

കേരളത്തിലെ ആശുപത്രികളുടെ മികച്ച കെട്ടിടങ്ങളും ജില്ലകളിലുടനീളം ഉയർന്നുവരുന്ന ഡയാലിസിസ് യൂണിറ്റുകളും ആരോഗ്യ സൗകര്യങ്ങളുടെ വളർച്ച മാത്രമല്ല, അതിനപ്പുറം അതിലും വലിയൊരു വസ്തുതയാണ് മലയാളികളോട് പറയുന്നത്.
സംസ്ഥാനത്ത് നിശ്ശബ്ദമായി പടരുന്ന ഒരു പ്രധാന പൊതുജനാരോഗ്യ പ്രതിസന്ധിയെയാണ് അവ സൂചിപ്പിക്കുന്നത്. പതിനായിരക്കണക്കിന് രോഗികൾ ഡയാലിസിസ് മെഷീനുകളുടെ കരുണയിൽ ജീവിക്കുന്ന സാഹചര്യത്തെ കുറിച്ചാണ് അത് വെളിപ്പെടുത്തന്നത്. വൃക്കരോഗം എന്നത് ഇന്ന് കേരളത്തിലെ കുടുംബങ്ങൾക്കും ആരോഗ്യ സംവിധാനത്തിനും ഒരുപോലെ വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു.
ഇങ്ങനെ വൃക്കരോഗം കേരളത്തിൽ വ്യാപകമാകുന്നതിന് കാരണമെന്താണ്. ആരും അധികം ഗൗരവത്തോടെ കാണാത്ത ഒന്നാണ് ഈ വൃക്കരോഗത്തിന് പിന്നിലെ പ്രധാനി. നിയന്ത്രണമില്ലാത്ത ഹൈപ്പർടെൻഷൻ. പലരും ചെറിയൊരു അസൗകര്യമെന്നു കരുതുന്ന ഉയർന്ന രക്തസമ്മർദ്ദം, വാസ്തവത്തിൽ ക്രോണിക് കിഡ്നി ഡിസീസ് (CKD) എന്ന വൃക്കരോഗത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്.
ലക്ഷണങ്ങളില്ലാതെ പതുക്കെ ശരീരത്തിന്റെ സൂക്ഷ്മമായ ഫിൽറ്ററുകളെ തകർത്തുകൊണ്ടിരിക്കുന്ന ഈ “സൈലന്റ് കില്ലർ” ഒരിക്കൽ പിടിമുറുക്കിയാൽ അതിൽ നിന്ന് പിന്നെ മോചനം എന്നത് ഏതാണ്ട് അസാദ്ധ്യമാണ്.
കേരളത്തിൽ ഡയാലിസിസ് ചെയ്യുന്ന രോഗികളുടെ എണ്ണത്തിൽ നാല് വർഷം കൊണ്ടു വന്ന വർദ്ധനവ് കേരളം നേരിടുന്ന ഈ പ്രതിസന്ധിയുടെ ആഴം ബോദ്ധ്യപ്പെടുത്തുന്നതാണ്. 2020‑ൽ 43,740 ആയിരുന്ന ഡയാലിസിസ് രോഗികൾ 2024‑ൽ 218,410 ആയി. അതായത് നാല് വർഷം കൊണ്ട് നാലിരട്ടിയിലധികം വർധന.
നിശ്ശബ്ദനായ ഈ 'കൊലയാളി' എങ്ങനെ ഒരു മനുഷ്യന്റെ ജീവിതം തകിടം മറിക്കുമെന്നതിന്റെ നേർസാക്ഷ്യമാണ് തിരുവനന്തപുരം സ്വദേശിയായ സാം ഡേവിഡ് എന്നഅമ്പത്തിരണ്ടുകാരന്റെ ജീവിതം.
