഒരു ഈണത്തെ ചിത്ര നമ്മെ അനുഭവിപ്പിച്ചു. സുവര്‍ണ്ണ നിമിഷം ഞാന്‍ കാത്തിരുന്ന നിമിഷം എന്ന അനന്യ സുന്ദരമായ ഒരു ഗാനം. സാധാരണക്കാര്‍ നെഞ്ചേറ്റിയ 'നിറക്കൂട്ടി'ലെ പൂവച്ചല്‍ ഖാദര്‍-ശ്യാം സഖ്യത്തിന്റെ ''പൂമാനമേ... ഒരു രാഗമേഘം താ'' എന്ന മനോഹരഗാനത്തിനാണ് കെ.എസ്. ചിത്രയ്ക്ക് കേരള സംസ്ഥാന ഗവണ്‍മെന്റിന്റെ ആദ്യപുരസ്‌കാരം ലഭിച്ചത്. 'എന്റെ കാണാക്കുയില്‍' എന്ന ചിത്രത്തില്‍ ജയകുമാര്‍ എഴുതി എം.ജെ. ജോസഫ് സംഗീതം പകര്‍ന്ന വേറിട്ട ഒരു വിഷാദഗീതമായ ''ഒരേ സ്വരം ഒരേനിറം'' എന്ന പാട്ടിനും കൂടിയാണ് സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. പിന്നീട് താരതമ്യമില്ലാത്ത വിജയത്തിന്റെ ഒരു സംഗീതപ്രയാണമായിരുന്നു ചിത്രയുടെ ജീവിതം.
    
തേന്‍തമിഴ്ച്ചിന്ത്

അന്യഭാഷയിലെ സംഗീത സംവിധായകര്‍ ചിത്രയ്ക്കു നല്‍കിയ പ്രാധാന്യം എടുത്തുപറയേണ്ടതുതന്നെയാണ്. തമിഴിലും തെലുങ്കിലും മറ്റുമായി അവര്‍ പാടിയ മധുരഗീതങ്ങള്‍ അവരെ ദക്ഷിണേന്ത്യയുടെ ഒരുപക്ഷേ, ഭാരതത്തിന്റെ തന്നെ പ്രിയങ്കരിയായ ഗായികയാക്കി മാറ്റി. 'നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്' എന്ന സിനിമയുടെ തമിഴ് റീമേക്ക് പാടാന്‍ വേണ്ടിയാണ് ഫാസില്‍ ചിത്രയെ ഇളയരാജയ്ക്ക് മുന്‍പില്‍ എത്തിക്കുന്നത്. കാപ്പിരാഗത്തില്‍ ഒരു കീര്‍ത്തനം പാടിയാണ് ചിത്ര തമിഴ് ചലച്ചിത്രസംഗീതത്തിലെ രാജാവിന്റെ മനം കവര്‍ന്നത്. 'പൂവേ പൂ ചൂടവാ' എന്ന ആ മറുമൊഴി ചിത്രത്തിലും 'പച്ചൈക്കൊടി'യിലും ചിത്ര പാടി. ''ചിന്നക്കുയില്‍ പാടും പാട്ട് കേള്‍ക്കവാ...'' എന്ന ഗാനത്തെ നെഞ്ചേറ്റി തമിഴകം ചിത്രയെ സ്നേഹവാത്സല്യങ്ങളോടെ ചിന്നക്കുയില്‍ എന്നു വിളിക്കാന്‍ തുടങ്ങി. ഇളയരാജയുടെ സ്നേഹപൂര്‍വ്വമുള്ള നിര്‍ബ്ബന്ധവും അച്ഛന്റെ അനുവാദവും അനുഗ്രഹവും... ചിത്ര എം.എ. മ്യൂസിക്കിന്റെ ഫൈനല്‍ പരീക്ഷ ഒഴിവാക്കി 'സിന്ധുഭൈരവി' എന്ന ചലച്ചിത്രത്തിനുവേണ്ടി പാടി. ഇസൈമന്നന്‍ ഇളയരാജ പ്രവചിച്ചതുപോലെ അത് ഏറ്റവും ഉചിതമായ തീരുമാനമായിരുന്നു. 1986-ലെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം കെ.എസ്. ചിത്രയ്ക്ക്... ഗാനം, ''പാടറിയേ പടിപ്പറിയെ'' പുരസ്‌കാരം ലഭിച്ചു എന്നതിലുപരി തമിഴ് ജനത ചിത്രയെ നെഞ്ചേറ്റി എന്നതാണ് പ്രധാനം. 'സിന്ധുഭൈരവി'യിലെ ''ഞാനൊരു സിന്ത് കാവടിച്ചിന്ത്...'' എന്ന ഗാനവും സൂപ്പര്‍ ഹിറ്റായി.

മലയാളത്തിലെ സംഗീതസംവിധായകര്‍ കണ്ടെത്താത്ത എന്തോ ഒന്ന് ചിത്രയുടെ നാദത്തില്‍നിന്നും മറുഭാഷകളില്‍നിന്നുള്ള സംഗീതസംവിധായകര്‍ കണ്ടെത്തി. നമുക്ക് പരിചിതമായ തമിഴ് ഗാനങ്ങള്‍ വച്ചുതന്നെ ചിത്രയുടെ ആലാപനത്തിലെ വ്യതിരിക്തത തിരിച്ചറിയാനാവും. ''പാടറിയേ പടിപ്പറിയെ'' എന്ന ഗാനംതന്നെ എടുത്തുനോക്കാം. പതിവ് ടോണില്‍നിന്ന് അല്പം വ്യത്യസ്തമായി കുറച്ച് തുറന്നാണ് ചിത്ര ആലപിക്കുന്നത്. നിഷ്‌കളങ്കയായ ഒരു തമിഴ് ഗ്രാമീണ പെണ്‍കൊടിയുടെ ആലാപനശൈലി. അതില്‍ എലക്കണം പഠിച്ചതില്ലേ തലക്കനമോ എനക്ക് ഇല്ലേ എന്ന ഭാഗം പ്രത്യേകം എടുത്ത് ഒന്ന് കേട്ട് നോക്കൂ. എലക്കണം എന്നു പറയുന്നിടത്ത് തുറവി. ഈ ഗാനത്തെ പദാനുപദമാണ് കേള്‍ക്കേണ്ടത്. സ്വന്തം ജീവിതത്തെ നായിക പാട്ടിലൂടെ പറയുന്ന ഞാനൊരു സിന്ത്... എന്ന ഗാനത്തില്‍, നാദത്തില്‍ എങ്ങനെയാണ് ആഴവും ഗൗരവവും പകരുന്നത്. സംഗീതസംവിധായകര്‍ പാട്ടുകാരുടെ ആരാധകരാവുകയല്ല വേണ്ടത്; അവരെ രൂപപ്പെടുത്തിയെടുക്കുന്ന സ്രഷ്ടാക്കള്‍ ആവുകയാണ് വേണ്ടത് എന്നതിന് ഉത്തമ ഉദാഹരണമാണ് ഇളയരാജയെ പോലുള്ളവര്‍. ചുരുങ്ങിയത് അവര്‍ ഗുരുസ്ഥാനത്ത് എങ്കിലും നില്‍ക്കണം. അതുകൊണ്ടാണ് പി. ദേവരാജനും കെ. രാഘവനും ഒക്കെ മാസ്റ്റേഴ്സ് എന്നറിയപ്പെടുന്നത്. തമിഴില്‍ ഇളയരാജയുടെ സംഗീതത്തില്‍ ചിത്ര പാടിയ പാട്ടുകളുടെ ലിസ്റ്റ് നിരത്തുക എളുപ്പമല്ല. ''കുഴലൂതും കണ്ണന്ക്ക്'' എന്ന ഗാനത്തില്‍ ചിത്രയുടെ  വോയ്സ് റെന്‍ഡിംഗ് അപാരമധുരമാണ്. ''വന്തതോ കുങ്കുമം, നിന്നുക്കോറീ വര്‍ണ്ണം, തൂളിയിലെ ആടവന്ത, വാ വാ വാ കണ്ണാ വാ, പൂവേ പൂച്ചൂടവാ, നീ താനേ പുന്നകൈ മന്നന്‍, കറുപ്പുനിലാ...'' അങ്ങനെ എത്രയെത്ര ഗാനങ്ങള്‍. അമ്പിളിക്കലയും നീരും പോലെയുള്ള മലയാളത്തിലെ ഗാനങ്ങള്‍ എടുത്തുപറയുന്നില്ല. 

ചിത്ര, പഴയ ചിത്രം
ചിത്ര, പഴയ ചിത്രം

ഇളയരാജയുടെ കൂടെയുള്ള ഓരോ റെക്കോര്‍ഡിങ്ങ് അനുഭവവും മികച്ച പാഠങ്ങള്‍ ആയിരുന്നു ചിത്രയ്ക്ക്. എല്ലാത്തരം ഗാനങ്ങളും പാടണമെന്ന് അദ്ദേഹം ഉപദേശിച്ചു. പ്രണയത്തിനപ്പുറം ലൈംഗിക ചുവയുള്ള വരികള്‍ പാടാന്‍ ചിത്ര വളരെയധികം മടികാണിച്ചിരുന്നു. ഇതിന്റെ പേരില്‍ ചില ഗാനങ്ങള്‍ വേണ്ടെന്നു വയ്ക്കുകയും ചെയ്തിരുന്നു. ഒരു പ്രൊഫഷണല്‍ ഗായിക അങ്ങനെയൊന്നും ഒഴിഞ്ഞുമാറാന്‍ പാടില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു, ഒരുപാട് ആദരവ് ഉണ്ടായിരുന്നെങ്കിലും ഇളയരാജയോടൊപ്പമുള്ള റെക്കോര്‍ഡിങ്ങ് ഒരു പരീക്ഷപോലെയാണെന്ന് ചിത്രതന്നെ പറഞ്ഞിട്ടുണ്ട്. പെട്ടെന്ന് പെട്ടെന്ന് ഈണങ്ങള്‍ മാറ്റും. പക്ഷേ, പാട്ട് പുറത്തിറങ്ങുമ്പോള്‍ ഉണ്ടായ വിഷമങ്ങളെല്ലാം വലിയ സന്തോഷമായി പരിണമിക്കുകയും ചെയ്യും.

