റഷ്യ യുക്രൈന്‍ ആക്രമിക്കാന്‍ ഇപ്പോഴും സാധ്യത; ശക്തമായ തിരിച്ചടി നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ മുന്നറിയിപ്പ്, സൈബര്‍ ആക്രമണം

അതിര്‍ത്തിയില്‍ നിന്ന് സൈനികരെ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചതിനിടെ, റഷ്യ യുക്രൈന്‍ ആക്രമിക്കാന്‍ ഇപ്പോഴും സാധ്യത നിലനില്‍ക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍
ജോ ബൈഡന്‍, എഎന്‍ഐ
ജോ ബൈഡന്‍, എഎന്‍ഐ

ന്യൂയോര്‍ക്ക്:  അതിര്‍ത്തിയില്‍ നിന്ന് സൈനികരെ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചതിനിടെ, റഷ്യ യുക്രൈന്‍ ആക്രമിക്കാന്‍ ഇപ്പോഴും സാധ്യത നിലനില്‍ക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് സേന പിന്മാറിയെന്ന റഷ്യന്‍ വാദം ബൈഡന്‍ സ്ഥിരീകരിച്ചില്ല. യുദ്ധമുണ്ടായാല്‍ ലോകരാജ്യങ്ങളെ അണിനിരത്തി നേരിടുമെന്നും ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.

യുക്രൈനെ റഷ്യ ആക്രമിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കാന്‍ തയ്യാറാണ്. റഷ്യയുമായി നേരിട്ട് ഏറ്റുമുട്ടാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ യുക്രൈനിലെ അമേരിക്കക്കാരെ ആക്രമിക്കാന്‍ റഷ്യ ലക്ഷ്യമിട്ടാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.

അതിനിടെ യുക്രൈനില്‍ സൈബര്‍ ആക്രമണം നടന്നു. സൈന്യവും പ്രതിരോധമന്ത്രാലയവും ബാങ്ക് വൈബ്‌സൈറ്റുകളുമാണ് സൈബര്‍ ആക്രമണത്തിന് ഇരയായത്.  വിദേശകാര്യ, സാംസ്‌കാരിക മന്ത്രാലയ സൈറ്റുകളും പ്രവര്‍ത്തനരഹിതമായതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞദിവസമാണ് യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് സൈനിക വിന്യാസം ഭാഗികമായി പിന്‍വലിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ വ്യക്തമാക്കിയത്. അമേരിക്കയുമായും ചൈനയുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പുടിന്‍ അറിയിച്ചു. ജര്‍മന്‍ ചാന്‍സിലര്‍ ഒലാഫ് ഷോള്‍സുമായി നടത്തിയ ചര്‍ച്ചയിലാണ് പുടിന്‍ നിലപാട് മയപ്പെടുത്തിയത്. റഷ്യ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും റഷ്യയുടെ ആവശ്യങ്ങള്‍ നാറ്റോ അംഗീകരിക്കാന്‍ മടിക്കുകയാണെന്നും പുടിന്‍ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com