ഒളിമ്പിക്‌സ് ദീപ ശിഖയേന്താന്‍ ഗാല്‍വാനില്‍ പരിക്കേറ്റ സൈനികന്‍; ചൈനയ്‌ക്കെതിരെ വിമര്‍ശനവുമായി അമേരിക്ക

ഗാല്‍വാനില്‍ ഇന്ത്യന്‍ സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ പരുക്കേറ്റ സൈനികനെ ബെയ്ജിങ് ഒളിമ്പിക്സിന്റെ ദീപശിഖയേന്താന്‍ നിയോഗിച്ച ചൈനയുടെ നടപടി ലജ്ജാവഹമെന്ന് അമേരിക്ക
ശൈത്യകാല ഒളിമ്പിക്‌സ് ദീപശിഖ റാലിക്ക് തുക്കമായപ്പോള്‍
ശൈത്യകാല ഒളിമ്പിക്‌സ് ദീപശിഖ റാലിക്ക് തുക്കമായപ്പോള്‍

ന്യൂഡല്‍ഹി: ഗാല്‍വാനില്‍ ഇന്ത്യന്‍ സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ പരുക്കേറ്റ സൈനികനെ ബെയ്ജിങ് ഒളിമ്പിക്സിന്റെ ദീപശിഖയേന്താന്‍ നിയോഗിച്ച ചൈനയുടെ നടപടി ലജ്ജാവഹമെന്ന് അമേരിക്ക.ഗാല്‍വാന്‍ ആക്രമണത്തില്‍ പരിക്കേറ്റ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കമാന്‍ഡര്‍ ക്വി ഫബാവോ ആയിരിക്കും ശൈത്യകാല ഒളിമ്പിക്‌സിന്റെ ദീപശിഖ തെളിയിക്കുന്നതെന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് വിമര്‍ശനവുമായി അമേരിക്ക രംഗത്തെതത്തിയത്. ഒളിമ്പിക്‌സിനെ രാഷ്ട്രീയവത്കരിക്കാനാണ് ചൈനയുടെ ശ്രമമെന്നും യുഎസ് ആരോപിച്ചു.

'2020ല്‍ ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തുകയും ഉയ്ഗുറുകളെ വംശഹത്യ നടത്തുകയും ചെയ്ത സംഘത്തിലെ സൈനികനെയാണ് ഒളിമ്പിക്‌സ് ദീപശിഖയേന്താന്‍ ചൈന നിയോഗിച്ചിരിക്കുന്നത്. ഇത് ലജ്ജാകരമാണ്. ഉയ്ഗുറുകളുടെ സ്വാതന്ത്ര്യത്തിനും ഇന്ത്യയുടെ പരമാധികാരത്തിനും വേണ്ടി യുഎസിന്റെ പിന്തുണ തുടരും' യുഎസ് സെനറ്റ് അംഗം ജിം റിസ്ച് ട്വിറ്ററില്‍ കുറിച്ചു.

ഗാല്‍വാന്‍ താഴ്‌വരയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യയ്ക്ക് നഷ്ടമായത് 20 സൈനികരെയാണ്. എന്നാല്‍ ചൈനയ്ക്ക് നഷ്ടമായ സൈനികരുടെ കണക്കുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 40 ഓളം പേര്‍ മരിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

സംഘര്‍ഷത്തിനിടെ 38 ചൈനീസ് സൈനികര്‍ നദിയില്‍ മുങ്ങിമരിച്ചതായി പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഒരു ഓസ്ട്രേലിയന്‍ ദിനപ്പത്രമാണ് അന്വേഷണാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സംഘര്‍ഷത്തില്‍ നാലു സൈനികര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് ചൈന പറഞ്ഞിരുന്നത്.