ഇന്ത്യന്‍ സിനിമാസംഗീതത്തിനു നവഭാവുകത്വം പകര്‍ന്ന എ.ആര്‍. റഹ്മാന്റെ ആദ്യ ചിത്രമായ 'റോജ'യില്‍ തന്നെ കെ.എസ്. ചിത്രയ്ക്ക് പാടാന്‍ അവസരം ലഭിച്ചു. ഈ ചിത്രത്തിലെ മൂന്നു ഗായികമാരും മലയാളികള്‍ ആയിരുന്നു എന്നത് കൗതുകകരമാണ്. ''രുക്കുമണി രുക്കുമണി'' എന്ന വ്യത്യസ്തമായ ഒരു ഗാനത്തിനാണ് ചിത്ര നാദംപകര്‍ന്നത്. എന്നാല്‍, 1995-ല്‍ പുറത്തുവന്ന മണിരത്‌നത്തിന്റെ തന്നെ 'ബോംബെ' എന്ന ചിത്രത്തിലാണ് ചിത്രയുടെ നാദം റഹ്മാന്‍ മനോഹ രമായി ഉപയോഗപ്പെടുത്തിയത്. ''കണ്ണാളനെ എനതു കണ്ണൈ...'' എന്നു തുടങ്ങുന്ന നിത്യഹരിത ഗാനത്തിലാണ്. ഇന്നും അവര്‍ ഈ ഗാനം പല വേദികളിലും ഷോകളിലും അവതരിപ്പിക്കുന്നു. ബോംബെയുടെ ഹിന്ദി പതിപ്പിനും ഈ ഗാനം പാടാന്‍ ചിത്രയ്ക്ക് അവസരം ലഭിച്ചു. ഹരിഹരനോടൊത്തുള്ള ''ഉയിരേ...ഉയിരേ'' എന്ന ഗാനം ഇന്ത്യയാകെ അലയടിച്ചു. ഒരേ തലമുറയില്‍ പെട്ട ആളുകള്‍ എന്ന നിലയ്ക്ക് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ഇടപെടാനും പാടാനും റഹ്മാനോടൊപ്പമുള്ള റെക്കോര്‍ഡിങ്ങുകളില്‍ ചിത്രയ്ക്ക് കഴിഞ്ഞു. അദ്ദേഹം വളരെ വലിപ്പമുള്ള ഒരു മനുഷ്യത്വമാണെന്ന് ചിത്ര തന്നെ പറഞ്ഞിട്ടുണ്ട്. റഹ്മാന്റെ റെക്കോര്‍ഡിങ്ങ് രീതിയും ഏറെ വ്യത്യസ്തവും രസകരവുമായിരുന്നു. ഫുള്‍ ട്രാക്കുമായി വന്ന് അദ്ദേഹം പാടിക്കാറില്ല. അദ്ദേഹംതന്നെ ലൈവായി കീബോര്‍ഡ് വായിച്ചുകൊണ്ടിരിക്കും. റിഥം പാറ്റേണ്‍ മാത്രം സെറ്റ് ചെയ്തിരിക്കും. വായിക്കുന്ന ട്യൂണിനൊപ്പം പാടുക. ഗായകര്‍ക്കും അദ്ദേഹം ഒരുപാട് സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. ട്യൂണിനകത്ത് നിന്നുകൊണ്ട് മനോധര്‍മ്മമനുസരിച്ച് പാടുവാന്‍ അദ്ദേഹം അനുവദിച്ചിരുന്നു. പല രീതിയില്‍ പാടിയ പല്ലവികള്‍ അനുപല്ലവികള്‍... അവയില്‍ വേണ്ടവ തിരഞ്ഞെടുത്ത് അദ്ദേഹം കൂട്ടിച്ചേര്‍ക്കും. പിന്നീടാണ് ഉപകരണങ്ങളുടെ വിന്യാസം. ഒരുപക്ഷേ, സിനിമ റിലീസ് ആകുമ്പോഴാകും ഗാനത്തിന്റെ പൂര്‍ണ്ണരൂപം ഗായകര്‍ തന്നെ കേള്‍ക്കുക. അത് കേള്‍ക്കുന്നത് അത്യന്തം വിസ്മയകരമായ ഒരു അനുഭവമായിരിക്കും. ''എങ്കെ എനതു കവിതയ്...'' റഹ്മാന്റെ ഈണത്തില്‍ ചിത്ര പാടിയ മനോജ്ഞമായ ഒരു ഗാനമാണ്. നനുത്ത വിഷാദത്തോടെ മെല്ലെ തുടങ്ങുന്ന പല്ലവി. രാഗബദ്ധമായി അല്പം ദ്രുതതാളത്തില്‍ അനുപല്ലവിയും ചരണവും. മധ്യസ്ഥായിയിലെ ഷഡ്ജംതൊട്ട് താരസ്ഥായിവരെ സഞ്ചരിക്കുന്ന ചിത്രയുടെ മധുനാദം. കെ.എസ്. ചിത്ര എന്ന ക്ലാസ്സിക്കല്‍ സിംഗറെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തിയ ഒരു ഗാനം എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാം. രാഗപദ്ധതിയെ ഉപയോഗപ്പെടുത്തുമ്പോള്‍തന്നെ ഗാനം ഒരു മെലഡിയാക്കി തീര്‍ക്കുക എന്ന റഹ്മാന്‍ ശൈലി ഈ ഗാനത്തില്‍ പ്രകടമാണ്.

'കറുത്തമ്മ'യിലെ ''തെന്‍മേര്‍ക്ക് പരുവക്കാത്ത്''  എന്ന ഗാനം ഉല്ലാസത്തിന്റെ നൂറ് വെള്ളിച്ചിറകുകളിലായി നമ്മെ പറത്തുന്നു. പ്രണയത്തിന്റെ പാരസ്പര്യവും ലയഭംഗിയുമാണ് എ.ആര്‍. റഹ്മാന്റെ ഗാനങ്ങളും. 'മെയ്മാദ'ത്തില്‍ പി. ജയചന്ദ്രനോടൊപ്പം ചിത്ര പാടുന്ന ''എന്മേല്‍ വിഴുന്ത മഴത്തുള്ളിയേ ഇത്തന നാളും എങ്കിരുന്തായ...'' കേട്ടാല്‍ മതിവരാത്ത ഒരു പ്രണയ സങ്കീര്‍ത്തനമാണ്. മലരും ഇലയും അലയും കരയും എല്ലാം തമ്മില്‍ ഒരുങ്ങുമ്പോള്‍ ഏതു ഭാഷയെന്ന് കവി ചോദിക്കുന്നു. പാര്‍വൈ രണ്ടും പേസിക്കൊണ്ടാ ബാഷൈ ഊമൈ ആയിടുമാ? എന്ന് കാമുകന്‍ ചോദിക്കുന്നു. ആലാപനത്തിലൂടെ വാക്കുകള്‍ക്കപ്പുറം വികാരമാണ് ജയചന്ദ്രനും ചിത്രയും പകര്‍ന്നുപോകുന്നത്. ''മലര്‍കളേ മലര്‍കളേ'' എന്ന യുഗ്മഗാനത്തിലും 'ഇന്ദിര'യിലെ ''തൊടത്തൊടമലര്‍ന്നതെന്നാ പൂവേ'' എന്ന ഗാനത്തിലും പ്രണയവും കവിതയും സംഗീതവും ഒന്നുതന്നെയായിത്തീരുന്നു. ഈ ഗാനങ്ങളില്‍ എല്ലാം ചിത്രയുടെ വോയിസ് ടെക്സ്ചര്‍, ആലാപനരീതി, ഭാവഭംഗി എല്ലാംതന്നെ സവിശേഷമാണ്. ''അഴകു നിലവേ കതവ് തിരന്ത് അരികില്‍ വന്തായേ...'' എന്നൊരു മനസ്സിനെ ഈറനാക്കുന്ന വാത്സല്യത്തിന്റെ ഒരു ഗീതവും റഹ്മാന്റെ ഈണത്തില്‍ ചിത്ര പാടിയിട്ടുണ്ട്. ഇങ്ങനെ കുറെ ഗാനങ്ങള്‍ ഉണ്ടായതിന്റെ ഒരു സാഫല്യമായി ആ കൂട്ടുകെട്ടില്‍ പിറന്ന ''മാനാ മഥുര മാമര കിളിയെ'' എന്ന ഗാനത്തിന്  1996-ല്‍ ചിത്രയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. ഈ ഗാനത്തിന്റെ ആലാപനത്തില്‍ നമ്മള്‍ മറ്റൊരു ചിത്രയെയാണ് കാണുന്നത്. ''ഊ ലലല്ലാ എന്നും തന്താനേ തന്താനേ'' എന്നും ഒക്കെ പാടുന്നിടത്തുള്ള ടോണും വോയ്സ് ടെക്സ്ച്ചറും ഏറെ വ്യത്യസ്തമാണ്. വല്ലാത്തൊരു ഊര്‍ജ്ജം പകരുന്ന ആലാപനം. റഹ്മാന്റെ ഇണത്തില്‍ പിറന്ന പല ഗാനങ്ങള്‍ക്കും ഹിന്ദി പതിപ്പ് ഉണ്ടായതിനാല്‍ അവര്‍ ഇന്ത്യയുടെതന്നെ പ്രിയ ഗായികയായി മാറി. 2015-ല്‍ പുറത്തിറങ്ങിയ 'ഓക്കെ കണ്മണി'യിലെ ഒരു വൈരമുത്തു കവിതയെക്കുറിച്ചുകൂടി പറയാതെ വയ്യ. ചോദിച്ചതെല്ലാം നല്‍കുന്ന, ചോദിച്ചതിനപ്പുറം നല്‍കുന്ന ഈശ്വരതുല്യനായ ഒരാളെക്കുറിച്ചുള്ള  ഗീതകം.

''മലര്‍കള്‍ കേട്ടേന്‍
വനമേ തന്തനേ. 
തണ്ണീര്‍കേട്ടേന്‍
അമൃതം തന്തനെ''

ശ്രുതിയുടെ മാത്രം പശ്ചാത്തലത്തില്‍ ആ ആലാപനം തുടങ്ങുമ്പോള്‍ മനസ്സ് മന്ത്രമുഗ്ധമാകുന്നു ഒരു പ്രാര്‍ത്ഥനപോലെ ആ ഗാനം നമ്മില്‍ നിറയുന്നു. ഇപ്പോള്‍ മാത്രം വിരിഞ്ഞ ഒരു പൂവിന്റെ സുഗന്ധംപോലെ ആ നാദം ആത്മാവില്‍ നിറയുന്നു.

