അമേരിക്കയെ കടത്തിവെട്ടും; 2028ല്‍ ചൈന ലോകത്തെ വലിയ സമ്പദ് വ്യവസ്ഥയാവുമെന്ന് വിലയിരുത്തല്‍

അമേരിക്കയെ കടത്തിവെട്ടും; 2028ല്‍ ചൈന ലോകത്തെ വലിയ സമ്പദ് വ്യവസ്ഥയാവുമെന്ന് വിലയിരുത്തല്‍
ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ഇന്ത്യയില്‍ എത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം/ഫയല്‍
ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ഇന്ത്യയില്‍ എത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം/ഫയല്‍

ലണ്ടന്‍: ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയെന്ന അമേരിക്കയുടെ പദവി 2028ല്‍ ചൈന കൈയടക്കുമെന്ന് വിലയിരുത്തല്‍. നേരത്തെ കണക്കാക്കിയിരുന്നതിലും അഞ്ചു വര്‍ഷം മുമ്പേ, അമേരിക്കയെ മറികടന്ന് ചൈന ലോകത്തെ വലിയ സമ്പദ് ശക്തിയാവുമെന്ന് സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ച് വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ് മഹാമാരിയുടെ ആഘാതത്തില്‍നിന്നു കരകയറുന്നതിന്റെ തോത് വിലയിരുത്തിയാണ് പുതിയ പഠനം. 2033ല്‍ ചൈന അമേരിക്കയെ മറികടക്കുമെന്നായിരുന്നു നേരത്തെ സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തിയിരുന്നത്. 

അമേരിക്കയും ചൈനയും തമ്മിലുള്ള മത്സരമാണ് കുറെക്കാലമായി ലോക സമ്പദ് രംഗത്തെ പ്രധാന വിഷയമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് വ്യാപനം ഈ മത്സരത്തെ ചൈനയ്ക്ക് അനുകൂലമായി മാറ്റിയിരിക്കുന്നു. കോവിഡിനെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ചൈനയ്ക്കായി. മുന്‍കൂട്ടി, കര്‍ശനമായ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൈനയെ മഹാമാരിയെ അതിജീവിക്കാന്‍ സഹായിച്ചു-സിഇബിആര്‍ പറയുന്നു.

2021-25 കാലത്ത് ചൈന 5.7 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്നാണ് കരുതുന്നത്. 2026-30 കാലത്ത് ഇത് 4.5 ആയി കുറയാന്‍ സാധ്യതയുണ്ട്. 2022-24 കാലത്ത് 1.9 ശതമാനമായിരിക്കും യുഎസിന്റെ വളര്‍ച്ച. അതിനു ശേഷം അത് 1.6 ശതമാനമായി കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ബ്രിട്ടന്‍ 2024ല്‍ തന്നെ ആറാം സ്ഥാനത്തേക്കു വീഴും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com