'നില വഷളാക്കുന്ന നടപടി ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്' ; മോദിയുടെ ലഡാക്ക് സന്ദര്‍ശനത്തില്‍ പ്രതികരണവുമായി ചൈന
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലഡാക്ക് സന്ദര്‍ശനത്തില്‍ പ്രതികരണവുമായി ചൈന രംഗത്തെത്തി. ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ചര്‍ച്ചയിലൂടെയുമാണ് പരിഹാരം കാണേണ്ടത്. നയതന്ത്ര തലത്തിലും സൈനീക തലത്തിലുമുള്ള ചര്‍ച്ചയാണ് വേണ്ടത്. ഈ സാഹചര്യത്തില്‍ സംഘര്‍ഷം വഷളാക്കുന്ന നടപടികള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും ചൈനീസ് വിദേശകാര്യ വക്താവ് സുവോ ലിജിയാന്‍ പറഞ്ഞു.
ഇന്നുരാവിലെയാണ് അപ്രതീക്ഷിതമായി പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലെത്തിയത്. രാവിലെ 8.15 നാണ് മോദി കശ്മീരിലെ ലേയിലെത്തിയത്. തുടര്‍ന്ന് പ്രധാനമന്ത്രി നേരെ 35 കിലോമീറ്റര്‍ അകലെയുള്ള നിമു സൈനിക പോസ്റ്റിലെത്തി. 11,000 അടി ഉയരത്തിലാണ് നിമു സൈനിക പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. ഇന്‍ഡസ് നദീതീരത്തോട് ചേര്‍ന്നുള്ള, സന്‍സ്കാര്‍ റേഞ്ചുമായി ചുറ്റപ്പെട്ട, ലോകത്തെ തന്നെ ഏറ്റവും ദുര്‍ഘടമായ ഭൂപ്രദേശങ്ങളിലൊന്നാണ് നിമു.
ഇവിടെയെത്തിയ പ്രധാനമന്ത്രി കരസേന, വ്യോമസേന, ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് എന്നീ വിഭാഗങ്ങളിലെ സൈനികരുമായി കൂടിക്കാഴ്ച നടത്തി. മേഖലയില്‍ വ്യോമാര്‍ഗം നിരീക്ഷണം നടത്തിയ പ്രധാനമന്ത്രിയ്ക്ക്, നിമുവില്‍ ലഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിംഗ് മേഖലയിലെ സ്ഥിതിഗതികള്‍ വിശദീകരിച്ചു കൊടുത്തു. സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നാരാവ്നെ എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു.
ഗാല്‍വാന്‍ താഴ് വരയില്‍ ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ആഴ്ചകളോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പിന്മാറ്റത്തിന് തയ്യാറാണെന്ന് ചൈന സമ്മതിച്ചിരുന്നു. എന്നാല്‍ താഴ് വരയിലെ തന്ത്രപ്രധാനമായ പ്രദേശങ്ങള്‍ തങ്ങളുടെ അധീനതയിലുള്ളതാണെന്ന് ചൈന ആവര്‍ത്തിക്കുന്നുണ്ട്. പാംഗോങിലും ഡെസ്പാങ്ങിലുമെല്ലാം സൈന്യത്തെ പിന്‍വലിക്കില്ലെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