ഭാവഗീതങ്ങളുടെ ആത്മസൗന്ദര്യം

ചിത്രയുടെ നാദത്തെ പരിലാളിച്ച, അന്യഭാഷയില്‍നിന്നു വന്ന സംഗീത സംവിധായകരില്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നാമമാണ് ബോംബെ രവിയുടേത്. പതിന്നാലാം രാവിലെ ചന്ദ്രനായി 'ചൗദ് വീ കാ ചാന്ദ്' ഹിന്ദി ചലച്ചിത്രഗാന ലോകത്ത് ശോഭിച്ചിരുന്ന അദ്ദേഹത്തെ നമുക്കു സമ്മാനിച്ച ഒ.എന്‍.വി-എം.ടി-ഹരിഹരന്‍ ത്രയത്തോട് നമ്മള്‍ വളരെയേറെ കടപ്പെട്ടിരിക്കുന്നു. ഇത്രയേറെ മലയാളത്തനിമയുള്ള ഈണങ്ങള്‍ എങ്ങനെയാണ് അദ്ദേഹം തീര്‍ത്തുവച്ചതെന്ന് എപ്പോഴും വിസ്മയിക്കാറുണ്ട്. മലയാളത്തിന്റെ ഭാഗ്യം, ചിത്രയുടെകൂടി സൗഭാഗ്യമായി. അദ്ദേഹം ഈണമിട്ട് ചിത്ര പാടിയ ഗാനങ്ങളില്‍ ഒന്നുപോലും നമുക്ക് മാറ്റിവയ്ക്കാനാവില്ല. ആദ്യ രണ്ടു ഗാനങ്ങള്‍ നമ്മള്‍ ചര്‍ച്ച ചെയ്തുകഴിഞ്ഞു. 'സര്‍ഗ്ഗ'ത്തിലെ ''കണ്ണാടി ആദ്യമായെന്‍'' എന്നു തുടങ്ങുന്ന ഗാനത്തില്‍ ആദ്യന്തം ചിത്ര സ്വയം കവിഞ്ഞൊഴുകുന്നു. തുടക്കത്തിലെ ആലാപം, സ്വരാലാപം, തുടര്‍ന്ന് യൂസഫലിയുടെ വരികളുടെ ആലാപനം. സര്‍വ്വത്ര സൗന്ദര്യം. മോഹനത്തിന്റെ സമസ്ത ലാവണ്യവും വഴിയുന്നു. യേശുദാസും കെ.എസ്. ചിത്രയും ഒരേ ഗാനത്തിന്റെ ആണ്‍-പെണ്‍ വേര്‍ഷനുകള്‍ എത്രയോ പാടിയിട്ടുണ്ട്. പക്ഷേ, ചിത്രയുടെ ആലാപനത്തിന്റെ ഭാവഭംഗി, ഒഴുക്ക്, അനായാസത... പിന്നെ പേരെടുത്തു പറയാന്‍ കഴിയാത്ത എന്തെല്ലാമോ സവിശേഷതകള്‍ അവരുടെ നാദത്തില്‍ മാത്രം ഈ ഗാനം കേള്‍ക്കാന്‍ പ്രേരിപ്പിക്കുന്നു. ഇതുപോലെ തന്നെയാണ് 'പരിണയ'ത്തിലെ, ''വൈശാഖ പൗര്‍ണമിയോ'' എന്ന ഗാനവും. സരളം, മധുരം, സുഖദം. ഇതിന്റെ അനുപല്ലവി കഴിഞ്ഞ് പല്ലവി പാടി നിര്‍ത്തുമ്പോള്‍ ''നിശയുടെ ചേങ്ങിലയോ'' എന്നു പാടുന്നിടത്ത് ചിത്ര നിരത്തുന്ന സംഗതികളുടെ ചന്തം അനുപമമാണ്. ഇനിയും എത്രയോ ഗാനങ്ങള്‍. ഒന്നിനൊന്ന് മനോഹരം. 'വിദ്യാരംഭ'ത്തിലെ പൂവരമ്പിന്‍ താഴെ വിശുദ്ധമായ ഒരു പ്രഭാതത്തിന്റെ നൈര്‍മല്യം മുഴുവന്‍ നമുക്ക് തരുന്നു. 'വടക്കന്‍ വീരഗാഥ'യിലെ ''കളരി വിളക്ക് തെളിഞ്ഞതാണോ'' എന്ന ഗാനം നെയ്ത്തിരിപോലെ തെളിഞ്ഞ നാദശോഭയാകുന്നു. സര്‍ഗ്ഗത്തിലേയും മറ്റും യുഗ്മഗാനങ്ങളെക്കുറിച്ച് വിസ്തരിക്കുന്നില്ല.

''ഇന്ദുപുഷ്പം ചൂടിനില്‍ക്കും രാത്രി... 
ചന്ദനപ്പൂമ്പുടവ ചാര്‍ത്തിയ രാത്രി...''

മല്‍ഹാറിന്റെ ശുദ്ധശീതളമായ ചന്ദ്രികയായി ആ നീലനിശയിലേക്ക് ഉയരുന്നു. ശാന്തവും ബന്ധുരവുമായ വീണാക്വാണം... ചിത്ര പാടുന്നു. വൈശാലിയെ അണിയിച്ചൊരുക്കി അമ്മ അനംഗമന്ത്രങ്ങള്‍ കാതില്‍ മൂളുന്നു. തോണിപ്പാട്ടിന്റെ താളം എന്ന് എളുപ്പത്തില്‍ പറയാവുന്ന മിശ്രഗതിയില്‍ ആലാപനം നദിയിലൂടെ ഒഴുകുന്നു. 'വൈശാലി'യിലെ ഈ ഗാനത്തിനു വീണ്ടും ദേശീയ പുരസ്‌കാരം. ശ്രേഷ്ഠമായ ഗാനങ്ങള്‍ക്ക് ഏറ്റവും വലിയ പുരസ്‌കാരങ്ങള്‍ ലഭിക്കുന്നത് ഒരു അപൂര്‍വ്വതയാണ്.

ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്
ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്

വൈശാലിയില്‍ ചിത്ര പാടിയ മറ്റു രണ്ടു ഗാനങ്ങളും ഒന്നിനൊന്ന് മികച്ചതാണ്. ''ഇന്ദ്രനീലിമ യോലും'' പ്രകൃതിയും പ്രണയവും സമന്വയിക്കുന്ന വികാരത്തിന്റെ സംഗീത വിവര്‍ത്തനമാകുമ്പോള്‍, ''തേടുവതേതൊരു ദേവപദം'' പ്രണയ തപസ്വിനിയുടെ പരിദേവനവും കാമിനിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ വിജയമായുള്ള പ്രണയസാഫല്യവുമാണ്. ഒന്നാമത്തേത് ഹൃദയതാരള്യത്തിന്റെ പേലവനാദം... അടുത്തത് പ്രാര്‍ത്ഥനയ്‌ക്കൊപ്പം ആജ്ഞയുടെ പ്രഖ്യാപനവും. പ്രണയത്തിന്റെ മഹാപ്രയാണത്തിന്റെ ഗാംഭീര്യവും സൗന്ദര്യവും ഒന്നുചേരുന്ന നാദം.

പുരസ്‌കാരങ്ങള്‍ മികവിന്റെ അടയാളമാവണമെന്നില്ല. പക്ഷേ, മലയാളത്തില്‍ ഒരു പിടി സിനിമകള്‍ക്കു മാത്രം സംഗീതം ചെയ്ത രവി ബോംബെയുടെ ഈണത്തില്‍ ചിത്രയ്ക്ക് ലഭിച്ചത് നാല് സംസ്ഥാന അവാര്‍ഡും രണ്ട് ദേശീയ പുരസ്‌കാരവുമാണ്. ചില യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മയകരം തന്നെ.

തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗായിക കെ.എസ്. ചിത്രയാണെന്ന് ഇന്ത്യന്‍ സിനിമാ സംഗീതരംഗത്തെ മഹാപ്രതിഭ എം.എം. കീരവാണി പറഞ്ഞിട്ടുണ്ട്. 'ബാഹുബലി'യുടെ സംഗീതസംവിധായകനായി ലോകമാകെ പുകഴ്പെറ്റുനില്‍ക്കുമ്പോഴും തനിക്ക് കൂടുതല്‍ ഇഷ്ടം 'സൂര്യമാനസ'ത്തിലേയും  'ദേവരാഗ'ത്തിലേയും ഗാനങ്ങളാണ് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. 'സൂര്യമാനസ'ത്തിലെ  ''തരളിത രാവില്‍ മയങ്ങിയോ''  എന്ന ഭാവസാന്ദ്രമായ ഗാനം ചിത്രത്തില്‍ ആലപിക്കുന്നത് യേശുദാസ് ആണെങ്കിലും ചിത്രപാടിയ സുന്ദരമായ ഒരു വേര്‍ഷന്‍ കൂടി ഉണ്ട്. അക്കാലത്തുതന്നെ തമിഴ് ചിത്രമായ 'അഴക'നു വേണ്ടിയും ചിത്ര പാടിയിട്ടുണ്ട്.  ''തത്തിത്തോം ...തത്തകള്‍ ചൊന്നത് തത്തിത്തോം'' എന്നു തുടങ്ങുന്ന ഏറെ വ്യത്യസ്തമായ ഒരു ഗാനം. പശ്ചാത്തലത്തിലുള്ള ചെറിയൊരു താളവാദ്യത്തിനൊപ്പം അലങ്കാരങ്ങള്‍ ഒന്നുമില്ലാതെ തെളിഞ്ഞ ചിത്രയുടെ നാദം മാത്രം. പാടിപ്പാടി വികാരഭരിതയാകുന്ന നായിക. കര്‍ണാട്ടിക് ശൈലിയില്‍ സ്വരങ്ങള്‍ പാടി നിര്‍ത്തുന്നു. തുടര്‍ന്ന് ''എന്‍ കണ്ണനെ വാ''  എന്നു പാശ്ചാത്യമട്ടിലുള്ള ആലാപനം. ഏറെ വ്യത്യസ്തമായ ഒരു ഗാനമാണിത്. എന്നാല്‍, 1996-ല്‍ പുറത്തുവന്ന ഭരതന്‍ ചിത്രമായ 'ദേവരാഗ'ത്തിലെ ഗാനങ്ങളിലൂടെയാണ് ആ കൂട്ടുകെട്ട് സഫലമായത്. ''ശശികല ചാര്‍ത്തിയ ദീപാവലയം'' എന്നു തുടങ്ങുന്ന ഗാനം കേട്ടവരുടെയെല്ലാം മനം കവര്‍ന്നു. ഗാനസംവിധാനശൈലികൊണ്ടും പശ്ചാത്തലവാദ്യങ്ങളുടെ വിന്യാസംകൊണ്ടും വ്യത്യസ്തവും ശ്രദ്ധേയവുമായ ഈ ഗാനത്തില്‍ ചിത്രയുടെ നാദവും ആലാപനശൈലിയും പുതുമയുള്ളതായിരുന്നു. ഈ ചിത്രത്തില്‍ തന്നെ പി. ജയചന്ദ്രനോടൊത്ത് പാടിയ  ''ശിശിരകാല മേഘ മിഥുന രതിപരാഗമോ'' എന്ന ഗാനവും സൂപ്പര്‍ ഹിറ്റായി. ഹിന്ദോളരാഗത്തിന്റെ പുതുമയാര്‍ന്ന ഈ ആവിഷ്‌കാരത്തില്‍ നാദത്തിലെ ഭാവപ്പകര്‍ച്ചകൊണ്ട് ചിത്ര നമ്മെ വിസ്മയിപ്പിച്ചു. രതിഭാവം വഴിയുന്ന ''യയ്യയ്യാ... യാ... യാദവാ'' എന്ന ഗാനവും പുത്തന്‍ അനുഭൂതികളാണ് പകര്‍ന്നത്. ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ്  ''ശശികല ചാര്‍ത്തിയ''  എന്ന ഗാനത്തിനു ലഭിക്കുകയും ചെയ്തു. കീരവാണിയുടെ ഈണത്തില്‍ തെലുങ്കിലും ചിത്ര പാടി. ശുഭപന്തുവരാളിയുടെ ശോകം മുഴുവന്‍ പിഴിഞ്ഞ് 'മാതൃദേവോ ഭവ' എന്ന തെലുങ്കു ചിത്രത്തില്‍ കീരവാണി തീര്‍ത്ത ''വേണുവൈ വച്ചാനു'' എന്നു തുടങ്ങുന്ന ഗാനം അന്നാട്ടുകാരുടെ മുഴുവന്‍ ഹൃദയം കവര്‍ന്നു.

