മാനസിക നില ശരിയല്ലാത്തതും കോവിഡിന്റെ ലക്ഷണമാകാം; പഠനറിപ്പോര്‍ട്ട് 

മാനസിക നില ശരിയല്ലാത്തത് കോവിഡിന്റെ ലക്ഷണമാകാമെന്ന് പഠനറിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലണ്ടന്‍: മാനസിക നില ശരിയല്ലാത്തത് കോവിഡിന്റെ ലക്ഷണമാകാമെന്ന് പഠനറിപ്പോര്‍ട്ട്. മാനസിക പ്രശ്‌നങ്ങള്‍ക്കൊപ്പം കടുത്ത പനി കൂടി വരുന്നത് കോവിഡിന്റെ ലക്ഷണമായി കാണാമെന്ന് ക്ലിനിക്കല്‍ ഇമ്യൂണോളജി ആന്റ് ഇമ്യൂണോതെറാപ്പി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

ചുമ, ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ട് എന്നി കടുത്ത ലക്ഷണങ്ങള്‍ക്ക് മുന്‍പ് സ്വാദും മണവും നഷ്ടപ്പെടുന്നത് കോവിഡിന്റെ രോഗലക്ഷണങ്ങളായി കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമേയാണ് മനോനിലയില്‍ മാറ്റങ്ങള്‍ പ്രകടമാകുന്നതോടൊപ്പം കടുത്തപനിയും രോഗലക്ഷണമായി കണക്കാക്കാമെന്ന് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 

മാനസിക പ്രശ്‌നങ്ങള്‍ക്കൊപ്പം കടുത്ത പനി ഉണ്ടെങ്കില്‍ കോവിഡ് സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് മുതിര്‍ന്ന ആളുകളിലാണ് ഈ രോഗലക്ഷണങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. യാഥാര്‍ത്ഥ്യബോധം നഷ്ടപ്പെടുന്ന അവസ്ഥ രോഗലക്ഷണമായി കാണാമെന്ന് സ്‌പെയിനിലെ ഒബര്‍ട്ട ഡി കാറ്റലൂന്യ സര്‍വകലാശാലയിലെ ജാവിയര്‍ കോറിയ പറയുന്നു.

കോവിഡിന് കാരണമാകുന്ന കൊറോണ വൈറസ് കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കാം. അങ്ങനെ സംഭവിച്ചാല്‍ മാനസിക നിലയെ ബാധിക്കാന്‍ സാധ്യത കൂടുതലാണ്. തലച്ചോറിനെ ബാധിച്ചാല്‍ ഓക്‌സിജന്റെ ലഭ്യത കുറയുന്ന ഹൈപോക്‌സിയ പോലുള്ള രോഗലക്ഷണങ്ങള്‍ പ്രകടമാകും. കോവിഡ് ബാധിച്ച് മരിച്ച നിരവധിയാളുകളില്‍ പരിശോധനയില്‍ ഹൈപോക്‌സിയ രോഗം കണ്ടെത്തിയിട്ടുണ്ട്. ഹൈപോക്‌സിയ മൂലം രോഗിയുടെ മാനസിക നില തകരാറിലാകാന്‍ സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com