ആ കത്തുകള്‍ ഞങ്ങളെ തമ്മില്‍ അടുപ്പിച്ചു, കിം ജോങ് ഉന്‍ ഇപ്പോള്‍ അടുത്ത 'സ്‌നേഹിതനാ'ണെന്ന്‌ ഡൊണാള്‍ഡ് ട്രംപ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th September 2018 11:26 AM  |  

Last Updated: 30th September 2018 11:26 AM  |   A+A-   |  

വാഷിങ്ടണ്‍ :   ഉത്തര കൊറിയന്‍ തലവന്‍ കിം ജോങ് ഉന്‍ തനിക്കയച്ച കത്തുകളിലൂടെ  'സ്‌നേഹിത'രായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെസ്റ്റ് വിര്‍ജീനിയയില്‍ നടന്ന റാലിയില്‍ ആയിരുന്നു ഉത്തരകൊറിയന്‍ തലവനെ വാനോളം പുകഴ്ത്തി 'സൗഹൃദ രഹസ്യം' ട്രംപ് വെളിപ്പെടുത്തിയത്. 

കഴിഞ്ഞ വര്‍ഷം ഇതേ വേദിയിലാണ് കിം ജോങ് ഉന്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഭീതി ജനിപ്പിക്കുന്നതാണ് എന്ന് ട്രംപ് പ്രസംഗിച്ചത്. കിമ്മില്‍ നിന്നും ലഭിച്ച അസാധാരണമായൊരു കത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ മാറ്റി മറിച്ചുവെന്നും യുഎസും ഉത്തരകൊറിയയുമായി രണ്ടാം ഉച്ചകോടി നടന്നാല്‍ അതിശയിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 ഉത്തര കൊറിയയെ പൂര്‍ണമായി നശിപ്പിക്കണമെന്നായിരുന്നു യുഎന്‍ പൊതുസഭയില്‍ നടത്തിയ ആദ്യ പ്രസംഗത്തില്‍ ട്രംപ് ആവശ്യപ്പെട്ടത്. കിമ്മിനെ റോക്കറ്റ് മനുഷ്യനെന്നും അധിക്ഷേപിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെ ട്രംപ് അമേരിക്കയിലെ മന്ദബുദ്ധിയാണെന്ന് കിമ്മും പരിഹസിച്ചിരുന്നു.