സാം ഡേവിഡിന്റെ തൊഴിൽജീവിതം ഊർജ്ജവും സമയപരിധികളും ആഗ്രഹങ്ങളും നിറഞ്ഞതായിരുന്നു. തിരുവനന്തപുരത്തെ ഒരു പ്രമുഖ സ്ഥാപനത്തിലെ പ്രോജക്ട് മാനേജറായി, അദ്ദേഹം “ഹൈ‑എനർജി ലൈഫ്‌സ്റ്റൈൽ” എന്ന് വിളിച്ചിരുന്ന ജീവിതരീതിയിൽ അഭിമാനത്തോടെ ജീവിച്ചു.
നാൽപ്പത്തിയഞ്ചാം വയസ്സിൽ ഇൻഷുറൻസ് പരിശോധനയിൽ രക്തസമ്മർദ്ദം ഉയർന്നതായി കണ്ടെത്തുകയും, ഡോക്ടർ ഈ രോഗത്തിന്റെ ഗൗരവം വ്യക്തമായി വിശദീകരിക്കുകയും നിയന്ത്രണമില്ലാത്ത രക്തസമ്മർദ്ദം ഹൃദയത്തെയും വൃക്കകളെയും പതിയെ ദോഷകരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. മരുന്നുകൾ നിർദേശിക്കുകയും ഉപ്പ് കുറയ്ക്കുക, സ്ഥിരമായി വ്യായാമം ചെയ്യുക, പരിശോധനകൾക്ക് എത്തുക എന്നിവ നിർബന്ധമായി പാലിക്കണമെന്നും പറഞ്ഞു. എന്നാൽ, തനിക്ക് പ്രത്യേകമായ ലക്ഷണങ്ങൾ ഒന്നും ഇല്ലെന്ന ആത്മവിശ്വാസം സാം ഈ നിർദ്ദേശങ്ങൾ ഗൗരവമായി എടുക്കാതിരിക്കാൻ കാരണമായി.
ചികിത്സയോടുള്ള അദ്ദേഹത്തിന്റെ സമീപനവും ഒട്ടും ഗൗരവത്തോടെയുള്ളതായിരുന്നില്ല. ചില ദിവസങ്ങളിൽ മരുന്ന് കഴിച്ചെങ്കിലും പലപ്പോഴും അത് ഒഴിവാക്കി. ജോലി തിരക്ക് എന്നതിൽ ഊന്നി ഡോക്ടറെ കാണുന്നത് മാറ്റിവച്ചുകൊണ്ടിരന്നു.
ഡോക്ടറെ കാണുക, മരുന്നുകൾ കഴിക്കുക എന്നതിനേക്കാളൊക്കെ തൊഴിലിലെ ടാർജറ്റുകളെയും ഡെഡ്‌ലൈനുകളെയും അദ്ദേഹം പ്രധാനമായി കണ്ടു. ശരീരത്തിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് വ്യക്തമായും പ്രകടമായും അനുഭവപ്പെടുമെന്നായിരുന്നു വിദ്യാസമ്പന്നനായ അദ്ദേഹത്തിന്റെ വിശ്വാസം.
