വീണ്ടും എബോള ഭീതി; കോം​ഗോയിൽ രണ്ടാം മരണം; വൈറസിന് കീഴടങ്ങിയത് 25കാരി 

25കാരിയായ യുവതിയാണ് മരിച്ചത്. പന്ത്രണ്ട് ദിവസം മുമ്പാണ് ഇവർക്ക് ലക്ഷണങ്ങൾ കണ്ടെത്തിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കിൻഷസ: കോം​ഗോയിൽ എബോള വൈറസ് പൊട്ടിപ്പുറപ്പെട്ടതായി ലോകാരോ​ഗ്യ സംഘടന പ്രസ്താവിച്ചതിന് പിന്നാലെ രാജ്യത്ത് വൈറസ് ബാധിച്ച് രണ്ടാം മരണവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ​ദിവസം ആദ്യ മരണം റിപ്പോർട്ട് ചെയ്ത ബാൻഡകയിൽ തന്നെയാണ് രണ്ടാമത്തെ മരണവും സ്ഥിരീകരിച്ചിരിക്കുന്നത്. 

25കാരിയായ യുവതിയാണ് മരിച്ചത്. പന്ത്രണ്ട് ദിവസം മുമ്പാണ് ഇവർക്ക് ലക്ഷണങ്ങൾ കണ്ടെത്തിയത്. എബോള ബാധിച്ച് ആദ്യം മരിച്ച രോ​ഗിയുടെ അടുത്ത ബന്ധു ആണ് ഇപ്പോൾ മരണമടഞ്ഞത്.

എബോള ബാധ മൂലം കഴിഞ്ഞ ദിവസം ഒരു രോ​ഗി മരിച്ചതിനു പിന്നാലെയാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ​കോം​ഗോ എബോള പൊട്ടിപ്പുറപ്പെട്ടതായി പ്രഖ്യാപിച്ചത്. 2018നു ശേഷം ആറാം തവണയാണ് കോം​ഗോയിൽ എബോള ബാധയുണ്ടാകുന്നത്.

ബാൻഡകയിൽ നിന്നുള്ള 31കാരനായ രോ​ഗിയാണ് ഈയാഴ്ച ആദ്യം എബോള മൂലം മരണമടഞ്ഞത്. ഏപ്രിൽ അഞ്ച് മുതൽ രോ​ഗ ലക്ഷണങ്ങൾ കണ്ടിരുന്നു. ഒരാഴ്ചയോളം വീട്ടിൽ ചികിത്സിച്ചതിനു ശേഷം പ്രാദേശിക ആരോ​ഗ്യ സംവിധാനത്തിന് കീഴിൽ ചികിത്സയ്ക്കെത്തി. ഏപ്രിൽ 21നാണ് രോ​ഗിയെ കൂടുതൽ ചികിത്സയ്ക്കായി എബോള ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റിയത്. അതിതീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സയിലായിരുന്ന രോ​ഗി തൊട്ടടുത്ത ദിവസം മരിച്ചു. 

രോ​ഗിയുടെ ലക്ഷണങ്ങളിൽ നിന്ന് എബോള ബാധിച്ചതായി സംശയം തോന്നിയ ആരോ​ഗ്യ പ്രവർത്തകർ ഉടൻ തന്നെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ഉറവിടം സംബന്ധിച്ച അന്വേഷണം നടന്നു വരികയാണെന്ന് ​ഗ്ലോബൽ ഹെൽത്ത് ഏജൻസി അറിയിച്ചു. 

കോം​ഗോയിൽ എബോള വ്യാപനത്തെ തടയാനുള്ള പരിശോധനകളും സമ്പർക്ക പട്ടികകളും തയ്യാറാക്കി വരികയാണ്. ഒപ്പം വാക്സിനേഷൻ യജ്ഞങ്ങളും ഉടൻ ആരംഭിക്കും.

എബോള നിയന്ത്രണത്തിൽ കോം​ഗോയിലെ ആരോ​ഗ്യ പ്രവർത്തകർ ലോകത്തിലെ മറ്റാരേക്കാളും പ്രവർത്തി പരിചയമുള്ളവരാണ് എന്നതാണ് പ്രതീക്ഷ പകരുന്ന വാർത്ത എന്ന് കഴിഞ്ഞ ദിവസം ലോകാരോ​ഗ്യ സംഘടനയുടെ ആഫ്രിക്കയിലെ റീജിയനൽ ഡയറക്ടർ ഡോ. മറ്റ്ഷിദിസു മൊയേറ്റി പറഞ്ഞു. 

ബാൻഡകയിലുള്ള ഭൂരിപക്ഷം പേരും ഇതിനകം എബോളയ്ക്കെതിരായ വാക്സിൻ സ്വീകരിച്ചിട്ടുള്ളവരാണ്. ഇത് രോ​ഗത്തിന്റെ ആഘാതം കുറയ്ക്കുമെന്നും മറ്റ്ഷിദിസു മൊയേറ്റി വ്യക്തമാക്കി. 2020ൽ എബോള പൊട്ടിപ്പുറപ്പെട്ടപ്പോൾ വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്കെല്ലാം വീണ്ടും വാക്സിൻ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com