ആകാശത്ത് പാറിപ്പറന്ന് ടെന്റുകൾ! അമ്പരപ്പിക്കുന്ന കാഴ്ച

ആകാശത്ത് പാറിപ്പറന്ന് ടെന്റുകൾ! അമ്പരപ്പിക്കുന്ന കാഴ്ച
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബെയ്ജിങ്: കഴിഞ്ഞ ദിവസം ചൈനയിൽ നിന്ന് പുറത്തു വന്ന ഒരു കാഴ്ച ലോകത്തിന് കൗതുകമായി. ചൈനയിലെ വുഗോങ്‌ഷാൻ നാഷണൽ ജിയോളജിക്കൽ പാർക്കിലെത്തിയ സഞ്ചാരികൾ ഈ കാഴ്ചയ്ക്ക് നേരിട്ട് സാക്ഷികളുമായി. ആകാശത്തിൽ പട്ടം പോലെ വിവിധ നിറത്തിലുള്ള അൻപതോളം ടെന്റുകൾ  പാറിപ്പറക്കുന്ന കാഴ്ചയാണ് സന്ദർശകരിൽ ഒരേസമയം കൗതുകവും അമ്പരപ്പും ഉണ്ടാക്കിയത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി. 

ഏറെ ഉയരമുള്ള പ്രദേശത്ത് ശക്തമായ കാറ്റ് വീശി അടിച്ചതോടെ ടെന്റുകൾ വായുവിൽ ഉയർന്നു പറക്കുകയായിരുന്നു.  വില്പനയ്ക്കായി തുറന്ന നിലയിൽ  സൂക്ഷിച്ചിരുന്നതിനാലാണ് ടെന്റുകൾ പറന്നു പോയത്. കാറ്റു വീശിയടിക്കാൻ തുടങ്ങിയതോടെ ടെന്റുകൾ കുറ്റികളിൽ ഉറപ്പിച്ചുകെട്ടാൻ വില്പനക്കാർ ശ്രമിച്ചെങ്കിലും ചിലത് അതിനു മുൻപു തന്നെ കാറ്റു കൊണ്ടുപോയി. 

ഏതാനും മാസങ്ങൾക്കു മുൻപും സമാനമായ സംഭവം ഉണ്ടായിരുന്നു. അതിനു ശേഷം ടെന്റുകൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്ന് വിൽപനക്കാർക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകിയിരുന്നതായി വിനോദസഞ്ചാര കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സൂര്യോദയവും  മേഘപാളികളും ആസ്വദിക്കുന്നതിനായി വുഗോങ്‌ മലനിരകൾക്ക് മുകളിൽ ടെന്റുകളിൽ താമസിക്കാനെത്തുന്നവർ നിരവധിയാണ്. 

ചൈനയുടെ ദേശീയ ദിനത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ട  അവധി ദിനങ്ങളായതിനാൽ  ഇവിടേക്ക് സന്ദർശകർ വലിയതോതിലെത്തുന്നത് കണക്കിലെടുത്ത് കൂടുതൽ ടെന്റുകൾ വിൽപനയ്ക്കായി എത്തിച്ചിരുന്നു. മലമുകളിൽ നിന്നുള്ള കാഴ്ചകൾ കണ്ടാസ്വദിക്കാനെത്തിയവർക്ക് വ്യത്യസ്തമായ ഒരു കാഴ്ചയാണ് ശക്തമായ കാറ്റ് സമ്മാനിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com