ശരീരത്തിൽ പ്രകടമായ ചെറിയ മാറ്റങ്ങൾ—തളർച്ച, കാലുകളിൽ ചെറിയ വീക്കം, ക്ഷീണം—ഇവയെല്ലാം ജോലി സമ്മർദ്ദത്തിന്റെ ഭാഗമായി അവഗണിച്ചു. ഇതേ സമയം, അദ്ദേഹം അറിയാതെ ശരീരത്തിനുള്ളിൽ മറ്റ് ചിലകാര്യങ്ങൾ സംഭവിക്കുന്നുണ്ടായിരുന്നു. നിയന്ത്രണമില്ലാത്ത രക്തസമ്മർദ്ദം നിശ്ശബ്ദമായി വൃക്കകളിലെ രക്തക്കുഴലുകൾക്ക് കേടുവരുത്തുകയും അവയുടെ പ്രവർത്തനം ക്രമേണ കുറയ്ക്കുകയും ചെയ്തു. പരിശോധനകളിൽ രക്തസമ്മർദ്ദം ഉയർന്നതായി കാണിച്ചിട്ടും, അതിന് വേണ്ടുന്ന ചികിത്സകൾ ചെയ്യാതെ പോയി
വയസ്സ് അമ്പതായതോടെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വ്യക്തമായി മോശമായി. കാലുകളിൽ സ്ഥിരമായ വീക്കം, മൂത്രത്തിന്റെ അളവ് കുറയുക, കടുത്ത ക്ഷീണം എന്നിവ അദ്ദേഹത്തെ വീണ്ടും ചികിത്സ തേടാൻ നിർബന്ധിതനാക്കി. പരിശോധനകൾക്ക് ശേഷം അദ്ദേഹത്തിന് ക്രോണിക് കിഡ്നി രോഗം (CKD) സ്ഥിരീകരിച്ചു. അത് ഏതാണ്ട് രോഗത്തിന്റെ മൂർദ്ധ്യനാവസ്ഥയോട് അടുത്ത് എത്തുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിൽ വൃക്കകൾക്ക് സംഭവിച്ച കേടുപാടുകൾ മിക്കവാറും തിരിച്ച് കൊണ്ടുവരാനാകാത്തതായിരുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ രോഗം മൂർച്ഛിച്ചു, , ജീവൻ നിലനിർത്താൻ സ്ഥിരമായ ഡയാലിസിസ് ആവശ്യമായി വരികയും ചെയ്തു.
ഡയാലിസിസ് ആരംഭിച്ചതോടെ അദ്ദേഹത്തിന്റെ ജീവിതം പൂർണ്ണമായും മാറി. ആഴ്ചയിൽ പല തവണ ആശുപത്രിയിൽ പോകേണ്ട സാഹചര്യം ഉണ്ടായി. തൊഴിൽ ജീവിതം തടസ്സപ്പെട്ടു, വരുമാനം കുറഞ്ഞു, ചികിത്സയുടെ ഉൾപ്പെട ചെലവ് വർദ്ധിച്ചു, കുടുംബം മാനസികവും സാമ്പത്തികവുമായ സമ്മർദ്ദങ്ങൾ നേരിടേണ്ടിവന്നു. പിന്നീട് സർക്കാർ സംവിധാനങ്ങളിലെ ഡയാലിസിസ് തേടി, എങ്കിലും രോഗം നൽകിയ ബാധ്യതകൾ കുറയാതെ തുടർന്നു.
അധികം ലക്ഷണങ്ങൾ ഒന്നും തന്നെ പ്രത്യക്ഷത്തിൽ കാണിക്കാതിരിക്കുന്ന ഈ അവസ്ഥ അതീവ ഗുരുതര ആരോഗ്യ പ്രതിസന്ധി ഉണ്ടാക്കുന്നതായാണ് ആരോഗ്യ വിദഗ്ധർ കരുതുന്നു.
“ഹൈപ്പർടെൻഷൻ ലക്ഷണങ്ങളോടെ വരാറില്ല; പലപ്പോഴും ആരോഗ്യം വീണ്ടെടുക്കാനാവാത്ത വിധം രോഗം മൂർച്ഛിച്ച ശേഷമാകും ഇത് തിരിച്ചറിയാനാകുക,” എന്ന് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ഹരികൃഷ്ണൻ എസ് പറയുന്നു.
ഹൈപ്പർടെൻഷൻ വൃക്കകളെ മാത്രം ബാധിക്കുന്ന ഒന്നല്ല ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കുന്നു:
ഹൃദയം: രക്തക്കുഴലുകൾ കട്ടിയാക്കി ഹൃദയത്തിന് അധികഭാരം, ഹൃദയാഘാതം, ഹൃദയവൈകല്യം.
മസ്തിഷ്‌കം: രക്തപ്രവാഹം കുറയുന്നത് സ്‌ട്രോക്ക്, ഓർമ്മ നഷ്ടം.
