രജപക്‌സെയുടെ സഹോദരനെ പുറത്താക്കി; ശ്രീലങ്കയില്‍ താത്ക്കാലിക മന്ത്രിസഭ, മോദിയോട് സഹായം അഭ്യര്‍ത്ഥിച്ച് പ്രതിപക്ഷ നേതാവ്

നാല് മന്ത്രിമാരാണ് അധികാരമേറ്റത്
ശ്രീലങ്കയില്‍ നടക്കുന്ന പ്രതിഷേധം/എഎഫ്പി
ശ്രീലങ്കയില്‍ നടക്കുന്ന പ്രതിഷേധം/എഎഫ്പി


കൊളംബൊ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മന്ത്രിസഭ രാജിവച്ച ശ്രീലങ്കയില്‍ താത്ക്കാലിക മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു. നാല് മന്ത്രിമാരാണ് അധികാരമേറ്റത്. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രജപക്‌സെയുടെ സഹോദരനും ധനമന്ത്രിയുമായ ബേസില്‍ രജപക്‌സെയെ സ്ഥാനത്തു നിന്ന് നീക്കി. പകരം അലി സബ്രെയെ ധനമന്ത്രിയാക്കി. നീതിന്യായ മന്ത്രിയായിരുന്നു അലി. 

പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയുമായി ബേസില്‍ ആശയവിനിമയം നടത്തിയിരുന്നു. ഐഎംഎഫുമായി ചര്‍ച്ച നടത്താന്‍ അമേരിക്കയിലേക്ക് പുറപ്പെടാനിരിക്കെയാണ് ബേസിലിനെ സ്ഥാനത്ത് നിന്ന് മാറ്റിയത്. സാമ്പത്തിക പ്രതിസന്ധിയ്ക്ക് പിന്നാലെ ബേസിലിന് എതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. 

ജി എല്‍ പെയ്‌രിസ് വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റു. ദിനേശ് ഗുണവര്‍ധനെയാണ് പുതിയ വിദ്യാഭ്യാസ മന്ത്രി. ഹൈവെ മന്ത്രിയായി ജോണ്‍സണ്‍ ഫെര്‍ണാണ്ടോ സത്യപ്രതിജ്ഞ ചെയ്തു. നിലവില്‍ ചുമതലയേറ്റ മന്ത്രിമാരുടെ കൂട്ടത്തില്‍ രജപക്‌സെ കുടുംബാംഗങ്ങള്‍ ആരുംതന്നെയില്ല. സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ രജപക്‌സെ കുടുംബത്തിന് എതിരെ രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ദേശീയ മന്ത്രിസഭയുണ്ടാക്കാന്‍ എല്ലാ പാര്‍ട്ടികളെയും ക്ഷണിച്ചതിന് പിന്നാലെയാണ്, നാല് മന്ത്രിമാര്‍ അധികാരമേറ്റത്. 26 മന്ത്രിമാര്‍ കഴിഞ്ഞദിവസം രാജിവച്ചിരുന്നു. 

മോദിയോട് സഹായം തേടി പ്രതിപക്ഷ നേതാവ്

അതേസമയം, ശ്രീലങ്കന്‍ കേന്ദ്രബാങ്ക് ഗവര്‍ണര്‍ അജിത് കബ്രാള്‍ രാജിവച്ചു. മന്ത്രിമാര്‍ രാജിവച്ച സാഹചര്യത്തില്‍ താന്‍ സ്ഥാനത്ത് തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഇദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, പ്രതിസന്ധിയില്‍ സഹായിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ശ്രീലങ്കന്‍ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ അഭ്യര്‍ത്ഥിച്ചു. 'ദയവായി ശ്രീലങ്കയെ പരമാവധി സഹായിക്കാന്‍ ശ്രമിക്കുക. ഞങ്ങള്‍ക്ക് മാതൃരാജ്യത്തെ രക്ഷിക്കേണ്ടതുണ്ട്'. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച സന്ദേശത്തില്‍ പ്രേമദാസ അഭ്യര്‍ത്ഥിച്ചു. 

ഇതുകൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com