ചൈനയില്‍ നിന്ന് മറ്റൊരു ആശ്വാസവാര്‍ത്ത; ഈ വര്‍ഷം അവസാനത്തോടെ കോവിഡ് വാക്‌സിന്‍ വിപണിയില്‍ എത്തിയേക്കും

വാക്‌സിന്‍ വലിയ തോതില്‍ ഉത്പാദിപ്പിക്കുന്നതിനുളള സംവിധാനങ്ങള്‍ പൂര്‍ണമായി അണുവിമുക്തമാക്കുന്നതാണ് ആദ്യ പടി
ചൈനയില്‍ നിന്ന് മറ്റൊരു ആശ്വാസവാര്‍ത്ത; ഈ വര്‍ഷം അവസാനത്തോടെ കോവിഡ് വാക്‌സിന്‍ വിപണിയില്‍ എത്തിയേക്കും

ബീജിംഗ്: കോവിഡിനെതിരായ വാക്‌സിന്‍ വികസിപ്പിച്ചെടുത്ത ചൈന, ഈ വര്‍ഷം അവസാനത്തോടെ വലിയതോതില്‍ വാക്‌സിന്‍ വിപണിയില്‍ ലഭ്യമാക്കാന്‍ നടപടി ആരംഭിച്ചതായി റിപ്പോര്‍ട്ട്. ബീജിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്ട്‌സും ചൈന നാഷണല്‍ ബയോടെക് ഗ്രൂപ്പും ചേര്‍ന്ന് കഴിഞ്ഞ ദിവസം നടത്തിയ രണ്ടാം ഘട്ട വാക്‌സിന്‍ പരീക്ഷണവും വിജയകരമായിരുന്നു. ഈ വര്‍ഷത്തിന്റെ അവസാനത്തോടെ വാക്‌സിന്‍ വിപണിയില്‍ ലഭ്യമാക്കാന്‍ ത്വരിതഗതിയിലാണ് ഇരുസ്ഥാപനങ്ങളിലും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്.

വാക്‌സിന്‍ വലിയ തോതില്‍ ഉത്പാദിപ്പിക്കുന്നതിനുളള സംവിധാനങ്ങള്‍ പൂര്‍ണമായി അണുവിമുക്തമാക്കുന്നതാണ് ആദ്യ പടി. ഇത് ശനിയാഴ്ച ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിവര്‍ഷം 12 കോടി വാക്‌സിനുകള്‍ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.

ലോകമൊട്ടാകെ മൂന്നര ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ഈ മഹാമാരിയുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ ഇരുകമ്പനികളും തയ്യാറായത്. സമാനമായ രീതിയില്‍ വിവിധ രാജ്യങ്ങളിലും വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതിന് വേണ്ടിയുളള പ്രവര്‍ത്തനങ്ങള്‍ അതിവേഗം മുന്നേറുകയാണ്.

ഇതുവരെ അഞ്ചു വാക്‌സിനുകളാണ് ചൈന വികസിപ്പിച്ചെടുത്തത്. ഇതെല്ലാം മനുഷ്യനില്‍ പരീക്ഷിക്കുന്ന ഘട്ടത്തിലാണ്. വാക്‌സിന്‍ പൂര്‍ണതോതില്‍ വിജയകരമായാല്‍, ഇത് ലോകത്തിന് കൈമാറുമെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്.  എന്നാല്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന കമ്പനികളുടെ മുന്‍പില്‍ നിരവധി വെല്ലുവിളികളുണ്ട്. വാക്‌സിന്‍ പരീക്ഷണത്തിന്റെ മൂന്നാംഘട്ടം കോവിഡ് വ്യാപനമുളള പ്രദേശങ്ങളിലാണ് നടത്തേണ്ടത്. നിലവില്‍ ചൈനയില്‍ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com