കണ്ണുകൾ: ഹൈപ്പർടെൻസീവ് റെറ്റിനോപതി കാഴ്ച നഷ്ടപ്പെടുത്തും.
ശ്വാസകോശം: ശ്വാസകോശത്തിൽ അമിതമായ ദ്രാവകം ഉണ്ടാകുന്നത് മൂലം ശ്വാസ തടസ്സമുണ്ടാക്കുന്ന പൾമണറി എഡിമ എന്ന അവസ്ഥയ്ക്ക് കാരണമാകും.
സ്ഥിരമായ ഹൈപ്പർടെൻഷൻ (ഉയർന്ന രക്തസമ്മർദ്ദം) ദീർഘകാലം തുടരുമ്പോൾ, രക്തക്കുഴലുകളിൽ അമിത സമ്മർദ്ദം ഉണ്ടാക്കുന്നു. ഇതിന്റെ ഫലമായി രക്തക്കുഴലുകളുടെ അകത്തെ പാളി (endothelium) കൾക്ക് കേടുപാടുകൾ സംഭവിക്കുന്നു. .
ഈ കേടുപാടുകൾ അഥിറോസ്ക്ലെറോസിസ് (atherosclerosis) എന്ന അവസ്ഥയെ വേഗത്തിലാക്കുന്നു. അഥിറോസ്ക്ലെറോസിസ് എന്നത് രക്തക്കുഴലുകളിൽ കൊളസ്‌ട്രോൾ, കൊഴുപ്പ്, തുടങ്ങിയ പദാർത്ഥങ്ങൾ അടിഞ്ഞുകൂടി “പ്ലാക്ക്” രൂപപ്പെടുന്നതാണ്. പ്ലാക്ക് രൂപപ്പെട്ടാൽ രക്തക്കുഴലുകൾ കട്ടിയാകുകയും, രക്തപ്രവാഹം തടസ്സപ്പെടുകയും ചെയ്യും.
“ മുതിർന്നവരിൽ രക്തസമ്മർദ്ദം 130/80 mmHg‑ൽ താഴെയാകുന്നത് ഹൃദയാഘാതം, സ്‌ട്രോക്ക്, വൃക്കരോഗം എന്നിവ കുറയ്ക്കാൻ സഹായിക്കും,” എന്ന് കിംസ് ഹെൽത്ത്, തിരുവനന്തപുരം, ഇന്റേണൽ മെഡിസിൻ കൺസൾട്ടന്റ് ഡോ. ഗണേഷ് വിശ്വനാഥൻ പറയുന്നു.
ഇപ്പോൾ സാം മൂന്ന് മരുന്നുകൾ ദിവസവും കഴിക്കുന്നു, ഭക്ഷണക്രമം മാറ്റി, ജീവിതം ശാന്തവും നിയന്ത്രിതവുമാണ് ആഴ്ചയിൽ മണിക്കൂറുകൾ ഡയാലിസിസ് മെഷീനിൽ , അദ്ദേഹം ജീവിക്കുന്നു.
ഹൈപ്പർടെൻഷൻ വെറും കണക്കല്ല, വ്യക്തിപരമായൊരു അപകടമാണെന്നും, മരുന്ന്, ജീവിതശൈലി മാറ്റം, ആരോഗ്യസംവിധാനത്തിന്റെ പിന്തുണ എന്നിവ കൊണ്ട് നിയന്ത്രിക്കാവുന്നതാണെന്നും ഓർമ്മപ്പെടുത്തുന്നതാണ് സാമിന്റെ അനുഭവം
കേരളത്തിൽ ഇന്ന് സാമിനെപ്പോലെ ആയിരക്കണക്കിന് ആളുകളാണ് വൃക്കരോഗത്തിന്റെ പിടിയിലാവുന്നത്. കേരളത്തിലെ രോഗാതുരതയുടെ കണക്കുകൾ നോക്കിയാൽ ഉയർന്ന സാക്ഷരതയുണ്ടെങ്കിലും ആരോഗ്യകാര്യങ്ങളിൽ മലയാളി നിരക്ഷരരാണ് എന്ന് പറയേണ്ടി വരും.
