'ഞാന്‍ അടിവസ്ത്രം ധരിക്കാറില്ല, അതുകൊണ്ട് മാസ്കും വേണ്ട'- ഒരു ഭാഗത്ത് മുഖാവരണ വിരുദ്ധ പ്രചാരണവും

'ഞാന്‍ അടിവസ്ത്രം ധരിക്കാറില്ല, അതേ കാരണത്താല്‍ ഞാന്‍ മസ്‌ക്കും ധരിക്കില്ല'- ഒരു ഭാഗത്ത് മുഖാവരണ വിരുദ്ധ പ്രചാരണവും
'ഞാന്‍ അടിവസ്ത്രം ധരിക്കാറില്ല, അതുകൊണ്ട് മാസ്കും വേണ്ട'- ഒരു ഭാഗത്ത് മുഖാവരണ വിരുദ്ധ പ്രചാരണവും

ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളതും മരണം ഒരു ലക്ഷം കടന്നതും അമേരിക്കയിലാണ്. വളരെ വേഗത്തിലാണ് അമേരിക്കയില്‍ വൈറസ് പടര്‍ന്ന് പിടിച്ചത്. കോവിഡ് ബാധ അത തീവ്രമായി തന്നെ തുടരുകയാണ് അമേരിക്കയില്‍. 

അതിനിടെ, മാസ്‌ക്ക് വിരുദ്ധ പ്രചാരണവും അമേരിക്കയില്‍ തകൃതിയായി അരങ്ങേറുകയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഫ്‌ളോറിഡയിലാണ് ഒരുകൂട്ടം ആളുകള്‍ മാസ്‌ക്ക് വിരുദ്ധ പ്രചാരണവുമായി രംഗത്തെത്തിയത്. വളരെ വിചിത്രമായ കാരണങ്ങളാണ് പലരും ഇതിന്റെ ഭാഗമായി മുന്നോട്ടു വയ്ക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. 

ഫ്‌ളോറിഡയിലെ പാം ബീച്ചില്‍ കൗണ്ടി കമ്മിറ്റി യോഗത്തില്‍ ഇത് സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ നടന്നു. ഈ ചര്‍ച്ചയില്‍ സംസാരിച്ച പലരും വിചിത്രമായ ന്യായീകരണങ്ങളാണ് മാസ്‌ക്ക് ധരിക്കാത്തതിന് കാരണമായി നിരത്തിയത്. 

'ഞാന്‍ അടിവസ്ത്രം ധരിക്കാറില്ല. അതേ കാരണത്താല്‍ മാസ്‌ക്കും ധരിക്കില്ല'- മാസ്‌ക്ക് ധരിക്കാത്തതിന് ഒരു യുവതി നല്‍കിയ വിശദീകരണമാണിത്. ദൈവം നല്‍കിയ ശ്വസിക്കാനുള്ള സ്വാഭാവിക കഴിവിനെ മറയ്ക്കുന്നതാണ് മാസ്‌ക്ക് എന്നായിരുന്നു പ്രായമായ ഒരു സ്ത്രീ കാരണമായി പറഞ്ഞത്. 

മനുഷ്യന്റെ ശ്വസനം നിയന്ത്രിക്കാനുള്ള അവകാശം മറ്റൊരു മനുഷ്യനില്ല എന്നായിരുന്നു മറ്റൊരാളുടെ വിശദീകരണം. മാസ്‌ക്ക് ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത് ഡോക്ടറാണെങ്കില്‍ പോലും അറസ്റ്റ് ചെയ്യുകയാണ് വേണ്ടത് എന്നായിരുന്നു ഒരു യുവാവിന്റെ പ്രതികരണം. 

മാസ്‌ക്ക് ധരിക്കുന്നത് വ്യക്തിയെ കൊലയ്ക്ക് കൊടുക്കാനാണ് എന്നാണ് ഈ മാസ്‌ക്ക് വിരുദ്ധ സംഘം പ്രചരിപ്പിക്കുന്നത്. അതേസമയം ജനങ്ങളുടെ ഇടയില്‍ ശക്തമായ ബോധവത്കരണം നടത്തി പൊതു ഇടങ്ങളില്‍ മാസ്‌ക്ക് ധരിക്കുന്നത് ശക്തമാക്കാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com