'അമ്മേ ഞാൻ മരിക്കാൻ പോകുകയാണോ?; അവൻ ചോദിച്ചു; കൊറോണ ഒരു തമാശയല്ല'; ഹൃദയഭേദകം ഈ അനുഭവക്കുറിപ്പ്

അഞ്ചു വയസുള്ള മകൻ കൊറോണ ബാധിച്ച കുഞ്ഞു ശരീരവുമായി ആശുപത്രി കിടക്കയിൽ അനുഭവിച്ച യാതനകളാണ് അമ്മ സമൂഹമാധ്യമത്തില്‍ കുറിച്ചത്‌ 
'അമ്മേ ഞാൻ മരിക്കാൻ പോകുകയാണോ?; അവൻ ചോദിച്ചു; കൊറോണ ഒരു തമാശയല്ല'; ഹൃദയഭേദകം ഈ അനുഭവക്കുറിപ്പ്

ലണ്ടൻ: "അബോധാവസ്ഥയിൽ ആയിരിക്കുമ്പോൾ പലപ്പോഴും പതിഞ്ഞ ശബ്ദത്തിൽ അവൻ ചോദിച്ചു കൊണ്ടേയിരുന്നു - അമ്മേ, ഞാൻ മരിക്കാൻ പോവുകയാണോ?. താങ്ങാവുന്നതിലും അപ്പുറമായിരുന്നു ആ അവസ്ഥ" - സമൂഹമാധ്യമത്തിൽ ഈ അമ്മ കുറിച്ച വാക്കുകൾ വേദനയോടെ വായിക്കാനാവൂ. കോവിഡ് 19 ബാധിച്ച അഞ്ച് വയസുകാരനായ മകനെ പരിചരിച്ച നാളുകളെ കുറിച്ചുള്ള ലണ്ടൻ വർസെസ്റ്റർഷയറിലെ ലോറേൻ ഫുൾബ്രൂക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണിപ്പോൾ. വൈറസ് പടരാതിരിക്കാൻ സാമൂഹിക സമ്പർക്കം ഒഴിവാക്കണമെന്ന സന്ദേശം നൽകുന്ന ലോറേനിന്റെ പോസ്റ്റ് അര ലക്ഷത്തിലധികം പേരാണ് ഷെയർ ചെയ്തിരിക്കുന്നത്.

"കൊറോണ ഒരു തമാശയല്ല" എന്ന തലക്കെട്ട് നൽകിയാണ് ഒരമ്മയുടെ ഹൃദയഭേദകമായ അനുഭവങ്ങൾ ലൊറേൻ പങ്കുവെച്ചിരിക്കുന്നത്. അഞ്ചു വയസുള്ള മകൻ ആൽഫി കൊറോണ ബാധിച്ച കുഞ്ഞു ശരീരവുമായി ആശുപത്രി കിടക്കയിൽ അനുഭവിച്ച യാതനകൾ ലോറേൻ വിവരിക്കുന്നു." അധിക സമയവും 42 ഡിഗ്രി സേൽഷ്യസ് പനി, അബോധാവസ്ഥ, ഛർദി, തലവേദന, വിറയൽ, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് എന്നിവയെല്ലാം കുഞ്ഞ് ആൽഫി അനുഭവിച്ചു. ലോകത്തെ സകല ഊർജവും കൊണ്ടു നടന്നിരുന്ന അവൻ ചലിക്കാനാകാതെ, ഭക്ഷണം കഴിക്കാതെ, വല്ലപ്പോഴും വെള്ളം മാത്രം കുടിച്ച് കഴിയുന്നത് എനിക്ക് കാണേണ്ടി വന്നു. 40 ഡിഗ്രി സേൽഷ്യസിൽ നിന്ന് പനി താഴ്ന്നതേയില്ല. തലവേദന സഹിക്കാനാകാതെ അവൻ അലമുറയിട്ടു. 

അബോധാവസ്ഥയിൽ കിടക്കുമ്പോൾ താൻ മരിക്കാൻ പോവുകയാണോയെന്ന് അവൻ പലപ്പോഴും ചോദിച്ചു. ജീവിതത്തിലെ ഏറ്റവും മോശം അനുഭവത്തിലൂടെയാണ് ഞാൻ കടന്നു പോയത്. ഒരു കോവിഡ് 19 രോഗിയെ പരിചരിച്ചയാൾ എന്ന നിലക്ക്, അതിന്റെ പ്രത്യാഘാതങ്ങൾ കണ്ടയാൾ എന്ന നിലക്ക് ഞാൻ എല്ലാവരോടും അപേക്ഷിക്കുകയാണ് -സാമൂഹിക സമ്പർക്കത്തിൽ നിന്ന് അകന്ന് നിൽക്കുന്നത് നിങ്ങളുടെ മാത്രമല്ല മറ്റുള്ളവരുടെ ജീവൻ കൂടി രക്ഷിക്കലാണ്. പബ്ബിലും റസ്റ്റോറന്റിലും പോകുന്നതിനോ ടോയ്ലറ്റ് റോളിന്റെ ഏഴ് പാക്കറ്റ് വാങ്ങുന്നതിനോ ഒന്നുമല്ല ഇപ്പോൾ പ്രാധാന്യം നൽകേണ്ടത്. വീട്ടിലിരിക്കുക എന്ന സർക്കാർ നിർദേശം പാലിക്കണം. എത്ര വേഗം നിങ്ങൾ സാമൂഹിക സമ്പർക്കത്തിൽ നിന്ന് അകലുന്നുവോ അത്രവേഗം എല്ലാം ശരിയാകും. 

സഹതാപം കിട്ടാനല്ല ഞാനിത് എഴുതുന്നത്. ജനങ്ങൾ സുരക്ഷിതരാകണം എന്ന ആഗ്രഹം കൊണ്ടാണ്. നിങ്ങളുടെ സുരക്ഷ മാത്രമല്ല, സഹജീവികളുടെ സുരക്ഷയും നിങ്ങളുടെ കൈയിലാണ്"- ലൊറേൻ പറയുന്നു. കോവിഡ്​ 19 ബാധിച്ച്​ യു.കെയിൽ 422 പേർ മരിക്കുകയും 8,077 പേർ രോഗബാധിതരാകുകയും ചെയ്ത സാഹചര്യത്തിൽ ലൊറേനിന്റെ ബോധവത്കരണ പോസ്റ്റ് ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com