വിഷം കലര്‍ത്തിയത് കുപ്പിവെള്ളത്തില്‍ ?;  നവാല്‍നിയുടെ ഹോട്ടല്‍ മുറിയില്‍ നിന്നും കണ്ടെടുത്ത വെള്ളക്കുപ്പിയില്‍ നോവിഷെകിന്റെ അംശം കണ്ടെത്തി

കുപ്പിവെള്ളത്തില്‍ നിന്നും ജര്‍മ്മന്‍ ലബോറട്ടറി വിഷാംശം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍
വിഷം കലര്‍ത്തിയത് കുപ്പിവെള്ളത്തില്‍ ?;  നവാല്‍നിയുടെ ഹോട്ടല്‍ മുറിയില്‍ നിന്നും കണ്ടെടുത്ത വെള്ളക്കുപ്പിയില്‍ നോവിഷെകിന്റെ അംശം കണ്ടെത്തി

മോസ്‌കോ : റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയ്ക്ക് വിഷം നല്‍കിയത് ഹോട്ടല്‍ റൂമില്‍ വെച്ചെന്ന് റിപ്പോര്‍ട്ട്. ഹോട്ടല്‍ റൂമിലെ കുപ്പിവെള്ളത്തില്‍ വിഷം കലക്കി നല്‍കുകയായിരുന്നു എന്നാണ് നവാല്‍നിയുമായി ബന്ധപ്പെട്ടവര്‍ ആരോപിക്കുന്നത്. നവാല്‍നി താമസിച്ച ഹോട്ടല്‍ മുറിയിലെ കുപ്പിവെള്ളത്തില്‍ നിന്നും ജര്‍മ്മന്‍ ലബോറട്ടറി വിഷാംശം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

സൈബീരിയന്‍ നഗരമായ ടോംസ്‌കിലെ ക്‌സാണ്ടര്‍ ഹോട്ടലില്‍, നവാല്‍നി പുറപ്പെട്ടതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് ഹോളി സ്പ്രിംഗ് എന്ന പേരിലുള്ള ഒഴിഞ്ഞ വെള്ളക്കുപ്പികള്‍ കണ്ടെത്തിയത്. കുപ്പിവെള്ളത്തില്‍ വിഷാംശം ഉള്ളതായി മറ്റ് ചില ലബോറട്ടറികളും കണ്ടെത്തിയിട്ടുണ്ട്. നാഡികളെ ബാധിക്കുന്ന നൊവിഷെക് എന്ന വിഷമാണ് നവാല്‍നിക്ക് നല്‍കിയത്. 

ഓഗസ്റ്റ് 20 ന് സൈബീരിയന്‍ നഗരമായ ടോംസ്‌കില്‍ നിന്ന് വിമാനത്തില്‍ കയറിയ അലക്‌സി നവാല്‍നി, വിമാനത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ബോധരഹിതനായി വീഴുകയുമായിരുന്നു. വിമാനത്താവളത്തിലെ കഫേയില്‍ നിന്നും കുടിച്ച ചായയില്‍ വിഷം കലക്കി നല്‍കുകയായിരുന്നു എന്നായിരുന്നു മുമ്പ് ഉയര്‍ന്ന സംശയം. 

അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവാല്‍നിയുടെ ശരീരത്തില്‍ വിഷാംശം ചെന്നതിന്റെ ലക്ഷണമില്ലെന്നായിരുന്നു റഷ്യയുടെ നിലപാട്. എന്നാല്‍ അന്താരാഷ്ട്രതലത്തില്‍ സമ്മര്‍ദ്ദം ശക്തമായതോടെ നവാല്‍നിയെ വിദഗ്ധ ചികില്‍സയ്ക്കായി ജര്‍മ്മനിയിലേക്ക് മാറ്റാന്‍ റഷ്യ അനുവദിക്കുകയായിരുന്നു. റഷ്യന്‍ പ്രസിഡന്‍ര് വ്ലാദിമിർ പുടിന്റെ കടുത്ത വിമര്‍ശകനായ അലക്‌സി നവാല്‍നിയെ റഷ്യന്‍ രഹസ്യാന്വേഷണസംഘടനകള്‍ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് കുടുംബവും അനുയായികളും ആരോപിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com