ഡിയോഡറന്റിന് അമ്മയുടെ മണം; അമിതമായി സ്‌പ്രേ ചെയ്ത പതിമൂന്നുകാരന്‍ മരിച്ചു, ദാരുണം

അമ്മ പുറത്തേക്ക് പോകുമ്പോള്‍ ജാക്കിന് വല്ലായ്മ തോന്നുമായിരുന്നു. ഇത് മറികടക്കാന്‍ ജാക്ക് അമ്മയുടെ മണമുള്ള ഡിയോഡറന്റ് അടിച്ചിരുന്നു
ഡിയോഡറന്റിന് അമ്മയുടെ മണം; അമിതമായി സ്‌പ്രേ ചെയ്ത പതിമൂന്നുകാരന്‍ മരിച്ചു, ദാരുണം

ഡിയോഡറന്റ് ശ്വസിച്ച് പതിമൂന്നുകാരന് ദാരുണ മരണം. അമ്മയുടെ ഗന്ധം കിട്ടാനായി സ്‌പ്രേ ചെയ്തതാണ് കുട്ടിയുടെ മരണത്തിന് കാരണമായത്. ഇംഗ്ലണ്ടിലെ നോര്‍വിച്ചിലാണ് ദാരുണസംഭവം അരങ്ങേറിയത്. ഈ വര്‍ഷം ജൂണ്‍ 13നാണ് വീട്ടിലെ കിടപ്പുമുറിയില്‍ ജാക്ക് വാപല്‍ എന്ന കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആ സമയത്ത് കുട്ടിയുടെ സമീപത്തെ ഡിയോഡറന്റും ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഡിയോഡറന്റ് ശ്വസിച്ചാണ് കുട്ടി മരിച്ചതെന്ന് കണ്ടെത്തിയത്.

മകന്‍ അമിതമായി ഡിയോഡറന്റ് ഉപയോഗിക്കുന്നതായി അമ്മ സൂസന്‍ വാപിള്‍ നേരത്തെ കണ്ടെത്തിയിരുന്നു. പെട്ടെന്ന് ബോട്ടിലുകള്‍തീരുന്നത് ശ്രദ്ധയില്‍പ്പട്ടപ്പോഴാണ് മകനോട് ചോദിക്കുന്നത്. അമ്മ പുറത്തേക്ക് പോകുമ്പോള്‍ ജാക്കിന് വല്ലായ്മ തോന്നുമായിരുന്നു. ഇത് മറികടക്കാന്‍ ജാക്ക് അമ്മയുടെ മണമുള്ള ഡിയോഡറന്റ് അടിച്ചിരുന്നു. എന്നാല്‍ അമിതമായി ഡിയോഡറന്റ് ഉപയോഗിക്കുമ്പോഴുള്ള പ്രശ്‌നത്തെക്കുറിച്ച് മാതാപിതാക്കള്‍ കുട്ടിയോട് സംസാരിച്ചിരുന്നു. ബെഡ്‌റൂമില്‍ ഡിയോഡറന്റ് അടിച്ചു കിടന്നുറങ്ങിയതാകാം കുട്ടിയ്ക്ക് ഹൃദയസ്തംഭനം വരാന്‍ കാരണമായത്.

ജാക്കിന്റെ ശ്വാസകോശത്തില്‍ ഡിയോഡറന്റിന്റെ  അംശം കണ്ടെത്തിയില്ല. എന്നാല്‍ ഇത് ഹൃദയത്തെയാണ് നേരിട്ട് ബാധിക്കുന്നതെന്നും അതാണ് അപ്രതീക്ഷിത മരണത്തിന് കാരണമായതെന്നും വിദഗ്ധര്‍ കണ്ടെത്തുകയായിരുന്നു. ലഹരിക്കുവേണ്ടിയല്ല കുട്ടി ഡിയോഡറന്റ് ഉപയോഗിച്ചതെന്നാണ് വിലയിരുത്തുന്നത്. തന്റെ ജീവന് ഭീഷണിയാണെന്ന് മനസിലാക്കിയല്ല കുട്ടി ഇത് ചെയ്തതെന്നും കുട്ടിയ്ക്ക് പറ്റിയ അബദ്ധമാണ് മരണത്തിന് കാരണമായതെന്നാണ് കണ്ടൈത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com