തമിഴിലും മലയാളത്തിലുമായി നിരവധി മെലഡികള്‍ വിദ്യാസാഗറിനുവേണ്ടി ചിത്ര പാടി. ''ദൂരെ മാമരക്കൊമ്പില്‍, ചൂളമടിച്ചു കറങ്ങിനടക്കും, ഒത്തിരി ഒത്തിരി ഒത്തിരി മോഹങ്ങള്‍'' 'പ്രണയ വര്‍ണ്ണങ്ങ'ളിലെ ''ആരോ വിരല്‍ നീട്ടി'' എന്ന വിഷാദഗീതം പാടുമ്പോള്‍ യേശുദാസും ചിത്രയും നല്‍കുന്നത് വ്യത്യസ്തമായ അനുഭൂതികളാണ്. ''നിന്റെയാര്‍ദ്ര ഹൃദയം തൂവല്‍ ചില്ലുടഞ്ഞ പടമായി'' എന്ന് ചിത്ര പാടിക്കേള്‍ക്കുമ്പോള്‍ ഒരു ചെറുതേങ്ങല്‍ ഉള്ളിലുലയുന്നു. എന്നാല്‍, കണ്ണീര്‍സൂചിപോലെ കരളിലേക്ക് തുളച്ചിറങ്ങുന്ന വികാരാര്‍ദ്രമായ ഒരു ഗാനം ഈ കൂട്ടുകെട്ടില്‍ ഏറെ ശ്രദ്ധേയമാണ്. ''സൂര്യനായെന്നും തഴുകിയുണര്‍ത്തുന്ന അച്ഛനെയാണെനിക്കിഷ്ടം'' എന്ന് ചിത്ര പാടിത്തുടങ്ങുമ്പോള്‍ ശ്രുതിയുടെ മാത്രം അകമ്പടിയോടെ ആ നാദം പടരുമ്പോള്‍ ഏത് അച്ഛന്റേയും കരള്‍ ഉരുകാതിരിക്കില്ല. സലില്‍ ചൗധരിയുടെ ഈണത്തില്‍ പാടിയ ''കാതില്‍ തേന്‍ മഴയായ്'' എന്ന ഗാനം മധുരംതന്നെയാണ് പകരുന്നത്. ഒ.എന്‍.വി-എം.ബി. ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന അവസാന ഗാനങ്ങളില്‍ ഒന്ന് പാടി അനശ്വരമാക്കാനുള്ള ഭാഗ്യം ചിത്രയ്ക്ക് ലഭിച്ചു. ''നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണച്ചിറകുള്ള പക്ഷീ...'' ഏറെ ശബ്ദനിയന്ത്രണത്തോടെയും ഭാവതാരള്യത്തോടെയും ചിത്ര പാടി വച്ചിരിക്കുന്നു.
 
അന്യഭാഷകളില്‍നിന്നു വന്ന സംഗീതസംവിധായകരുടെ ഈണങ്ങള്‍ ഇനിയുമുണ്ട്. 'കാക്കക്കുയില്‍' എന്ന ഒരൊറ്റ ചിത്രത്തിന് ഈണം പകര്‍ന്ന ദീപന്‍ ചാറ്റര്‍ജിയുടെ ''മേഘരാഗം നെറുകില്‍ തൊട്ടു...'' എന്നു തുടങ്ങുന്ന ഗാനത്തിന്റെ ആലാപനം ശ്രദ്ധിച്ചാല്‍ ചിത്ര എന്ന ഗായികയുടെ റേഞ്ച് മനസ്സിലാക്കാനാവും. ദേശ് രാഗത്തിന്റെ വശ്യമധുരമായ സഞ്ചാരത്തെ ചടുലതാളത്തിലൂടെ അവതരിപ്പിക്കുന്ന ഈ ഗാനം ഇടതടവില്ലാതെ നിരത്തിയ പദങ്ങളാലും ദ്രുതത്തിലുള്ള ആരോഹണാവരോഹണങ്ങളാലും പാടാന്‍ ഏറെ വൈഷമ്യമുള്ളതാണ്. ശ്വാസനിയന്ത്രണവും ഏറെ ആവശ്യമാണ് ഈ ഗാനത്തിന്. ഒരു ഇന്ദ്രജാലക്കാരന്‍ വായുവിലേക്ക് വര്‍ണ്ണപുഷ്പങ്ങളുടെ മാലകള്‍ തുരുതുരെ എടുത്ത് ചുരുള്‍നിവര്‍ത്തിക്കൊണ്ടിരിക്കുംപോലെ വിസ്മയകരമായും അനായാസമായും ചിത്ര പാടുന്നു. അനുസ്യൂതമായ  നാദവര്‍ഷം. അന്യഭാഷാ ഗാനങ്ങളെക്കുറിച്ച് പറയുമ്പോള്‍ ചിത്രയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ച രണ്ട് ഗാനങ്ങളെക്കൂടി പരാമര്‍ശിക്കേണ്ടതുണ്ട്. 'വിരാസത്തി'ലെ ''പായലിയാ ചുന്‍മുന്‍'' (ചിത്രത്തിന്റെ സംഗീതസംവിധാനം അനുമാലിക്കിന്റെ പേരിലാണെങ്കിലും ഈ ഗാനം ഇളയരാജയുടെ ഇഞ്ചിയിടുപ്പഴാകായുടെ സ്വതന്ത്രാനുകരണമാണ്) 'ഓട്ടോഗ്രാഫില്‍' പ. വിജയനെഴുതി ഭരദ്വാജ് സംഗീതസംവിധാനം നിര്‍വ്വഹിച്ച ''ഒവ്വൊരു പൂക്കളുമേ'' ഒരുപാട് പേര്‍ക്ക് ജീവിതത്തില്‍ ശുഭപ്രതീക്ഷയുംകൂടി നല്‍കിയ ഒരു പാട്ടാണ്. 

ഒരു നാദത്തിന്റെ  രണ്ട് ഷേയ്ഡുകള്‍ 

വര്‍ണ്ണങ്ങളെ നാദങ്ങളുമായി ബന്ധിപ്പിച്ച് ചിന്തിച്ചിട്ടുണ്ടോ? പലപ്പോഴും തോന്നാറുണ്ട്, ഓരോ സംഗീതസംവിധായകരും തങ്ങളുടെ ഗായകരുടെ നാദത്തിനു സ്വന്തമായി തീര്‍ത്ത നിറക്കൂട്ടില്‍  നിറങ്ങള്‍ കൊടുക്കുകയാണെന്ന്. ഒരേ നിറത്തിന്റെ തന്നെ ഏറെ വ്യത്യസ്തമായ ഷേയ്ഡുകള്‍ക്കായി അവര്‍ തപസ്സിരിക്കും. കെ.എസ്. ചിത്ര എന്ന നാദത്തിനു മനോഹരമായ വര്‍ണ്ണങ്ങള്‍ പകര്‍ന്ന രണ്ട് സംഗീതസംവിധായകരാണ് ജോണ്‍സണ്‍ മാഷും രവീന്ദ്രന്‍ മാഷും. ഒരേ രാഗത്തിന്റെ - നിറത്തിന്റെ - അപൂര്‍വ്വമായ ഷേയ്ഡുകള്‍ അവര്‍ മിശ്രണം ചെയ്തെടുത്തു. രവീന്ദ്രന്‍ മാഷോടായിരുന്നു ചിത്രയ്ക്ക് വൈകാരികബന്ധം കൂടുതല്‍ എന്നു തോന്നിയിട്ടുണ്ട്. മാഷുടെ സംഗീതസംവിധാന ശൈലി യുണീക്കാണ്. എപ്പോഴും രാഗത്തിന്റെ ഉള്ളിലൂടെ സഞ്ചരിച്ച് അതിന്റെ സൂക്ഷ്മകണങ്ങളെ കണ്ടെത്തി അതിലൂടെയുള്ള സാഹസികമായ ഒരു യാത്രയായി സ്വന്തം ഗാനങ്ങളെ മാറ്റാനായിരുന്നു അദ്ദേഹത്തിനിഷ്ടം. ഇടയ്ക്കിടെ ഹൃദയത്തില്‍നിന്നും ഊറിയിറങ്ങുന്ന അനുപമമായ മെലഡികളും അദ്ദേഹം സൃഷ്ടിച്ചു.

