വീണ്ടും പ്രകോപനം; മിസൈല്‍ പരീക്ഷണം നടത്തി റഷ്യ

ബെലാറൂസിലാണു പരീക്ഷിച്ചത്. അരലക്ഷത്തോളം വരുന്ന റഷ്യന്‍ സൈന്യം അവിടെ തുടര്‍ന്നേക്കുമെന്നാണ് സൂചന
റഷ്യന്‍ മിസൈല്‍ പരീക്ഷണം/ ട്വിറ്റര്‍
റഷ്യന്‍ മിസൈല്‍ പരീക്ഷണം/ ട്വിറ്റര്‍


യുക്രൈനുമായി യുദ്ധ സാഹചര്യം നിലനില്‍ക്കെ, പ്രകോപനവുമായി റഷ്യ. ഹൈപ്പര്‍സോണിക്, ക്രൂസ്, ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി. പരീക്ഷണം വിജയിച്ചതായി റഷ്യന്‍ ഭരണകൂടം അവകാശപ്പെട്ടു. 

'എല്ലാ മിസൈലുകളും ലക്ഷ്യസ്ഥാനം കൈവരിച്ചു. ശത്രുവിനെതിരായ ആക്രമണം മികച്ചതാക്കുമെന്ന് ഉറപ്പ് വരുത്തുന്നതിന് ഇത്ഉപകരിക്കും'-റഷ്യന്‍ ജനറല്‍ സ്റ്റാഫ് തലവന്‍ വലേറി ജെറാസിനോവ് പറഞ്ഞു. 

ബെലാറൂസിലാണു പരീക്ഷിച്ചത്. അരലക്ഷത്തോളം വരുന്ന റഷ്യന്‍ സൈന്യം അവിടെ തുടര്‍ന്നേക്കുമെന്നാണ് സൂചന. 'സാങ്കേതികമായ നടപടി എന്ന നിലയ്ക്കാണ് തന്ത്രപരമായ ഡ്രില്ലുകള്‍ ഞങ്ങള്‍ നടത്തിവരുന്നത്. ഏതെങ്കിലും ഘട്ടത്തില്‍ തിരിച്ചടി ആക്രമണം നടത്തേണ്ട പക്ഷം ഞങ്ങളെ പ്രാപ്തരാക്കാന്‍ ഇത്തരം നടപടികള്‍ ഉപകരിക്കും'-ജെറാസിനോവ് കൂട്ടിച്ചേര്‍ത്തു

അതേസമയം, യുക്രൈനില്‍ വിഘടനവാദികളുടെ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ സേന സ്ഥിരീകരിച്ചു. 

റഷ്യന്‍ പിന്തുണയോടെയാണ് വിമതര്‍ ആക്രമണം ശക്തമാക്കിയിരിക്കുന്നതെന്ന് യുക്രൈന്‍ സേന ആരോപിച്ചു.

റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മേഖലയിലാണ് വിമതര്‍ ആക്രമണം നടത്തിയിരിക്കുന്നത്. രണ്ട് വിഘടനവാദി മേഖലകളില്‍ക്കൂടി കടന്നു പോകുന്ന മേഖലയിലാണ് ആക്രമണമുണ്ടായത് എന്ന് കിഴക്കന്‍ യുക്രൈനിലെ സംയുക്ത സൈനിക കാന്‍ഡന്റ് വ്യക്തമാക്കി. ഷെല്ലാക്രമണമാണ് നടന്നതെന്നാണ് സൈന്യം വ്യക്തമാക്കിയിരിക്കുന്നത്.

വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ തങ്ങളുടെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി യുക്രൈന്‍ എമര്‍ജന്‍സി സര്‍വീസും വ്യക്തമാക്കിയിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് വിമതര്‍ ഉന്നം വയ്ക്കുന്നതെന്ന് സൈന്യം ആരോപിച്ചു. ജനങ്ങളെ സംരക്ഷിച്ചുകൊണ്ട് തിരിച്ചടിക്കാനുള്ള നീക്കമാണ് തങ്ങള്‍ നടത്തുന്നതെന്നും റഷ്യയാണ് വിഘടനവാദികളെ സഹായിക്കുന്നതെന്നും യുക്രൈന്‍ സൈന്യം പറഞ്ഞു.

യുക്രൈന്‍ സൈന്യത്തിന്റെ ആരോപണം റഷ്യ നിഷേധിച്ചു. എന്നാല്‍ സംഘര്‍ഷ മേഖലയിലേക്ക് റഷ്യ ആയുധങ്ങള്‍ എത്തിക്കുന്നുണ്ടെന്നും വിഘടനവാദികള്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണെന്നും യൂറോപ്യന്‍ യൂണിയന്റെ സൈനിക വിഭാഗം ആരോപിച്ചു.

അതേസമയം, തങ്ങളുടെ കീഴിലുള്ള രണ്ട് മേഖലകള്‍ പിടിച്ചെടുക്കാനാണ് യുക്രൈന്‍ സേന ശ്രമിക്കുന്നതെന്നാണ് വിഘടന ഗ്രൂപ്പുകള്‍ ആരോപിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com