മരിക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞു വിളിച്ചു വരുത്തും; കൊന്നുതള്ളിയത് ഒന്‍പതുപേരെ, ഫ്രീസറിനുള്ളില്‍ അറുത്തുമാറ്റിയ തലകള്‍; 'ട്വിറ്റര്‍ കില്ലറിന്' വധശിക്ഷ

ഒമ്പത് പേരെ കൊലപ്പെടുത്തുകയും മൃതദേഹങ്ങള്‍ വെട്ടിനുറുക്കുകയും ചെയ്ത ജപ്പാനിലെ 'ട്വിറ്റര്‍ കില്ലര്‍ക്ക്' വധശിക്ഷ
തക്കാഹിറോയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നു/ചിത്രം: ട്വിറ്റര്‍
തക്കാഹിറോയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നു/ചിത്രം: ട്വിറ്റര്‍

ടോക്കിയോ: ഒമ്പത് പേരെ കൊലപ്പെടുത്തുകയും മൃതദേഹങ്ങള്‍ വെട്ടിനുറുക്കുകയും ചെയ്ത ജപ്പാനിലെ 'ട്വിറ്റര്‍ കില്ലര്‍ക്ക്' വധശിക്ഷ. ടോക്കിയോയിലെ കോടതിയാണ് തക്കാഹിറോ ഷിറൈഷി(30) എന്ന സീരിയല്‍ കില്ലര്‍ക്ക് വധശിക്ഷ വിധിച്ചത്. 

2017 ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലാണ് എട്ട് സ്ത്രീകളെയും ഒരു യുവാവിനെയും തക്കാഹിറോ അതിക്രൂരമായി കൊലപ്പെടുത്തിയത്. 15 വയസ്സിനും 26 വയസ്സിനും ഇടയില്‍ പ്രായമുള്ളവരായിരുന്നു ഇവരെല്ലാം. ട്വിറ്ററിലൂടെ ഇരകളുമായി പരിചയം സ്ഥാപിച്ച കൊലയാളി ഇവരെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് കൃത്യം നടത്തിയിരുന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹം വെട്ടിനുറുക്കുന്നതും പതിവായിരുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ ഇയാളുടെ ഫ്‌ളാറ്റില്‍നിന്ന് കണ്ടെടുത്തതോടെയാണ് പൊലീസിന്റെ പിടിവീണത്.

ട്വിറ്ററില്‍ ആത്മഹത്യപ്രവണത കാണിക്കുന്നവരെയാണ് തക്കാഹിറോ ഉന്നമിട്ടിരുന്നത്. മരിക്കാന്‍ സഹായിക്കാമെന്നും ഒപ്പം മരിക്കാന്‍ താനും തയ്യാറാണെന്നും ഇയാള്‍ വിശ്വസിപ്പിക്കും. തുടര്‍ന്ന് വീട്ടിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിക്കും. ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ വീട്ടില്‍ തന്നെ സൂക്ഷിക്കും.

2017 ഒക്ടോബറില്‍ 23-കാരിയെ കാണാതായെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണമാണ് ക്രൂരമായ കൊലപാതകങ്ങളുടെ ചുരുളഴിച്ചത്. യുവതിയുടെ ട്വിറ്റര്‍ അക്കൗണ്ട് പരിശോധിച്ച സഹോദരന്‍ തക്കാഹിറോയുമായി യുവതിക്ക് പരിചയമുണ്ടായിരുന്നുവെന്ന വിവരം പൊലീസിന് കൈമാറി. തുടര്‍ന്ന് പൊലീസ് സംഘം ഇയാളുടെ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അറുത്തുമാറ്റിയ നിലയില്‍ ഒമ്പത് പേരുടെ തലകളും കൈകളും കാലുകളും വീട്ടില്‍നിന്ന് കണ്ടെടുത്തു. ടൂള്‍ ബോക്‌സുകളിലും കൂളറുകളിലുമാണ് ഇവയെല്ലാം സൂക്ഷിച്ചിരുന്നത്.

കോടതിയില്‍ വിചാരണയ്ക്കിടെ തക്കാഹിറോ കുറ്റം സമ്മതിച്ചിരുന്നു. അതേസമയം. തക്കാഹിറോയെ വധശിക്ഷയില്‍നിന്ന് ഒഴിവാക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ആത്മഹത്യ പ്രവണതയുള്ളവരെയാണ് തക്കാഹിറോ കൊലപ്പെടുത്തിയതെന്നും അതിനാല്‍ തടവ് ശിക്ഷ വിധിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. പക്ഷേ, ഈ ആവശ്യം കോടതി തള്ളി.

കൊല്ലപ്പെട്ട ഒമ്പത് പേരും നിശബ്ദമായി പോലും കൊല്ലാനുള്ള സമ്മതം നല്‍കിയിട്ടില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം. ഒമ്പത് പേരുടെ ജീവനെടുത്തത് അതിഗൗരവമേറിയ സംഭവമാണെന്നും ഇരകളുടെ അന്തസ് ചവിട്ടിമെതിക്കപ്പെട്ടെന്നും കോടതി വിലയിരുത്തി. വെറും 16 പേര്‍ക്കുള്ള ഇരിപ്പിടങ്ങള്‍ മാത്രമാണ് കോടതിയില്‍ ഒരുക്കിയിരുന്നത്. എന്നാല്‍ പ്രമാദമായ കേസിന്റെ വിധിപ്രസ്താവം കേള്‍ക്കാന്‍ 400-ലേറെ പേര്‍ കോടതിയില്‍ എത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com