പ്രമേഹവും രക്തസമ്മർദ്ദവും നിയന്ത്രിക്കാത്തതാണ് കേരളത്തിൽ വൃക്കരോഗികളുടെ എണ്ണം വർധിക്കാൻ പ്രധാന കാരണം. ഈ വർധനവ് സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾക്ക് വലിയൊരു വെല്ലുവിളിയാണ് ഉയർത്തുന്നത്. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡയാലിസിസ് യൂണിറ്റുകൾ ഇന്ന് രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ദൂരെയുള്ള ഡയാലിസിസ് സെന്ററുകളിലേക്കുള്ള യാത്രയും, മരുന്നുകൾക്കായുള്ള വലിയ സാമ്പത്തിക ചെലവും രോഗികളെയും അവരുടെ കുടുംബങ്ങളെയും ഒരുപോലെ തളർത്തുന്നു.
കേരളത്തിലെ ഉയർന്നുവരുന്ന ഡയാലിസിസ് കണക്കുകൾ, നിയന്ത്രണമില്ലാത്ത ഹൈപ്പർടെൻഷൻ മൂലമുള്ള വൃക്ക രോഗങ്ങളുടെ വ്യാപനത്തെയാണ് വ്യക്തമാക്കുന്നത്.
സാം ഡേവിഡിനെപ്പോലെ നിരവധി ആളുകളെ ഡോക്ടർമാർ നിത്യേന കാണുന്നു. പലപ്പോഴും തക്ക സമയത്തു മരുന്ന് കഴിച്ചു നിയന്ത്രിക്കാൻ പറ്റുന്നതാണ് രക്താതിമർദ്ദം അഥവാ ഹൈപ്പർടെൻഷൻ (High Blood Pressure). എന്നാൽ, ജോലി തിരക്കും അമിതമായ ആത്മവിശ്വാസവും അന്ധവിശ്വാസവും ഒക്കെ ചേർന്ന് മരുന്നും ശരിയായ ചികിത്സയും അവഗണിക്കുന്നത് മൂലം ഇത് കൂടുതൽ വഷളാക്കുന്ന കാഴ്ചയാണ് അവർ കാണുന്നത്.
“ രക്താതിമർദ്ദം ഉള്ള രോഗികൾക്ക് ഞങ്ങൾ മരുന്നുകൾ നിർദ്ദേശിക്കാറുണ്ട്. പലപ്പോഴും അത് നാലഞ്ച് മരുന്നുകളുടെ ഒരു കൂട്ടമായിരുക്കും. പക്ഷേ, പലരും അത് കഴിക്കാറില്ല,” എന്ന് ഗവൺമെന്റ് മെഡിക്കൽ കോളജിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. മാത്യു ഐപ്പ് പറയുന്നു.\
പ്രത്യക്ഷ ലക്ഷണങ്ങൾ ഇല്ലെങ്കിൽ ചികിത്സ ഉപേക്ഷിക്കുന്ന രീതിയാണ് രോഗമുള്ള പലരും ചെയ്യുന്നത്.
സാമിന്റെ കഥ കേരളത്തിലെ വലിയൊരു പൊതുജനാരോഗ്യ പ്രശ്നത്തിന്റെ പ്രതിഫലനമാണ്. ആരോഗ്യരംഗത്ത് ഭൗതിക നേട്ടങ്ങളിൽ മുന്നിട്ടുനിൽക്കുന്ന സംസ്ഥാനമായിട്ടും, ഹൈപ്പർടെൻഷനും പ്രമേഹവും പോലുള്ള ജീവിതശൈലി രോഗങ്ങൾ വർധിക്കുന്നതോടൊപ്പം ക്രോണിക് കിഡ്നി രോഗവും ഉയരുകയാണ്. പലരും രോഗം ഗുരുതരമായ ശേഷമാണ് ചികിത്സ തേടുന്നത്, ഇതോടെ ചികിത്സാച്ചെലവിൽ വർദ്ധനവുണ്ടാകുകയും രോഗം സങ്കീർണ്ണമാകുകയും ചെയ്യുന്നു.
