50,000 രൂപയ്ക്ക് സ്വന്തം കുട്ടികളെ വിൽക്കാൻ റോഡിലിറങ്ങി പൊലീസുകാരൻ; ഞെട്ടിക്കുന്ന സംഭവം; കാരണമിത്... (വീഡിയോ)

50,000 രൂപയ്ക്ക് സ്വന്തം കുട്ടികളെ വിൽക്കാൻ റോഡിലിറങ്ങി പൊലീസുകാരൻ; ഞെട്ടിക്കുന്ന സംഭവം; കാരണമിത്... (വീഡിയോ)
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ലാഹോർ: സ്വന്തം കുട്ടികളെ വിൽക്കാനായി റോഡിലിറങ്ങി പൊലീസുകാരൻ. പാകിസ്ഥാനിലാണ് ഞെട്ടിക്കുന്ന സംഭവം. 50,000 രൂപയ്ക്ക് കുട്ടികളെ വിൽക്കാനായാണ് പൊലീസുകാരൻ നിരത്തിലിറങ്ങിയത്. അവധി അനുവദിക്കാൻ മേലുദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് നിസാർ ലസ്ഹാരി എന്ന പൊലീസുകാരൻ കുട്ടികളെ വിൽക്കാനായി റോഡിലിറങ്ങിയത്.

രണ്ട് കുട്ടികളുമായി റോഡിലിറങ്ങി നിൽക്കുന്ന ഇദ്ദേഹത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടു. ഇതോടെ സംഭവം അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വാർത്തയായതോടെ നിസാർ ലസ്ഹരി നേരിട്ട പ്രശ്‌നങ്ങൾക്കും പരിഹാരമായി.

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുള്ള ഗോട്ട്ഖി ജില്ലയിലെ പൊലീസുകാരനാണ് നിസാർ ലസ്ഹരി. ജയിൽ വകുപ്പിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസം മകന്റെ ചികിത്സാ ആവശ്യങ്ങൾക്കായി നിസാർ അവധിക്ക് അപേക്ഷ നൽകി. എന്നാൽ അവധി അപേക്ഷ നിരസിച്ച മേലുദ്യോഗസ്ഥൻ, അവധി അനുവദിക്കണമെങ്കിൽ കൈക്കൂലി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഇതോടെയാണ് നിസാർ രണ്ട് മക്കളുമായി റോഡിലിറങ്ങിയത്. 50,000 പാകിസ്ഥാനി രൂപയ്ക്ക് മക്കളെ വിൽക്കുകയാണെന്ന് പറഞ്ഞാണ് നിസാർ റോഡിലിറങ്ങിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട ചിലർ പൊലീസുകാരന്റെ വീഡിയോ പകർത്തി. മണിക്കൂറുകൾക്കകം വീഡിയോ വൈറലായി.

അവധി നിരസിച്ച മേലുദ്യോഗസ്ഥൻ തന്നെ 120 കിലോമീറ്റർ അകലെയുള്ള ലാർക്കാനയിലേക്ക് സ്ഥലം മാറ്റിയതായും നിസാർ മാധ്യമങ്ങളോട് പറഞ്ഞു. 'കൈക്കൂലി നൽകാത്തതിന് എന്തിനാണ് ഇങ്ങനെ ശിക്ഷിക്കുന്നത്? ഞാനൊരു പാവപ്പെട്ടവനാണ്. ഇക്കാര്യത്തിൽ കറാച്ചി വരെ യാത്ര ചെയ്ത് ഐജിക്ക് പരാതി നൽകാൻ എന്നെക്കൊണ്ട് കഴിയില്ല. ഈ ഉദ്യോഗസ്ഥരെല്ലാം ശക്തരാണ്. ഇവർക്കെതിരേ യാതൊരു നടപടിയും സ്വീകരിക്കില്ല. ഞാൻ എന്റെ കുഞ്ഞിന്റെ ഓപ്പറേഷന് പണം മുടക്കണോ അതോ ഇവർക്ക് കൈക്കൂലി നൽകണോ?'- നിസാർ ലസ്ഹരി ചോദിച്ചു.

പൊലീസുകാരന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷാ വിഷയത്തിൽ ഇടപെട്ടു. പൊലീസുകാരനെ നേരത്തെ ജോലി ചെയ്ത സ്ഥലത്തു തന്നെ വീണ്ടും നിയമിച്ചതായും മകന്റെ ചികിത്സാ ആവശ്യങ്ങൾക്കായി 14 ദിവസത്തെ അവധി അനുവദിച്ചതായും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com