ചൈനയിലേക്ക് വരാൻ കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് നിര്‍ബന്ധം ; ഉത്തരവിറക്കി സര്‍ക്കാര്‍

വിമാനങ്ങള്‍ പുറപ്പെടുന്നതിന് അഞ്ചുദിവസം മുമ്പ് യാത്രക്കാർ ന്യൂക്ലിക് ആസിഡ് ടെസ്റ്റ് നടത്തണം
ചൈനയിലേക്ക് വരാൻ കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് നിര്‍ബന്ധം ; ഉത്തരവിറക്കി സര്‍ക്കാര്‍

ബെയ്ജിങ് : ചൈനയില്‍ വിമാനം ഇറങ്ങുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കി സര്‍ക്കാര്‍. വിദേശരാജ്യങ്ങളില്‍ നിന്നും ചൈനയിലേക്ക് പുറപ്പെടുന്ന വിമാനങ്ങളിലെ യാത്രക്കാര്‍ കൈവശം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണമെന്നാണ് ചൈനീസ് സിവില്‍ ഏവിയേഷന്‍ അതോറിട്ടി ഉത്തരവ് പുറപ്പെടുവിച്ചത്. 

രാജ്യത്ത് വീണ്ടും കോവിഡ് രോഗബാധ കണ്ടെത്തുന്ന സാഹചര്യത്തില്‍, പുറത്തുനിന്നുള്ള രോഗബാധിതരെ തടയുക ലക്ഷ്യമിട്ടാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ചൈനീസ് പൗരന്മാര്‍ക്കും വിദേശ പൗരന്മാര്‍ക്കും ഈ ഉത്തരവ് ബാധകമാണെന്ന് ചൈനീസ് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു. 

വിദേശത്തുനിന്നുള്ള വിമാനങ്ങള്‍ പുറപ്പെടുന്നതിന് അഞ്ചുദിവസം മുമ്പ് യാത്രക്കാർ ന്യൂക്ലിക് ആസിഡ് ടെസ്റ്റ് നടത്തണം. ആതിഥേയ രാജ്യങ്ങളിലെ ചൈനീസ് എംബസികള്‍ അംഗീകരിച്ച സ്ഥാപനങ്ങളിലാണ് ടെസ്റ്റ് നടത്തേണ്ടത്. വിദേശപൗരന്മാര്‍ ഇതിനായി എംബസികളെ ബന്ധപ്പെടേണ്ടതാണ്. വിദേശത്തുനിന്നെത്തുന്നവര്‍ കോവിഡ് നെഗറ്റീവ് ടെസ്റ്റിനൊപ്പം ആരോഗ്യസ്ഥിതി സംബന്ധിച്ച പ്രസ്താവനയും നല്‍കണം. 

അതേസമയം ചൈനീസ് പൗരന്മാര്‍ ഫോട്ടോയും ന്യൂക്ലിക് ആസിഡ് ടെസ്റ്റ് റിസള്‍ട്ടും മെസ്സേജിങ് പ്ലാറ്റ്‌ഫോമായ വിചാറ്റുവഴി അയക്കണം. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനങ്ങള്‍ പിന്‍വലിച്ച് കൂടുതല്‍ വിദേശരാജ്യങ്ങളില്‍ നിന്നും വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ ചൈനീസ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com