'പുതുയുഗത്തിലേക്ക് യു എസ്' ; പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കും ; അമേരിക്കയില്‍ കനത്ത സുരക്ഷ

വൈസ് പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ വനിതയാണ് തമിഴ്‌നാട്ടില്‍ കുടുംബവേരുകളുള്ള കമല ഹാരിസ്
ജോ ബൈഡന്‍, കമല ഹാരിസ് /ഫയല്‍ ചിത്രം
ജോ ബൈഡന്‍, കമല ഹാരിസ് /ഫയല്‍ ചിത്രം

വാഷിങ്ടന്‍ : അമേരിക്കയില്‍ പുതിയ ഭരണത്തിന് ഇന്ന് തുടക്കം. രാജ്യത്തിന്റെ 46-ാം പ്രസിഡന്റായി ജോ ബൈഡനും (78) വൈസ് പ്രസിഡന്റായി കമല ഹാരിസും (56) ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്ത്യന്‍ സമയം രാത്രി 10.30 നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. 

78 വയസ്സുള്ള ജോ ബൈഡനാണ് ഏറ്റവും ഉയര്‍ന്ന പ്രായത്തില്‍ അധികാരമേല്‍ക്കുന്ന യുഎസ് പ്രസിഡന്റ്. വൈസ് പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ വനിതയാണ് തമിഴ്‌നാട്ടില്‍ കുടുംബവേരുകളുള്ള കമല ഹാരിസ്. ഇന്ത്യന്‍ വംശജരില്‍ നിന്ന് ഒരാള്‍ യുഎസ് വൈസ് പ്രസിഡന്റാകുന്നതും ആദ്യം. അമേരിക്കയുടെ 49-ാമത് വൈസ് പ്രസിഡന്റാണ് കമല ഹാരിസ്. 

പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്, കോവിഡിന്റെ പശ്ചാത്തലത്തില്‍ വന്‍ ആഘോഷമായി നടത്തില്ല. വെറും ആയിരം പേരാകും ചടങ്ങില്‍ പങ്കെടുക്കുക. വീണ്ടും അക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ വാഷിങ്ടണിലും യുഎസിലെ എല്ലാ സംസ്ഥാനങ്ങളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 

സ്ഥാനമൊഴിയുന്ന പ്രസിഡന്റ് അധികാരക്കൈമാറ്റത്തിന് എത്തില്ല എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. ഡോണള്‍ഡ് ട്രംപ് ഇന്ന് അതിരാവിലെ വൈറ്റ്ഹൗസ് വിടുമെന്നാണു സൂചന.  ട്രംപ് ഫ്‌ലോറിഡ പാം ബീച്ചിലുള്ള സ്വന്തം ക്ലബ്ബിലേക്കു പോകുമെന്നാണ് റിപ്പോര്‍ട്ട്. മുന്‍ പ്രസിഡന്റുമാരായ ബറാക് ഒബാമ, ജോര്‍ജ് ഡബ്ല്യു ബുഷ്, ബില്‍ ക്ലിന്റന്‍ എന്നിവര്‍ കുടുംബസമേതം ചടങ്ങിനെത്തും. 

സത്യപ്രതിജ്ഞയാക്കായി ജോ ബൈഡന്‍ വാഷിങ്ടണിലെത്തിയിട്ടുണ്ട്. സത്യപ്രതിജ്ഞയ്ക്ക് മുമ്പായി ബൈഡനും കമല ഹാരിസും കോവിഡ് ബാധിച്ച് മരിച്ചവരുടെ സ്മാരകത്തിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. അതിനിടെ സുരക്ഷാ സേനയിലെ 12 അംഗങ്ങളെ ചുമതലയില്‍ നിന്നും ഒഴിവാക്കി. രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com