ഓസ്ട്രേലിയന്‍ ദിനപ്പത്രമായ ദ ക്ലാക്സോണിലെ റിപ്പോര്‍ട്ട് പ്രകാരം, സംഘര്‍ഷത്തിന്റെ തുടക്ക ഘട്ടത്തില്‍ തന്നെ 38 ചൈനീസ് സൈനികര്‍ മരണത്തിനിരയായതായി വ്യക്തമാക്കുന്നു. ജൂണ്‍ 15-16 ദിവസങ്ങളിലായിരുന്നു സംഭവം. ഇരുട്ടിന്റെ മറവില്‍ ഗാല്‍വന്‍ നദി കടക്കാനുള്ള ശ്രമത്തിനിടെയാണ് ചൈനീസ് സൈനികര്‍ അപായപ്പെട്ടതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ജൂണ്‍ 15 ന് രാത്രി ഗാല്‍വാന്‍ താഴ്വരയിലെ ചൈനീസ് കയ്യേറ്റം നീക്കാന്‍ ഇന്ത്യന്‍ സൈന്യം പോയിരുന്നു. ചൈനയുടെ കേണല്‍ ക്വി ഫാബാവോയെയും 150 ചൈനീസ് സൈനികരെയും അവര്‍ കണ്ടു. ഇന്ത്യന്‍ സൈനികരുമായി പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനുപകരം അവര്‍ ഒരു ഏറ്റുമുട്ടലിന് കോപ്പുകൂട്ടുകയാണ് ചെയ്തത്.

കേണല്‍ ഫാബാവോ ആക്രമിച്ച നിമിഷം, ഉടന്‍ തന്നെ ഇന്ത്യന്‍ സൈന്യം അദ്ദേഹത്തെ ഉപരോധിച്ചു. അദ്ദേഹത്തെ രക്ഷിക്കാന്‍, പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ബറ്റാലിയന്‍ കമാന്‍ഡര്‍ ചെന്‍ ഹോങ്ജുനും സൈനികന്‍ ചെന്‍ സിയാങ്റോണും സ്റ്റീല്‍ പൈപ്പുകളും വടികളും കല്ലുകളും ഉപയോഗിച്ച് ഇന്ത്യന്‍ സൈനികരുമായി നേരിട്ട് ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ മൂന്നു ചൈനീസ് സൈനികര്‍ മരിച്ചതോടെ അവര്‍ പരിഭ്രാന്തരായി പിന്മാറി.

മരിച്ച സൈനികരിലൊരാളായ വാങ് ഷുറാന്‍, പിന്‍വാങ്ങിയ ചൈനീസ് സൈനികരെ സഹായിക്കാനായി രംഗത്തു വന്നിരുന്നു. പെട്ടെന്നുള്ള പിന്മാറ്റത്തിനിടെ ചൈനീസ് സൈനികര്‍ക്ക് വാട്ടര്‍ പാന്റ് ധരിക്കാന്‍ പോലും സമയം ലഭിച്ചില്ല. വാങിന്റെ മാര്‍ഗനിര്‍ദേശപ്രകാരം ഇരുട്ടില്‍ നദിയിലെ മഞ്ഞുമൂടിയ വെള്ളം കടക്കാന്‍ ശ്രമിച്ചപ്പോള്‍, പെട്ടെന്ന് നദിയില്‍ ജലനിരപ്പ് ഉയരുകയും സൈനീകര്‍ ഒഴുക്കില്‍പ്പെടുകയുമായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഗാല്‍വാന്‍ സംഘര്‍ഷത്തില്‍ തങ്ങളുടെ ഭാഗത്ത് നാശനഷ്ടമൊന്നും സംഭവിച്ചില്ലെന്നാണ് ചൈന ആദ്യം പറഞ്ഞിരുന്നത്. പിന്നീട് സംഘര്‍ഷത്തില്‍ നാലു സൈനികര്‍ കൊല്ലപ്പെട്ടതായി ചൈനീസ് സൈന്യം സമ്മതിച്ചു. ഈ നാലുപേര്‍ക്കും 2021 ഫെബ്രുവരിയില്‍ മരണാനന്തര ബഹുമതിയായി സൈനിക മെഡലുകളും ബീജിങ് പ്രഖ്യാപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com