കൊല്ലപ്പെടുന്ന സൈനികരെ അവിടെ തന്നെ കത്തിച്ചു കളയും; യുക്രൈനിലേക്ക് 'മൊബൈൽ ക്രിമറ്റോറിയ'വും; പുടിന്റെ ഉത്തരവ്

മൊബൈൽ ക്രിമറ്റോറിയം അയച്ചതിന്റെ ചിത്രങ്ങൾ ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയമാണ് പുറത്തുവിട്ടത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മോസ്ക്കോ: യുക്രൈനിലേക്ക് പട്ടാളത്തെ മാത്രമല്ല, യുദ്ധത്തിൽ കൊല്ലപ്പെടുന്ന തങ്ങളുടെ സേനാംഗങ്ങളെ അവിടെത്തന്നെ സംസ്കരിക്കാനുള്ള സംവിധാനവും റഷ്യ ചെയ്തതായി റിപ്പോർട്ടുകൾ. യുക്രൈനിലേക്ക് പുടിൻ മൊബൈൽ ക്രിമറ്റോറിയം കൂടി അയച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 

പുടിൻ എന്ന ഏകാധിപതി സ്വന്തം നാട്ടുകാരെ ഭയപ്പെടാൻ തുടങ്ങിയതിന്റെ സൂചനയായി പലരും ഇതിനെ കാണുന്നു. ശവപ്പെട്ടികൾ വരാൻ തുടങ്ങിയാൽ റഷ്യയിൽ ജനങ്ങൾ പുട്ടിനു നേരെ തിരിയും. ഇപ്പോൾ തന്നെ യുക്രൈനിലേക്കുള്ള കടന്നുകയറ്റത്തിനെതിരെ വലിയ ജനരോഷമാണ് റഷ്യയിൽ ഉള്ളത്. എത്ര റഷ്യൻ ഭടന്മാർ കൊല്ലപ്പെട്ടു എന്ന കാര്യം മറച്ചുവയ്ക്കുകയാണ് സർക്കാർ.

മൊബൈൽ ക്രിമറ്റോറിയം അയച്ചതിന്റെ ചിത്രങ്ങൾ ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയമാണ് പുറത്തുവിട്ടത്. മുൻ സൈനികൻ കൂടിയായ ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെൻ വാലസ് ഈ സ്തോഭജനകമായ വാർത്തയെപ്പറ്റി പ്രതികരിച്ചത് ഇങ്ങനെയാണ്: എന്റെ ജനറലിന് എന്നിൽ വിശ്വാസമേയില്ല എന്നു വരികയും യുദ്ധ ഭൂമിയിലേക്ക് മൊബൈൽ ക്രിമറ്റോറിയവുമായി വരികയും ചെയ്താൽ എങ്ങനെയുണ്ടാവും? കൊല്ലപ്പെടുന്നത് ഒളിപ്പിച്ചുവയ്ക്കാൻ മൊബൈൽ ക്രിമറ്റോറിയമാണ് നല്ലതെന്ന് കരുതുന്നതിനെ ഒരു സേനാംഗത്തിന്റെ അമ്മയോ അച്ഛനോ എങ്ങനെ കാണും? അങ്ങേയറ്റം ദുഃഖകരമാണിത്. സ്വന്തം ഭടന്മാരെ റഷ്യ എത്ര നിസാരമായാണ് കാണുന്നതെന്നതിന്റെ സൂചനയാണിത്.

മൊബൈൽ ക്രിമറ്റോറിയം 2013ലാണ് റഷ്യ പരീക്ഷിച്ചത്. മരിച്ച സൈനികരുടെ മാതാപിതാക്കൾക്ക് മകന്റെ സംസ്കാരം നടത്താനുള്ള അവസരമെങ്കിലും നൽകണമെന്നും അതിന് റെഡ്ക്രോസ് ഇടപെട്ട് മൃതദേഹങ്ങൾ തിരിച്ചയയ്ക്കണമെന്നുമാണ് യുക്രൈൻ ആവശ്യപ്പെടുന്നത്. കൊല്ലപ്പെട്ട റഷ്യക്കാരുടെ വിവരങ്ങൾ കൈമാറുന്നതിന് വെബ്സൈറ്റും യുക്രൈൻ തുടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com