''സുന്ദര സ്വപ്നമേ നീ എനിക്കേകിയ
സ്വര്‍ണ്ണ ചിറകുകള്‍ വീശി''

എന്നു തുടങ്ങുന്ന പി. ഭാസ്‌കരന്റെ മനോഹരമായ ഗാനത്തെ ഓര്‍മ്മിപ്പിക്കുംവിധം 'മെയ്മാസ പുലരി'യില്‍ അദ്ദേഹത്തിന്റെ തന്നെ ഒരു പാട്ടുണ്ട്, രവീന്ദ്രന്‍മാഷുടെ ഈണത്തില്‍. പ്രത്യുഷ നിദ്രയിലെ ചിത്രപതംഗം ഇവിടെ ഒരു കുഞ്ഞു പൂമ്പാറ്റയായി മാറുന്നു. മലയമാരു തന്റെ ശീതളസ്പര്‍ശം നല്‍കുന്ന പ്രഭാതകാന്തിയായി ചിത്രയുടെ നാദം ചിറകുവീശുന്ന ഗാനം. പുലര്‍കാല സുന്ദരസ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി. രാഗബദ്ധമെങ്കിലും നല്ലൊരു ഭാവഗീതമായി ഈ കവിത. പാട്ടുകള്‍ ഇഷ്ടപ്പെടാന്‍ രാഗങ്ങള്‍ തിരയേണ്ടതില്ല, 'ദേശാടനക്കിളി കരയാറില്ല' എന്ന സിനിമയില്‍ ചിത്ര പാടിയ ''പൂവേണോ... പൂവേണോ'' എന്ന ഗാനം രവീന്ദ്രന്‍മാഷുടെ വേറിട്ടുനില്‍ക്കുന്ന ഒരു പാട്ടാണ്. തിരഞ്ഞെടുത്ത ഈണം (രാഗം) താളം, ഏറ്റവും പ്രധാനം ടെമ്പോ... ഗായികയുടെ മന്ദ്രസ്ഥായിയിലേയും താരസ്ഥായിയിലേയും ആലാപനശേഷിയെ വിദഗ്ദ്ധമായി ഉപയോഗിക്കുകയും വേണ്ടപോലെ മിശ്രണം ചെയ്യുകയും അങ്ങനെ ഒരു ഗാനത്തെ അപൂര്‍വ്വമാക്കുകയും ചെയ്തു അദ്ദേഹം.

ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്
ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്

ജോഗ് എന്ന ഹിന്ദുസ്ഥാനിരാഗത്തെ തന്റേതായ ശൈലിയില്‍ ആവിഷ്‌കരിച്ച ''വാര്‍മുകിലേ...വാനില്‍ നീ വന്നു നിന്നാല്‍'' എന്നു തുടങ്ങുന്ന മഴയിലെ ഗാനം പാടാന്‍ ഏറ്റവും അനുയോജ്യയായ ഗായിക ചിത്ര തന്നെയാണ്.  മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി മഴയായി മാറിയ, ലെനിന്‍ രാജേന്ദ്രന്‍ ചിത്രം സമ്മാനിച്ച ഏറ്റവും മനോഹരമായ രാഗശില്പം. 'നന്ദന'ത്തിലെ രണ്ടു ഗാനങ്ങളും എല്ലാത്തരം സംഗീതപ്രേമികളും ആസ്വദിച്ചു. ''കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍'' എന്ന ഗാനം വൈകാരികമായിത്തന്നെ മലയാളികള്‍ ഏറ്റെടുത്തു. ''കളഭം തരാം ഭഗവാനെന്‍'' എന്ന പാട്ടില്‍ ചിത്ര മനസ്സും വച്ചിരിക്കുന്നു. ഇനിയുമുണ്ട് രവീന്ദ്രന്‍മാഷുടെ ഈണത്തില്‍ ചിത്ര പാടിയ കുറെ ഗാനങ്ങള്‍. 'കിഴക്കുണരും പക്ഷി' എന്ന ചിത്രത്തിലെ ഗാനങ്ങളെക്കുറിച്ച് കൂടി പരാമര്‍ശിക്കാതെ വയ്യ. രാഗങ്ങള്‍ വര്‍ണ്ണങ്ങളാണ്. ഒരു ചിത്രകാരന്‍ വര്‍ണ്ണങ്ങളുടെ വ്യത്യസ്തമായ ഷേയ്ഡുകള്‍ ചാലിച്ചെടുക്കുന്നതുപോലെ സംഗീതജ്ഞര്‍ക്ക് ആ രാഗങ്ങളെ വ്യാഖ്യാനിക്കാനുമാവും. 'കിഴക്കുണരും പക്ഷി' എന്ന ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ ഏറെ ഇഷ്ടമാണ്. 

''ഹേ...കൃഷ്ണാ... ഘനശ്യാമ മോഹനാ കൃഷ്ണാ...'' എന്നത് !..ഹേ... എന്ന വിളിയില്‍ എത്ര സ്വരങ്ങള്‍.. എന്താണ് അതിലെ ഭാവം! മനുഷ്യസ്വരങ്ങളുടെ സംഘാലാപനംകൊണ്ട് പശ്ചാത്തല സംഗീതം രചിക്കപ്പെട്ട ഒരു ഗാനം. കേള്‍ക്കുംതോറും ഇഷ്ടമാവുന്നു, വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്നു. ഈ ഗാനം ചാരുകേശിയിലാണെന്നു തിരിച്ചറിഞ്ഞത് എത്രയോ കാലങ്ങള്‍ക്കു ശേഷമാണ്. അതെ, ചാരുകേശിയുടെ ആരും കാണാത്ത ഒരു ഷേയ്ഡ്. ഇനി ഈ ചിത്രത്തിനെ കഥയുടെ പര്യവസാനത്തെപ്പോലും ചേതോഹരമാക്കുന്ന മറ്റൊരു ഗാനം. ''അരുണകിരണമണിയും ഉദയം...'' ഒരു നിര്‍വൃതിയായി മീര പാടുന്നു. അനുപമസ്വര ജതി അതിലൊരു നിര്‍വൃതി മീര...

രാഗബദ്ധം, ചടുലതാളം

താരസ്ഥായിയിലെ സ്വരപരീക്ഷണങ്ങള്‍... മനസ്സില്‍ ആഴത്തില്‍ ഒരു മുറിവായി, മീരയായി ലവങ്കി എന്ന രാഗം അടയാളപ്പെടുന്നു. രവീന്ദ്രന്‍ മാസ്റ്റര്‍ക്ക് ചിത്രയോട് ഏറെ വാത്സല്യമായിരുന്നു, ''വാര്‍മുകിലേ'' മാസ്റ്ററുടെ വീട്ടില്‍ സജ്ജീകരിച്ച സ്റ്റുഡിയോയിലാണ് റെക്കോര്‍ഡ് ചെയ്തത്. ചിത്രയോട് പാടാന്‍ പറഞ്ഞ് മാസ്റ്റര്‍ പുറത്തിരുന്നു. പാടിക്കഴിഞ്ഞ ശേഷം ചെന്ന് കേട്ടു. ഉടനെതന്നെ ഗാനരചയിതാവ് യൂസഫലി കേച്ചേരിയെ ഫോണില്‍ വിളിച്ചു പാട്ട് കേള്‍പ്പിച്ചു. 

''കേട്ടോ എന്റെ മോള്‍ പാടിയിരിക്കുന്നത്...'' എന്ന ആമുഖത്തോടെ. ആ വാക്കുകളില്‍ വാത്സല്യവും അഭിമാനവും തുളുമ്പിനിന്നു. ആ ഗാനത്തിന് ചിത്രയ്ക്ക് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. 

