'ഇന്ത്യക്കാര്‍ ഇന്നുതന്നെ കീവ് വിടണം'; ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്; രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ വ്യോമസേനയോട് പ്രധാനമന്ത്രി

ട്രെയിനോ മറ്റേതെങ്കിലും മാര്‍ഗമോ ഉപയോഗിച്ച് പുറത്തു കടക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്
റഷ്യൻ സൈനിക വ്യൂഹം കീവ് ലക്ഷ്യമാക്കി നീങ്ങുന്നതിന്റെ സൈറ്റലൈറ്റ് ചിത്രം/ പിടിഐ
റഷ്യൻ സൈനിക വ്യൂഹം കീവ് ലക്ഷ്യമാക്കി നീങ്ങുന്നതിന്റെ സൈറ്റലൈറ്റ് ചിത്രം/ പിടിഐ

കീവ് : യുക്രൈനില്‍ സ്ഥിതി ഗുരുതരമാകുന്നതായി ഇന്ത്യയുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ യുക്രൈന്‍ തലസ്ഥാനമായ കീവിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ഇന്നു തന്നെ നഗരം വിടണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കി. ട്രെയിനോ മറ്റേതെങ്കിലും മാര്‍ഗമോ ഉപയോഗിച്ച് പുറത്തു കടക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. 

കീവ് പിടിച്ചടക്കാനായി റഷ്യന്‍ സേന ആക്രമണം കടുപ്പിച്ച സാഹചര്യത്തിലാണ് ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിട്ടുള്ളത്. നഗരത്തില്‍ വ്യോക്രമണ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി 40 മൈല്‍ (65 കിലോമീറ്റര്‍) ദൂരത്തില്‍ റഷ്യന്‍ സൈനിക വ്യൂഹം നീങ്ങി കൊണ്ടിരിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതിനിടെ യുക്രൈന്‍ രക്ഷാദൗത്യത്തില്‍ പങ്കാളിയാകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യോമസേനയോട് ആവശ്യപ്പെട്ടു. ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് സി 17 വിമാനങ്ങള്‍ ഉപയോഗിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്നും, നിര്‍ദേശത്തിനായി കാത്തിരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു. എത്രയും വേഗം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. 

പ്രധാനമന്ത്രി നരേന്ദ്രമോദി സ്ലോവാക്യ, റോമേനിയ പ്രധാനമന്ത്രിമാരുമായി സംസാരിച്ചു. യുക്രൈനില്‍ നിന്നുള്ള ഇന്ത്യാക്കാരുടെ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച ചെയ്തത്. പ്രധാനമന്ത്രി രാവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ചിരുന്നു. യുക്രൈന്‍ ഒഴിപ്പിക്കല്‍ നടപടികള്‍ അടക്കമുള്ള വിഷയങ്ങള്‍ രാഷ്ട്രപതിയെ അറിയിച്ചു. ഇതിനിടെ, രാഷ്ട്രപതി ത്രിരാഷ്ട്ര സന്ദര്‍ശനം റദ്ദാക്കിയിട്ടുണ്ട്. ഇന്ത്യാക്കാരുടെ ഒഴിപ്പിക്കലിനാണ് ഈ സമയത്ത് പ്രാധാന്യമെന്ന് രാഷ്ട്രപതി ഭവന്‍ അറിയിച്ചു. 

റഷ്യ ആക്രമണം ശക്തമാക്കി

സമാധാന ചര്‍ച്ചകള്‍ക്ക് പിന്നാലെ യുക്രൈനില്‍ റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. യുക്രൈനിലെ കേഴ്‌സണ്‍ നഗരം റഷ്യ പൂര്‍ണമായും നിയന്ത്രണവിധേയമായി. റോഡുകള്‍ പൂര്‍ണമായി ഉപരോധിച്ച് റഷ്യന്‍ സൈന്യം ചെക്‌പോസ്റ്റുകള്‍ സ്ഥാപിച്ചു. നഗരത്തില്‍ റഷ്യന്‍ സേന മാര്‍ച്ച് പാസ്റ്റ് നടത്തി. 

കിഴക്കന്‍ യുക്രൈനിലെ സൈനിക ക്യാമ്പിന് നേര്‍ക്ക് റഷ്യന്‍ പീരങ്കിപ്പട ആക്രമണം നടത്തി. ഇതില്‍ 70 സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. തലസ്ഥാനമായ കീവിനും രാജ്യത്തെ രണ്ടാമത്തെ നഗരമായ ഖാര്‍കീവിനും ഇടയിലുള്ള നഗരമായ ഒഖ്തിര്‍കയിലുള്ള സൈനിക താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ബുസോവയില്‍ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിക്ക് നേരെ വ്യോമാക്രമണം ഉണ്ടായി. ആളുകളെ ഒഴിപ്പിച്ചു. കീവിന് സമീപം പുനരധിവാസ കേന്ദ്രത്തിലും റഷ്യ ഷെല്ലാക്രമണം നടത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com