സ്ഥാപിക്കുന്നത് ഭൂമിയിലെ ഏറ്റവും വലിയ റഡാർ; ശ്രദ്ധേയ ചുവടുവയ്പുമായി ചൈന

സ്ഥാപിക്കുന്നത് ഭൂമിയിലെ ഏറ്റവും വലിയ റഡാർ; ശ്രദ്ധേയ ചുവടുവയ്പുമായി ചൈന
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

ബെയ്ജിങ്: ഭൂമിയിലെ ഏറ്റവും വലിയ റഡാർ സംവിധാനം സ്ഥാപിക്കാനുള്ള ഒരുക്കവുമായി ചൈന. ഭൂമിക്കും ജീവജാലങ്ങൾക്കും ഭീഷണിയാവാൻ സാധ്യതയുള്ള ഛിന്നഗ്രഹങ്ങളുടെ സാന്നിധ്യം കണ്ടെത്തി മുന്നറിയിപ്പ് നൽകുകയാണ് ലക്ഷ്യം. 115 അടി വ്യാസമുള്ള റോഡിയോ ഡിഷുകൾ കാഷ്ഗർ, സിങ്ജിയാങ് എന്നിവിടങ്ങളിലാണ് സ്ഥാപിക്കുക.

ഈ റഡാറുകളിൽ നിന്നുള്ള സിഗ്നലുകൾ ഭൂമിക്ക് പുറത്തേക്ക് അയക്കുകയും ശൂന്യാകാശത്തെ വസ്തുക്കളിൽ തട്ടി തിരിച്ചെത്തുന്ന സിഗ്നലുകളെ അടിസ്ഥാനമാക്കി ഉൽക്കകളുടെ സാന്നിധ്യം തിരിച്ചറിയുകയുമാണ് ചെയ്യുക.  നിലവിൽ അമേരിക്കക്ക് മാത്രമാണ് ഇത്തരം റഡാറുകളുള്ളത്.

ചൈനയിലെ ജിയാമുസി, ബെയ്ജിങ്, ടിയാൻജിങ്, ഷാങ്ഹായ്, കുൻമിങ് എന്നിവിടങ്ങളിലായിരിക്കും തിരിച്ചെത്തുന്ന സിഗ്നലുകളെ പിടിച്ചെടുക്കാൻ വേണ്ട സംവിധാനം ഒരുക്കുക. ഏതാണ്ട് 0.1 അസ്‌ട്രോണമിക്കൽ യൂണിറ്റ് വരെയുള്ള അകലത്തിലെ വസ്തുക്കൾ ഇതുവഴി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സൂര്യനിൽ നിന്നു ഭൂമിയിലേക്കുള്ള ദൂരമാണ് ഒരു അസ്‌ട്രോണമിക്കൽ യൂണിറ്റ്.

ഭൂമിക്ക് ഭീഷണിയാവാൻ സാധ്യതയുള്ള ഉൽക്കകളെയും ഛിന്നഗ്രഹങ്ങളേയും തിരിച്ചറിയാൻ കഴിയുന്ന റഡാറുകൾ നിലവിലുള്ള ഏക രാജ്യം അമേരിക്കയാണ്. റഡാർ യാഥാർഥ്യമാവുന്നതോടെ ഏതെങ്കിലും ഛിന്നഗ്രഹം ഭൂമിക്ക് ഭീഷണിയാവുമെന്ന മുന്നറിയിപ്പ് നൽകാനുള്ള ശേഷി ഭാവിയിൽ അമേരിക്കക്കൊപ്പം ചൈനക്കും കൈവരും.

ഭൂമിക്ക് സമീപത്തെ ഛിന്നഗ്രഹങ്ങളെയും ഉൽക്കകളേയും ദൂരദർശിനികൾ കൊണ്ടും നിരീക്ഷിക്കാനാകും. എന്നാൽ അവയുടെ വേഗവും വലുപ്പവും അടക്കമുള്ള നിർണായക വിവരങ്ങൾ ഇതുവഴി ശേഖരിക്കുക എളുപ്പമല്ല. ഈ കുറവ് പരിഹരിക്കാനാണ് റഡാറുകൾ അവതരിപ്പിക്കുന്നത്. വ്യോമഗതാഗതം അധികമില്ലാത്ത വാർത്താ വിനിമയ സംവിധാനങ്ങളെ ബാധിക്കാത്ത വിധത്തിലുള്ള പ്രദേശത്ത് റഡാറുകൾ സ്ഥാപിക്കുകയാണ് പ്രധാന വെല്ലുവിളികളിലൊന്ന്. ഇത്തരം കാര്യങ്ങൾ കൂടി കണക്കിലെടുത്താണ് ചൈനയിലെ ഏറ്റവും കുറവ് ജനസാന്ദ്രയുള്ള പ്രദേശങ്ങളിലൊന്നായ സിൻജിങ്പിങിൽ റഡാർ സ്ഥാപിക്കുന്നത്.

സൗരയൂഥത്തിൽ നാല് ലക്ഷത്തിലേറെ ഛിന്നഗ്രഹങ്ങളെ ഇതിനകം തന്നെ വാനനിരീക്ഷകർ കണ്ടെത്തിയിട്ടുണ്ട്. 2013 ഫെബ്രുവരിയിൽ റഷ്യയുടെ ആകാശത്ത് 30 കിലോമീറ്റർ ഉയരത്തിൽ 18 മീറ്റർ വ്യാസമുള്ള ഒരു ഉൽക്ക പൊട്ടിത്തെറിച്ചിരുന്നു. അന്ന് ആയിരത്തോളം പേർക്കാണ് പരിക്കേറ്റത്.

ഹിരോഷിമയിൽ വീണ അണുബോംബിന്റെ 20-30 ഇരട്ടി ശക്തിയാണ് ഈ ഉൽക്കാസ്‌ഫോടനത്തെ തുടർന്നുണ്ടായതെന്നാണ് കണക്കാക്കപ്പെടുന്നത്. ഛിന്നഗ്രഹങ്ങളുടെ ഭീഷണിയെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി യുഎൻ തന്നെ ഇത്തരമൊരു സംവിധാനത്തിന് രൂപം നൽകിയിട്ടുണ്ട്. ഭൂമിക്കടുത്തേക്ക് 50 മീറ്ററിൽ കൂടുതൽ വ്യാസമുള്ള ഛിന്നഗ്രഹം വരികയാണെങ്കിൽ ഈ രാജ്യാന്തര മുന്നറിയിപ്പ് സംവിധാനം വഴി എല്ലാ രാജ്യങ്ങൾക്കും മുന്നറിയിപ്പ് ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com