ഏറെ വ്യത്യസ്തനായ ഒരു സംഗീതസംവിധായകനാണ് ജോണ്‍സണ്‍ മാസ്റ്റര്‍. നാട്ടുപൂക്കളുടെ മണവും ഇനിപ്പുമുള്ള മെലഡികളുടെ ലോകമാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചത്. സിനിമയുടെ  കഥാപശ്ചാത്തലവുമായും കഥാപാത്രത്തിന്റെ ഗുണങ്ങളുമായും ചേര്‍ന്നുനില്‍ക്കുന്ന സംഗീതമാണ് അദ്ദേഹം ചമച്ചിരുന്നത്. ഉപകരണ വിന്യാസത്തില്‍പോലും അദ്ദേഹം ഈ സൂക്ഷ്മത പുലര്‍ത്തിയിരുന്നു. ജോണ്‍സണ്‍-ചിത്ര കൂട്ടുകെട്ടില്‍ പിറന്ന പാട്ടുകള്‍ ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിവരുന്നത് ദാവണിയും  പിന്നിയിട്ട മുടിയില്‍ കനകാംബരപ്പൂമാലയും ഒരല്പം കുസൃതിയുമായി നാടോടിച്ചിന്തുപോലെ കിലുങ്ങുന്ന ഒരു ഗാനമാണ്. ''തങ്കത്തോണി തെന്മലയോരം കണ്ടേ...'' സത്യന്‍ അന്തിക്കാടിന്റെ 'മഴവില്‍ക്കാവടി'യിലെ പ്രസിദ്ധ ഗാനം. ചിത്രയുടെ നാദത്തിലെ തെളിച്ചവും പ്രസാദാത്മകതയും ഏറ്റവും നന്നായി പ്രതിഫലിക്കുന്ന ഗാനം. ഈ പാട്ടിലെ വോയ്സ് ത്രോ പ്രത്യേകിച്ചും എടുത്തുപറയേണ്ടതാണ്. വല്ലാത്തൊരു ഊര്‍ജ്ജം പകരുന്ന ഗാനം. 'നോക്കെത്താ ദൂര...'ത്തില്‍ നാദിയയുടെ കഥാപാത്രത്തിനു ചേരുന്നതുപോലെ ഈ ഉര്‍വ്വശി കഥാപാത്രത്തിനും ഏറെ ചേരുന്നുണ്ട് ചിത്രയുടെ നാദം. എന്തൊക്കെയോ കാരണങ്ങള്‍കൊണ്ട് ഈ പാട്ടിനോട് ചേര്‍ന്നുനില്‍ക്കുന്നു 'സല്ലാപ'ത്തിലെ ''പഞ്ചവര്‍ണ്ണ പൈങ്കിളി പെണ്ണേ''  എന്ന ഗാനം. ഇതിലും നായികയുടെ ഉല്ലാസപ്രഹര്‍ഷം എത്രയെന്ന് ചിത്രയുടെ നാദം വെളിവാക്കുന്നു. ''കുന്നിമണിച്ചെപ്പു തുറന്നെണ്ണിനോക്കും'' എന്ന പാട്ട് കുറേക്കൂടി ഒതുങ്ങിയ ഒരു നാടന്‍ പെണ്‍കിടാവിന്റെ മനോഗതത്തെ പ്രകാശിപ്പിക്കുന്നു. ''മാംഗല്യപ്പൂവിലിരിക്കും, കണ്ണാടിക്കയ്യില്‍ കല്യാണം കണ്ടോ'' പെണ്‍കിടാങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും പ്രകാശിപ്പിക്കുന്ന ഗാനങ്ങള്‍ ഇനിയുമുണ്ട്. ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു ഗാനം 'ഒരു കഥ ഒരു നുണക്കഥ'യിലുണ്ട്. ''അറിയാതെ, അറിയാതെ  എന്നിലെ എന്നില്‍ നീ കവിതയായ് വന്നു തുളുമ്പി'' എം.ഡി. രാജേന്ദ്രന്റെ കവിതയുടെ അര്‍ത്ഥതലത്തിനും ഭാവഭംഗിക്കുമനുസരിച്ച് മ്യൂസിക് ട്രീറ്റും മാറുന്നു. ബിഹാഗിന്റെ മധുരമോഹനമായ തഴുകല്‍കൊണ്ട് വരികളെ ചന്തപ്പെടുത്തിയിരിക്കുന്നു. ഹിന്ദുസ്ഥാനി മൂഡ് പകര്‍ന്ന് തബലയുടെ വാദനം. പാട്ടിന്റെ ഭാവത്തിനു ചേരുംവിധം അല്പം ഒതുക്കിയ നാദത്തില്‍ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച് ചിത്ര ആലപിക്കുന്നു. ഇടയ്ക്ക് ശ്വാസം എടുക്കുന്നത് ഓരോ മാത്ര കേള്‍ക്കുന്നത് ഗാനത്തിനു കൂടുതല്‍ ഫീല്‍ നല്‍കുന്നുണ്ട്. 
ജോണ്‍സണ്‍മാഷുടേത് ഇളം നിറക്കൂട്ടുകളാണ്. വീണ്ടും വീണ്ടും കേള്‍ക്കുമ്പോള്‍ കൂടുതല്‍ ഇഷ്ടമാകുന്ന ഇനങ്ങള്‍. രവീന്ദ്രന്‍ മാഷുടേത് കുറേക്കൂടി കടുംനിറക്കൂട്ടുകളാണ്. അതുപോലെ, സന്ദര്‍ഭം ആവശ്യപ്പെട്ടാല്‍ മാത്രമേ ശാസ്ത്രീയ സംഗീതത്തിന്റെ ശൈലി ജോണ്‍സണ്‍ മാഷ് പാട്ടുകളിലേക്ക് കൊണ്ടുവരാറുള്ളു. ഏറ്റവും നല്ല ഉദാഹരണം 'സവിധം' എന്ന ചിത്രമാണ്. വലിയ സംഗീതസംവിധായകനായ രാംജി (നെടുമുടി) കേന്ദ്ര കഥാപാത്രമായി വരുന്നതിനാല്‍തന്നെ  ''ബ്രഹ്മകമലം ശ്രീലകമാകിയ'' എന്ന ഗാനം മലയമാരുതത്തിന്റെ ഛായയില്‍ തീര്‍ത്തു. ''മൗനസരോവരമാകെ ഉണര്‍ന്നു'' എന്ന ഗാനം കാപ്പിയുടെ വ്യത്യസ്തമായ ഒരു ഷെയ്ഡിലാണ് തീര്‍ത്തിരിക്കുന്നത്. ശ്രുതി മാത്രം വച്ചുകൊണ്ടുള്ള ആദ്യത്തെ ആലാപനം എത്ര ജ്ഞാനഭാവത്തോടെയാണ് ചിത്ര അവതരിപ്പിക്കുന്നത്! കര്‍ണാടക സംഗീതത്തിലുള്ള പരിജ്ഞാനം ഈ ഗാനത്തെ അനായാസമധുരമായി ആലപിക്കാന്‍ അവരെ സഹായിച്ചു. 1992-ല്‍ മികച്ച ഗായികയായി ചിത്ര വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 'സല്ലാപ'ത്തില്‍ നായക കഥാപാത്രമായി വരുന്നത് ഒരു ഗായകനാണ്. നായികാനായകന്മാര്‍ വേദിയില്‍ ആദ്യമായി ഒരുമിച്ചുപാടുന്ന ''പൊന്നില്‍ കുളിച്ചുനിന്നു ചന്ദ്രികാ വസന്തം'' എന്ന ഗാനത്തില്‍ ദര്‍ബാറി കാനഡയുടെ രാഗഭാവം ചിത്ര മനോഹരമായി പകര്‍ത്തി. ചമയത്തിലെ ''രാജഹംസമേ...'' എന്ന ഗാനത്തില്‍ ഹിന്ദോളത്തിന്റെ ചാരുത എത്ര നന്നായാണ് ചിത്ര ആവിഷ്‌കരിച്ചിരിക്കുന്നത്. 'ഞാന്‍ ഗന്ധര്‍വ'നില്‍ ഗന്ധര്‍വനെ പ്രതീക്ഷിച്ചിരിക്കുന്ന നായികയുടെ  പ്രണയഗീതം മറക്കാനാവുമോ? ഗിരിശൃംഗത്തില്‍നിന്നും ഒഴുകിയിറങ്ങുന്ന വാഹിനിയുടെ അനായാസവും അനുസ്യൂതവുമായ ഒഴുക്കായി ചിത്രയുടെ ആലാപം. ''പാലപ്പൂവേ നിന്‍ തിരുമംഗല്യത്താലി തരൂ...'' കാപ്പിയുടെ തികച്ചും വ്യത്യസ്തമായ ഒരനുഭവം. അനന്യസുന്ദരമായ ഗാനം. 

ചിത്രയുടെ വോയ്സ് ടെക്സ്ചറിനെ ഏറെ വ്യതിരിക്തമായി ഉപയോഗപ്പെടുത്തിയ ജോണ്‍സണ്‍ മാഷുടെ രണ്ടു ഗാനങ്ങളെക്കൂടി ഓര്‍മ്മിക്കുന്നു. 'മാനത്തെ വെള്ളിത്തേ'രിലെ ഫോക്കും വെസ്റ്റേണ്‍ മ്യൂസിക്കും മിക്സ് ചെയ്തെടുത്ത ഗാനങ്ങള്‍. ഒന്ന്, ''മാനത്തെ വെള്ളിത്തേരില്‍ പൂരം കാണാന്‍'' പിന്നെ ''അന്തിമാനച്ചോപ്പു മാഞ്ഞു...'' 1999-ല്‍ ചിത്രയ്ക്ക് സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ''പുലരൊളിയും പകല്‍മുകിലും'' എന്ന മനോഹരമായ മെലഡിയും മറക്കാനാവില്ല. ജോണ്‍സണ്‍-ചിത്ര കൂട്ടുകെട്ടില്‍ കേള്‍ക്കാന്‍ വിട്ടുപോകരുതാത്ത ഗാനങ്ങളാണിവ. 

പരിമിതികളെ ഉല്ലംഘിച്ച പരിശ്രമങ്ങള്‍ 

ആരും സമ്പൂര്‍ണ്ണരല്ല... ചിത്ര എന്ന ഗായികയ്ക്കും ഉണ്ടായിരുന്നു ചില കുറവുകള്‍. ചിത്രയുടെ ആലാപനത്തിനു ഭാവഭംഗി കുറവാണെന്ന വിമര്‍ശനം ഉന്നയിച്ച ആസ്വാദകരും ഉണ്ടായിരുന്നു. ഒരുപക്ഷേ, അത്തരം ഒരു ന്യൂനപക്ഷം ഇന്നും ഗാനാസ്വാദകര്‍ക്കിടയിലുണ്ട്. അതില്‍ ഭാഗികമായ സത്യമുണ്ടെന്നും കാണാതെ വയ്യ. ചിത്ര തന്നെ പലപ്പോഴും തന്റെ ആലാപനങ്ങളിലുള്ള ആത്മസംതൃപ്തിക്കുറവ് തുറന്നുപറഞ്ഞിട്ടുണ്ട്. ഓരോ ഗാനവും പാടിക്കഴിയുമ്പോള്‍ അത് കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തനിക്കു തോന്നാറുണ്ട് എന്നവര്‍ ആത്മാര്‍ത്ഥമായി പറയുന്നു. പെര്‍ഫെക്ഷന്‍ ആഗ്രഹിക്കുന്ന ഒരു യഥാര്‍ത്ഥ കലാകാരിയുടെ സ്വയം വിമര്‍ശനങ്ങള്‍. ഏതു കാര്യത്തിലാണ് കൂടുതല്‍ മെച്ചപ്പെടണം എന്ന് ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിനു നിസ്സംശയം ഭാവത്തിന്റെ കാര്യത്തില്‍ എന്നവര്‍ ഒരു അഭിമുഖത്തില്‍ മറുപടിയും പറയുന്നുണ്ട്. ഇത് വളരെ സങ്കീര്‍ണ്ണമായ ഒരു വിഷയമാണ്. കാരണം, ആസ്വാദനം തികച്ചും വ്യക്തിപരമായ ഒരു പ്രക്രിയയാണ്. നേരത്തെ സൂചിപ്പിച്ചപോലെ പി. സുശീലയും എസ്. ജാനകിയുമൊക്കെ ചേര്‍ന്ന് തീര്‍ത്തുവച്ച ഒരു ആസ്വാദന സമ്പ്രദായം ഇവിടെ ഉണ്ടായിരുന്നു. മാത്രമല്ല, തെക്കാകട്ടെ വടക്കാകട്ടെ നമ്മള്‍ സ്‌നേഹിച്ച പ്രമുഖ ഗായികമാര്‍ക്കെല്ലാംതന്നെ നാദത്തില്‍ അനുനാസികത്തിന്റെ ഒരു സൗന്ദര്യം ജന്മസിദ്ധമായിത്തന്നെ ഉണ്ടുതാനും. ഒരുപക്ഷേ, ചിത്രയുടെ നാദത്തില്‍ ഇല്ലാതെ പോകുന്ന അനുനാസികത്തിന്റെ ഈ ചന്തമാണ് എസ്. ജാനകിക്കും ലതാജിക്കും  ആശ ബോസ്ലേയ്ക്കും വാണിജയറാമിനുമൊക്കെ ഉള്ളത്. പി. സുശീലയ്ക്ക് ഇതോടൊപ്പം നാദത്തിനുള്ള സാന്ദ്രതയും മുഴക്കവും തുണയായി. ജാനകിയമ്മ ചിത്രയ്ക്കു നല്‍കിയ പല ഉപദേശ നിര്‍ദ്ദേശങ്ങളും അവരുടെ ആലാപനശൈലിയെ ഗുണപരമായി മാറ്റുവാന്‍ സഹായിച്ചിട്ടുണ്ട്. പ്രത്യേകിച്ചും സ്റ്റേജ്ഷോകളില്‍. നേരത്തെ സൂചിപ്പിച്ചപോലെ മഹാരഥന്മാരായ സംഗീതസംവിധായകരുടെ നിഷ്‌കര്‍ഷകളും ചിത്രയെ പുതുക്കി. അവര്‍ സ്വയം പുതുക്കാനും മെച്ചപ്പെടുത്താനും സദാ പരിശ്രമിക്കുകയും ചെയ്തു. അതില്‍ ഉണ്ടായ വിജയങ്ങളെക്കുറിച്ചാണ് നമ്മള്‍ പറഞ്ഞുകൊണ്ടിരുന്നത്. ഇതുവരെ പറഞ്ഞതിനു തികച്ചും വിരുദ്ധമായ ഒരു യാഥാര്‍ത്ഥ്യംകൂടി നിലനില്‍ക്കുന്നുണ്ട്. കേട്ടുപഴകിയ ഗായികമാരില്‍നിന്നും തികച്ചും വ്യത്യസ്തമായ ഒരു ശബ്ദം.