ഡയാലിസിസ് ആവശ്യമായ രോഗികളുടെ എണ്ണം കൂടുന്നതോടെ ആരോഗ്യ സംവിധാനത്തിനുമേൽ അമിത ഭാരമാണ് ഉണ്ടാകുന്നത്. ഇത് ഒരിക്കൽ മാത്രം ചെയ്യുന്ന ചികിത്സയല്ല, ജീവിതകാലം മുഴുവൻ തുടരേണ്ട പ്രക്രിയയാണ്. അതിനാൽ ആശുപത്രികൾ, പരിശീലനം ലഭിച്ച ജീവനക്കാർ, സാമ്പത്തിക സഹായം എന്നിവയെല്ലാം കൂടുതൽ ആവശ്യമായി വരുന്നു. കേരളം ഈ മേഖലയിലെ ചികിത്സയിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ കൈവരിച്ചിട്ടുണ്ട്. എന്നാൽ, അതിനുള്ള ആവശ്യം ഇപ്പോഴും വർദ്ധിക്കുന്നു എന്നത് വലിയ വെല്ലുവെളിയാണ്.
മാത്രമല്ല, ഇതൊരു വ്യക്തിഗതമായ ആരോഗ്യ പ്രതിസന്ധി എന്നതിൽ നിന്ന് സാമൂഹിക സാമ്പത്തിക ആരോഗ്യ പ്രതിസന്ധിയുടെ ചിത്രം കൂടെ വരച്ചു കാട്ടുന്നുണ്ട്. തുടക്കത്തിലെ ശരിയായ ചികിത്സയിലൂടെ കടന്നുപോയാൽ സാമൂഹികമായും വ്യക്തിപരമായും ലഭിക്കുന്നത് സാമ്പത്തിക, ആരോഗ്യ നേട്ടങ്ങളാണ്.
സാം ഡേവിഡിന്റെ ജീവിതം വെളിപ്പെടുത്തുന്നത് വലിയൊരു സത്യമാണ്: ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ഹൈപ്പർടെൻഷനെ അവഗണിക്കുന്നത് വലിയ അപകടത്തിന് വഴിയൊരുക്കും. വ്യക്തിഗതമായ അവഗണന പിന്നീട് കുടുംബത്തിനും സമൂഹത്തിനും ആരോഗ്യ സംവിധാനത്തിനും വലിയ ഭാരമായി മാറുന്നു.
അതുകൊണ്ട് തന്നെ, ഹൈപ്പർടെൻഷന്റെ പ്രാരംഭ നിയന്ത്രണം, ചികിത്സയിലെ കൃത്യത, രോഗനിർണയത്തിന്റെ തുടക്ക ഘട്ടത്തിൽ ഇടപെടൽ എന്നിവ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം, സാമിനെ പോലുള്ളവരുടെ അനുഭവ കഥകൾ കേരളത്തിൽ സാധാരണ സംഭവമായി മാറും, പ്രതിരോധിക്കാവുന്ന ഒരു രോഗം വലിയ പൊതുജനാരോഗ്യ പ്രതിസന്ധിയിലേക്ക് മാറുകയും ചെയ്യും.
ഇന്ത്യയിലെ ഓരോ നാലുപേരിൽ ഒരാൾക്ക് ഹൈപ്പർടെൻഷൻ (ഉയർന്ന രക്തസമ്മർദ്ദം) ഉണ്ട്. എന്നാൽ, വെറും 12% പേർക്ക് മാത്രമാണ് രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടുള്ളത്.
ഹൃദ്രോഗം, വൃക്കയ്ക്ക് തകരാറുകൾ, അകാല മരണം എന്നിവയിലെ പ്രധാന കാരണമായി മാറുന്ന ഒന്നാണ് ഹൈപ്പർടെൻഷൻ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates