'കൊറോണ വെറും തട്ടിപ്പ്, യുവാവായ എന്നെ തൊടില്ല'; കോവിഡ് പാര്‍ട്ടിയില്‍ പങ്കെടുത്ത 30കാരന് ദാരുണാന്ത്യം

കോവിഡ് തട്ടിപ്പാണെന്ന് തെറ്റിദ്ധരിച്ച് രോഗബാധിതന്‍ സംഘടിപ്പിച്ച കോവിഡ് 19 പാര്‍ട്ടിയില്‍ പങ്കെടുത്ത യുവാവിന് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ദാരുണാന്ത്യം
'കൊറോണ വെറും തട്ടിപ്പ്, യുവാവായ എന്നെ തൊടില്ല'; കോവിഡ് പാര്‍ട്ടിയില്‍ പങ്കെടുത്ത 30കാരന് ദാരുണാന്ത്യം

ന്യൂയോര്‍ക്ക്: കോവിഡ് തട്ടിപ്പാണെന്ന് തെറ്റിദ്ധരിച്ച് രോഗബാധിതന്‍ സംഘടിപ്പിച്ച കോവിഡ് 19 പാര്‍ട്ടിയില്‍ പങ്കെടുത്ത യുവാവിന് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ദാരുണാന്ത്യം. അമേരിക്കയിലെ ടെക്‌സാസിലാണ് സംഭവം. അമേരിക്കയില്‍ മാത്രം കോവിഡ് ലക്ഷകണക്കിന് പേരുടെ ജീവനെടുത്ത പശ്ചാത്തലത്തിലാണ് യുവാവ് പാര്‍ട്ടിയില്‍ പങ്കെടുത്തതെന്ന് മെത്തേഡിസ്റ്റ് ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ വെളിപ്പെടുത്തി. യുവാക്കളുടെ ജീവനും വൈറസ് ഭീഷണിയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കോവിഡ് ബാധിക്കുന്നവര്‍ പാര്‍ട്ടി നടത്തുന്നതായും ഇവരില്‍ ആദ്യം രോഗം ബാധിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുന്നതായുമുള്ള വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു.കോവിഡ് വെറുമൊരു തട്ടിപ്പാണെന്നാണ് ഇയാള്‍ കരുതിയിരുന്നത്. യുവാവായതിനാല്‍ തനിക്കു വൈറസ് ബാധിക്കില്ലെന്നും അദ്ദേഹം കരുതി. എന്നാല്‍ എല്ലാം തെറ്റാണെന്നു മനസിലാക്കിയതോടെ താന്‍ വലിയൊരു തെറ്റു ചെയ്‌തെന്ന് യുവാവ് നഴ്‌സിനോടു തുറന്നുസമ്മതിച്ചുവെന്നും ഡോക്ടര്‍ വ്യക്തമാക്കി.

'നിങ്ങള്‍ക്ക് ഒരു കാര്യം അറിയുമോ, ഞാന്‍ ഒരു തെറ്റു ചെയ്തു. കോവിഡ് തട്ടിപ്പാണെന്ന് കരുതി. യുവാവ് ആയതുകൊണ്ട് രോഗം വരില്ലെന്നും കരുതി'- 30കാരന്റെ വാക്കുകള്‍ ഇങ്ങനെ.

യുവാക്കള്‍ക്കു രോഗം ബാധിച്ചാല്‍ തിരിച്ചറിയാന്‍ വളരെ ബുദ്ധിമുട്ടാണെന്നും ഡോക്ടര്‍ പറയുന്നു. അസുഖബാധിതനാണെന്നു ഇവരെ കണ്ടാല്‍ പെട്ടെന്നു മനസിലാകില്ല. എന്നാല്‍ അവരുടെ ഓക്‌സിജന്‍ ലെവല്‍ പരിശോധിക്കുകയും കോവിഡ് ടെസ്റ്റ് നടത്തുകയും ചെയ്യുമ്പോള്‍ കരുതുന്നതിലും മോശമാണ് അവരുടെ അവസ്ഥയെന്നു വ്യക്തമാകും. നിലവിലെ അവസ്ഥ മനസിലാക്കണമെന്നും വിഷയത്തെ ഗുരുതരമായി കാണണമെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടു. 

ലോകത്ത് ഏറ്റവുമധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് അമേരിക്കയിലാണ്. ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയിലാണ്.ദിനംപ്രതി അമേരിക്കയില്‍ രോഗികളുടെ എണ്ണം ഉയര്‍ന്നു വരികയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com