ഒരു മുന്‍വിധിയും ഇല്ലാതെ സംഗീതസംവിധായകന് ഏതുതരം ഗാനങ്ങളും ഏല്പിച്ചുകൊടുക്കാവുന്ന സുന്ദരമായ നവനാദം. പിന്നെ വളരെ പുതിയ നായികമാര്‍ക്ക്, പെണ്‍കിടാങ്ങള്‍ക്ക് ഇണങ്ങുന്ന-പ്രായത്തിന് ചേരുന്ന നാദം. ഒരുപക്ഷേ, ഏതാണോ ഇല്ലാതിരുന്നത് അതാവാം ചിത്രയെ തുണച്ചത്. പിന്നെ വാണിജയറാമിന്റെ കാര്യത്തിലെന്നപോലെ കര്‍ണാടക ശാസ്ത്രീയ സംഗീതത്തിലുള്ള നല്ല ജ്ഞാനം.

ഇനി ഭാഷയുടേയും ഉച്ചാരണത്തിന്റേയും ഭാഗം. നാഗര്‍കോവില്‍ വളരെ അടുത്തായിരുന്നതുകൊണ്ട് തമിഴ് ഭാഷ തനിക്ക് അന്യമായിരുന്നില്ലെന്ന് ചിത്ര എപ്പോഴും പറയാറുണ്ട്. എന്നാലും തമിഴ്മക്കളുടെ തമിഴ് ഉച്ചാരണം അതുപോലെ വരാന്‍ ചിത്ര സ്വയം പരിശീലിച്ചിട്ടുണ്ട്. തമിഴിലെ മഹാനായ ഗാനരചയിതാവ് വൈരമുത്തു അക്കാര്യത്തില്‍ അവര്‍ക്കുവേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സുശീലാമ്മയുടെ തിരഞ്ഞെടുത്ത ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്ത കാസറ്റ് നല്‍കിക്കൊണ്ട്, അതുകേട്ടുകൊണ്ടിരുന്നാല്‍ തമിഴ് ആക്സന്റ് മികച്ചതാവുമെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ അതനുസരിച്ച് പരിശീലിച്ചു. തെലുങ്കുച്ചാരണം മെച്ചപ്പെടുത്താന്‍ എസ്.പി.ബി നന്നായി സഹായിച്ചു. കൂടാതെ കീരവാണിയുടേയും മറ്റും ഓര്‍ക്കസ്ട്ര ടീമിലെ അംഗങ്ങളും തെലുങ്കുച്ചാരണം നന്നാക്കാന്‍ സഹായിച്ചു. ഇതെല്ലാം ചിത്ര തന്നെ പലപ്പോഴായി പറഞ്ഞ കാര്യങ്ങളാണ്. എല്ലാ വിമര്‍ശനങ്ങളേയും നിര്‍ദ്ദേശങ്ങളേയും വളരെ ധനാത്മകമായി എടുക്കാനുള്ള വലിയൊരു മനസ്സ് അവര്‍ക്കുണ്ടായിരുന്നു എന്നുവേണം മനസ്സിലാക്കാന്‍. ആദ്യകാലത്ത് മദിരാശിയിലെ സ്റ്റുഡിയോയില്‍ റിക്കാര്‍ഡിംഗ് കഴിഞ്ഞ് പുറത്തുവരുമ്പോള്‍ അരികെവന്ന് ഉപകരണവാദകര്‍ നല്‍കിയ അനുമോദനങ്ങളും നിര്‍ദ്ദേശങ്ങളും പോലും ഇന്നും അവര്‍ വിലമതിക്കുന്നു എന്ന് അവരുടെ പല വേദികളിലുള്ള വര്‍ത്തമാനങ്ങളില്‍നിന്നും നമുക്ക് മനസ്സിലാക്കാം. അതെ, വളരെ ലളിതവും സുന്ദരവുമായ തെളിഞ്ഞ ഒരു പാട്ടാണ് കെ.എസ്. ചിത്ര.

എം.ജി. രാധാകൃഷ്ണന്‍ സാറാണ് കെ.എസ്. ചിത്ര എന്ന ഗായികയെ നമുക്ക് സമ്മാനിച്ചത് എന്നു നേരത്തെ സൂചിപ്പിച്ചതാണല്ലോ. അദ്ദേഹത്തിന്റെ ഈണത്തില്‍ ചിത്ര ആലപിച്ച ഏതാനും ഗാനങ്ങളെക്കൂടി പരാമര്‍ശിക്കേണ്ടതുണ്ട്. 'ദേവാസുര'ത്തിലെ ''അംഗോപാംഗം സ്വരമധുരം'' എന്ന ഗാനം. ആത്മാഭിമാനത്തിനു മുറിവേറ്റ നായികയുടെ (രേവതി) രോഷം പ്രകടമാകുന്ന നൃത്തരംഗം.  ചിത്രയുടെ ശാസ്ത്രീയസംഗീത ജ്ഞാനവും ശബ്ദത്തിന്റെ പഞ്ചും ത്രോയുമെല്ലാം ഈ ഗാനത്തില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു. രേവതിയുടെ നൃത്തത്തിനൊപ്പം, അതിലേറെ നമ്മെ പിടിച്ചിരുത്തുന്നത് ചിത്രയുടെ ശക്തമായ ഈ ആലാപനമാണ്. 'മണിച്ചിത്രത്താഴി'ലെ ശോഭനയുടെ പെര്‍ഫോമന്‍സിലും ചിത്രയുടെ ആലാപനത്തിന്റെ ശക്തി വലിയൊരു ഘടകമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നാഗവല്ലിയുടെ കോപവും താപവും ശാപവും എല്ലാം രസങ്ങളായി ശോഭന എന്ന അനുഗൃഹീത നടിയുടെ മുഖത്ത് വിരിയുമ്പോള്‍ അതിനുള്ള ഭാവങ്ങള്‍ ചിത്രയുടെ കനവും ഭംഗിയുമുള്ള നാദത്തിലും വിരിയുന്നു. കുന്തളവരാളിയുടെ വെങ്കലപ്രഭ തെളിയുന്ന ഗാനം: ''ഒരു മുറൈ വന്ത് പാര്‍ത്തായാ...'' രോഷപ്രകടനമെല്ലാം കഴിഞ്ഞ് രാമനാഥന്‍ അരികിലെത്തുമ്പോള്‍ ''ഒരു മുറൈ വന്ത് പാര്‍ത്തായാ...'' എന്ന് ഒരു വിലാപംപോലെ ദയനീയമായി ചോദിക്കുന്ന ഇടത്ത് ചിത്രയുടെ വോയ്സ് റെന്‍ഡിങ് അനുപമമാണ്. ഇതേ ചിത്രത്തിലെ, ഏകാകിനിയുടെ കാത്തിരിപ്പിന്റെ നോവു കലര്‍ന്ന ഭാവഗീതം മറ്റൊരു തരത്തിലുള്ള വോയ്സിലാണ് ചിത്ര ആലപിച്ചിരിക്കുന്നത്. ''വരുവാനില്ലാരുമീ വിജനമാം''  എന്ന  ഒരു നീര്‍ച്ചാലിന്റെ ശാന്തവും വിഷാദഭരിതവുമായ ഒഴുക്ക്. മിഥുനത്തിലെ ''ഞാറ്റുവേലക്കിളിയേ...'' എന്ന ഗാനത്തിന്റെ സംവിധാനവും ആലാപനശൈലിയും ഉല്ലാസപ്രദമാണ്. 'കാശ്മീര'ത്തിലെ ''പോരു നീ വാരിളം ചന്ദ്രലേഖേ...'' എന്ന ഗാനത്തില്‍ എം.ജി. രാധാകൃഷ്ണന്റെ രാഗത്തില്‍നിന്ന് അതിന്റെ സത്ത പിഴിഞ്ഞെടുത്ത് മെലഡി തീര്‍ക്കാനുള്ള കഴിവ് പ്രകടമാകുന്നു. മലയാളത്തിലെ സംഗീത സംവിധായകരെ എടുത്ത് ചിത്രയുടെ ആലാപനം വിശകലനം ചെയ്യാന്‍ ഇരുന്നാല്‍ അത് അവസാനിക്കുകയില്ലെങ്കിലും മനസ്സില്‍ തങ്ങിയ ഒരുപിടി ഗാനങ്ങള്‍ കൂടി എടുത്തു പറയേണ്ടതുണ്ട്. അപ്പോഴും ഏറ്റവും മികച്ച ഒരുപാട് ഗാനങ്ങള്‍ പറയാന്‍ വിട്ടുപോകുമെന്നതിനും സംശയമില്ല.

1993-ല്‍ പുറത്തുവന്ന 'ആകാശദൂത്' എന്ന ചിത്രത്തിനുവേണ്ടി ഔസേപ്പച്ചന്റെ ഈണത്തില്‍ ചിത്ര പാടിയ ആ ഉല്ലാസഗീതം ഒരു ഹിറ്റായിരുന്നു. ''കാട്ടിലെ മൈനയെ പാട്ടു പഠിപ്പിച്ചതാരോ...'' ടെമ്പോ കൂടുതലുള്ള പാട്ടുകള്‍ അനായാസമധുരമായി പാടാനുള്ള അവരുടെ കഴിവ് ഈ ഗാനത്തില്‍ കേള്‍ക്കാനാവും. പ്രസന്നവും ദീപ്തവുമായ  ആലാപനം. ഔസേപ്പച്ചന്റെ തന്നെ ഈണത്തില്‍ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ച ഒരു ഗാനം 'ആയുഷ്‌കാല'ത്തില്‍ ഉണ്ട്. ''മൗനം സ്വരമായ് ഈ പൊന്‍വീണയില്‍'' ഒരു യുഗ്മഗാനമാണെങ്കിലും ചിത്രയുടെ നാദത്തിലാണ് ഈ ഗാനം മനസ്സിലുള്ളത്.

ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത 'ശമനതാളം' എന്ന ശ്യാമപ്രസാദ് സീരിയലിലെ ഒരു ഗാനം മനസ്സു പിടിച്ചടക്കിക്കളഞ്ഞു. റഫീഖ് അഹമ്മദിന്റെ വല്ലാത്തൊരു കവിതയ്ക്ക് എം. ജയചന്ദ്രന്‍ തീര്‍ത്ത സമാനതകളില്ലാത്ത ഒരു ഈണം.

''മണ്‍വീണയില്‍ മഴ ശ്രുതിയുണര്‍ത്തി
മറവികള്‍ എങ്ങോ ഹരിതമായി... '

ഹൃദയമാകുന്ന പുലര്‍കാല നദി ഒഴുകുകയാണ്. അതെ. ഹൃദയത്തിന്റെ ആ ഒഴുക്കുതന്നെയാണ് ഇതില്‍ ചിത്രയുടെ ആലാപനം. പിന്നീട് ശ്യാമപ്രസാദിന്റെ തന്നെ 'അകലെ' എന്ന ചിത്രത്തിനുവേണ്ടി ''അകലെ...അകലെ... ആരോ പാടും''  എന്ന് ഉള്ളുനോവിച്ചുകൊണ്ട് ചിത്ര പാടി. 'ഗൗരീശങ്കരം' എന്ന ചിത്രത്തിനുവേണ്ടി  ''കണ്ണില്‍ കണ്ണില്‍ മിന്നും...'' എം.ജെയുടെ സംഗീതത്തില്‍ ചിത്ര പാടിയ വശ്യമായ ഒരു ഗാനമാണ്. 'നോട്ടം' എന്ന ചിത്രത്തിനുവേണ്ടി ഏറെ വ്യത്യസ്തമായ ടോണില്‍ പാടിയ  ''മയങ്ങിപ്പോയി... ഞാന്‍ മയങ്ങിപ്പോയി'' എന്ന ഗാനം പകര്‍ന്ന അനുഭൂതി... മറ്റൊരു സ്റ്റേറ്റ് അവാര്‍ഡ് ഈ ഗാനത്തെ തേടിയെത്തി. 

കെ.എസ്. ചിത്രയ്ക്കു ലഭിച്ച അവാര്‍ഡുകള്‍ നിരവധിയാണ്. കേരള സര്‍ക്കാരിന്റെതന്നെ പതിനാറ് സംസ്ഥാന അവാര്‍ഡുകള്‍. ആറ് ദേശീയ പുരസ്‌കാരങ്ങള്‍. തമിഴ് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡ്. ആന്ധ്രാസര്‍ക്കാറിന്റെ ലതാമങ്കേഷ്‌കര്‍ അവാര്‍ഡ്... മറ്റു സംസ്ഥാന സര്‍ക്കാരുകളുടെ അവാര്‍ഡുകള്‍ വേറെയും. പിന്നെ പത്മശ്രീയും പത്മഭൂഷണും ഇതൊക്കെ ഏതു കലാകാരനെയാണ് മോഹിപ്പിക്കാത്തത്?

ഫോട്ടോ: എ സനേഷ്/ എക്സ്പ്രസ്
ഫോട്ടോ: എ സനേഷ്/ എക്സ്പ്രസ്

തീരാതെ... തോരാതെ

ഒരു അന്യഭാഷാ സംഗീതസംവിധായകന്‍ എന്ന നിലയില്‍ മാറ്റിനിര്‍ത്താനാവാത്തവിധം മലയാളികളുടെ മനസ്സുകളോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു പേരാണ് എസ്.പി. വെങ്കിടേഷ്. സാധാരണക്കാരായ സംഗീതാസ്വാദകര്‍പോലും പാടിനടക്കുന്ന ഒട്ടേറെ പാട്ടുകളുണ്ട് അദ്ദേഹത്തിന്റെ സംഗീതത്തില്‍. ''തളിര്‍വെറ്റിലയുണ്ടോ വരദക്ഷിണ വയ്ക്കാന്‍'' എന്ന 'ധ്രുവ'ത്തിലെ ഗാനം, ആ ചിത്രത്തിനും കഥാപാത്രത്തിനും പ്രത്യേക പരിവേഷം നല്‍കുന്നു. 'തുടര്‍ക്കഥ' എന്ന ചിത്രത്തില്‍ എസ്.പി. വെങ്കിടേഷിന്റെ ഈണത്തില്‍ എം.ജി. ശ്രീകുമാറിനൊപ്പം ചിത്ര പാടുന്നുണ്ട്. ''ആതിര വരവായി...''  ശ്രീകുമാര്‍ നന്നായി പാടിയ ഈ ഗാനത്തിന്റെ അവസാന ഭാഗത്തില്‍ ഒരു ആലാപനവുമായിട്ടാണ് ചിത്ര വരുന്നത്. അവിടുന്നങ്ങോട്ട് ഗാനത്തിന്റെ തലം ഉയരുന്നു. ആലാപിനുശേഷം ശ്രുതിയോട് ചേര്‍ന്ന് വിരുത്തം പോലെ ''ആതിര വരവായി'' എന്ന പല്ലവി മാത്രമാണ് ചിത്ര പാടുന്നത്. എന്നിട്ടും ഇത് ചിത്രയുടെ ഗാനമായി അനുഭവപ്പെടുന്നു. 

ഒരുപാട് ഗാനങ്ങള്‍ എസ്.പി. വെങ്കിടേഷിനുവേണ്ടി ചിത്ര പാടിയിട്ടുണ്ട്. 'സോപാന'ത്തിലെ ഈ ഗാനത്തെക്കൂടി നിരീക്ഷിക്കാം. ജോഗിന്റെ രാഗഭംഗി പകര്‍ന്നുതരുന്നു ഈ ഗാനം. ''പൊന്‍ മേഘമേ...ശലഭങ്ങളേ...'' ചിത്രയ്ക്ക് ഒരിക്കല്‍കൂടി സംസ്ഥാന പുരസ്‌കാരം. 'സാന്ത്വനം' എന്ന ചിത്രത്തിനുവേണ്ടി മോഹന്‍ സിത്താരയുടെ ഈണത്തില്‍ പാടിയ ''സ്വരകന്യകമാര്‍ വീണ മീട്ടുകയായ്...'' എന്ന ഗാനവും പുരസ്‌കാരത്തിന് അര്‍ഹമായിട്ടുണ്ട്.
പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥിന്റെ ഈണത്തില്‍ പത്മരാജന്റെ 'തൂവാനത്തുമ്പിക'ളിലും 'ഇന്നലെ'യിലും ചിത്ര പാടി. വേണുഗോപാലിനൊപ്പം ''ഒന്നാം രാഗം പാടി'' എന്ന ഗാനം ആദ്യം. പിന്നെ 'ഇന്നലെ'യിലെ ആ അപൂര്‍വ്വ സുന്ദരഗാനം. ''കണ്ണില്‍ നിന്‍ മെയ്യില്‍'' കൈതപ്രത്തിന്റെ മോഹനമായ രചന. ഈ ഗാനം നല്‍കിയ അനുഭൂതി എന്തെന്ന് പറഞ്ഞറിയിക്കാന്‍ പ്രയാസമാണ്. രവീന്ദ്രനാഥന്‍ സാറിന്റെ വല്ലാത്തൊരു കോമ്പസിഷന്‍. ഈ ഗാനം ചിത്രയ്ക്ക് നല്‍കിയ വലിപ്പം വലുത് തന്നെയാണ്. ഒരു പാട് വെല്ലുവിളികളുള്ളൊരു ഗാനം. കവി പറഞ്ഞതുപോലെ ആ കോലക്കുഴല്‍ക്കിളിക്കുഞ്ഞ് കാണുന്നതെല്ലാം സ്വപ്നാത്മകമാക്കി.

'നരന്‍' എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ആ  താരാട്ട് ഒരുപാട് ആസ്വാദകരെ ആകര്‍ഷിച്ചിരുന്നു. ദീപക്ദേവിന്റെ ഉള്ളുതൊടുന്ന സംഗീതം. ''ഓമല്‍ കണ്‍മണി ഇതിലേ വാ...'' ഗാനങ്ങള്‍ തീരുന്നില്ല. ഇനിയും എത്രയെത്രയോ. ഈയടുത്ത കാലത്ത് 'മാലിക്' എന്ന ചിത്രത്തിനുവേണ്ടി അന്‍വര്‍ അലി എഴുതി സുഷിന്‍ ശ്യാം ഈണമിട്ട കടലിന്റെ ആഴവും അരുണ സൂര്യശോഭയുള്ള ഒരു ഗാനമുണ്ട്.

''തീരമേ... തീരമേ
നീറുമലകടലാഴമേ...''

സ്വന്തം ഹൃദയത്തിന്റെ മരതകദ്വീപ് കണ്ടുപിടിക്കാനുഴറുന്ന പ്രണയിയുടെ വല്ലാത്തൊരാലാപനം. ഈ ഗാനത്തില്‍ കെ.എസ്. ചിത്രയുടെ നാദവും ആലാപനവും ശ്രവിക്കുമ്പോള്‍ നമ്മള്‍ വല്ലാതെ പുതുക്കപ്പെടുന്നു.

മാത്രമല്ല... ചിത്ര എന്ന ഗായിക ഏറ്റവും മനോഹരമായി പാടാന്‍ തുടങ്ങിയിട്ടേയുള്ളൂ എന്നു തോന്നിപ്പോകും. ഇനിയുമിനിയും എത്രയോ ഗാനങ്ങള്‍ വരാനിരിക്കുന്നു; കാത്തിരിക്കാം.

ഈ ലേഖനം കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com