അടിവസ്ത്രം ഉയര്‍ത്തിക്കാട്ടി പാര്‍ലമെന്റില്‍ വനിതാ എംപിയുടെ പ്രതിഷേധം ( വീഡിയോ )

ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ കോടതിയില്‍ അപമാനിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധവുമായി പാര്‍ലമെന്റില്‍ വനിതാ എംപി
അടിവസ്ത്രം ഉയര്‍ത്തിക്കാട്ടി പാര്‍ലമെന്റില്‍ വനിതാ എംപിയുടെ പ്രതിഷേധം ( വീഡിയോ )

ഡബ്ലിന്‍ : ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ കോടതിയില്‍ അപമാനിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധവുമായി പാര്‍ലമെന്റില്‍ വനിതാ എംപി. പതിനേഴുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതിയെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം അഭിഭാഷകന്‍ ഉയര്‍ത്തിയ വാദങ്ങള്‍ക്ക് എതിരെയായിരുന്നു അയര്‍ലന്‍ഡ് പാര്‍ലമെന്റില്‍ വനിതാ എം പി റൂത്ത് കോപ്പിംഗറുടെ വേറിുട്ട പ്രതിഷേധം അരങ്ങേറിയത്. ലേസ് നിര്‍മിതമായ അടിവസ്ത്രവുമായി പാര്‍ലമെന്റിലെത്തിയ റൂത്ത്, ഇത് ഉയര്‍ത്തിക്കാട്ടിയായിരുന്നു കോടതി വിധിയോട് പ്രതിഷേധിച്ചത്. 

പെണ്‍കുട്ടിയുടെ വസ്ത്രധാരണമായിരുന്നു പീഡനത്തിന് പ്രകോപനം ആയതെന്നായിരുന്നു ആഭിഭാഷകന്റെ വാദം. പീഡിപ്പിക്കപ്പെട്ട സമയത്ത് പെണ്‍കുട്ടി ധരിച്ചിരുന്നത് നെറ്റ് നിര്‍മിതമായിരുന്ന അടിവസ്ത്രമായിരുന്നുവെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. കേസില്‍ ഈ വാദം അംഗീകരിച്ച കോടതി പ്രതിയെ വെറുതെ വിടുകയായിരുന്നു. പെണ്‍കുട്ടിയുടെ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായിരുന്നു നടന്നതെന്നും അതിനെ പീഡനമായി കാണാന്‍ സാധിക്കില്ലെന്നുമായിരുന്നു കോടതിയുടെ കണ്ടെത്തല്‍. ഇരുപത്തിയേഴുകാരനായ പ്രതിയെയാണ് വിചിത്രമായ ന്യായം കണ്ടെത്തി കോടതി കുറ്റവിമുക്തനാക്കിയത്. 

അടിവസ്ത്രം ഉയര്‍ത്തിക്കാണിച്ച് ഇതെങ്ങനെ ലൈംഗിക ബന്ധത്തിനുള്ള തെളിവാകുമെന്ന് റൂത്ത് ചോദിച്ചു. അടിവസ്ത്രം പാര്‍ലമെന്റില്‍ കാണിക്കാന്‍ നാണക്കേടുണ്ട് എന്നാല്‍ ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് അവളുടെ അടിവസ്ത്രം ഉഭയസമ്മതമായി കണക്കാക്കാന്‍ കാരണമാകുമ്പോള്‍ ഈ അപമാനം നിസാരമാണെന്നും റൂത്ത് അഭിപ്രായപ്പെട്ടു. സത്വരമായ നിയമനിര്‍മ്മാണംം നടത്തുന്നത് ഇത്തരം സംഭവങ്ങളില്‍ ഇരയ്ക്ക് നീതി ഉറപ്പാക്കാന്‍ ആവശ്യമാണെന്ന് റൂത്ത് പാര്‍ലമെന്റില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com