3000 ഇന്ത്യാക്കാരെ യുക്രൈന്‍ ബന്ദികളാക്കിയെന്ന് പുടിന്‍; സമ്പൂര്‍ണ നിരായുധീകരണമെന്ന ലക്ഷ്യം നേടും വരെ യുദ്ധമെന്ന് റഷ്യ

യുക്രൈനെതിരായ യുദ്ധത്തില്‍ കൊല്ലപ്പെട്ട റഷ്യന്‍ സൈനികര്‍ക്ക് വന്‍നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു
വ്ലാഡിമിര്‍ പുടിന്‍ /ഫയല്‍ ചിത്രം
വ്ലാഡിമിര്‍ പുടിന്‍ /ഫയല്‍ ചിത്രം

മോസ്‌കോ: മൂവായിരം ഇന്ത്യാക്കാരെ യുക്രൈന്‍ ബന്ദികളാക്കി വെച്ചിരിക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍. ഹാര്‍കീവില്‍ റഷ്യന്‍ സൈനിക ആക്രമണം തടയാന്‍ ഇവരെ യുക്രൈന്‍ മനുഷ്യകവചമാക്കി വെച്ചിരിക്കുകയാണ്. യുക്രൈനിലെ യുദ്ധം തുടരും. യുക്രൈന്റെ സമ്പൂര്‍ണ നിരായുധീകരണമാണ് റഷ്യയുടെ ലക്ഷ്യമെന്നും പുടിന്‍ പറഞ്ഞു. 

മുന്‍കൂട്ടി തീരുമാനിച്ചത് അനുസരിച്ച് യുക്രൈനിലെ പ്രത്യേക സൈനിക ഓപ്പറേഷന്‍ നടക്കുന്നുണ്ട്. നവ നാസികളുമായി നമ്മള്‍ യുദ്ധത്തിലാണ്. റഷ്യക്കാരും യുക്രൈന്‍കാരും ഒരു ജനതയാണെന്ന എന്റെ വിശ്വാസം ഒരിക്കലും ഉപേക്ഷിക്കില്ലെന്നും പുടിന്‍ സുരക്ഷാകൗണ്‍സിലുമായുള്ള യോഗത്തില്‍ പറഞ്ഞു. 

യുക്രൈനെതിരായ ആക്രമണത്തില്‍ കൊല്ലപ്പെട്ട റഷ്യന്‍ സൈനികര്‍ക്ക് വന്‍നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. എന്തൊക്കെ സംഭവിച്ചാലും യുക്രൈനില്‍ നടത്തുന്ന സൈനിക നടപടിയുടെ ലക്ഷ്യം നേടുകതന്നെ ചെയ്യുമെന്നും പുടിന്‍ പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് പുടിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഫോണ്‍ സംഭാഷണം 90 മിനുട്ട് നീണ്ടു നിന്നു. 

''കൂടുതല്‍ മോശം ദിനങ്ങള്‍ വരാനിരിക്കുന്നു'' എന്നാണ് ഫോണ്‍ സംഭാഷണത്തിന് ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനൊപ്പം ചര്‍ച്ചയിലുണ്ടായിരുന്ന ഫ്രഞ്ച് നയതന്ത്രപ്രതിനിധി വ്യക്തമാക്കിയത്. യുക്രൈന്‍ മുഴുവനായി പിടിച്ചടക്കുകയാണ് പുടിന്റെ ലക്ഷ്യം. ഒരു തരത്തിലും ആശ്വാസം നല്‍കുന്ന വിവരം പുടിന്‍ നല്‍കിയില്ലെന്നും, നിലവിലെ യുദ്ധനടപടികളുമായി മുന്നോട്ട് പോകുക തന്നെ ചെയ്യാനാണ് റഷ്യയുടെ തീരുമാനമെന്നും ഫ്രഞ്ച് പ്രതിനിധി വ്യക്തമാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com