സാധാരണക്കാരെ ഒഴിപ്പിക്കാന്‍ 'മനുഷ്യത്വ ഇടനാഴി'ക്ക് യുക്രൈന്‍-റഷ്യ ചര്‍ച്ചയില്‍ ധാരണ; ചെര്‍ണീവില്‍ വ്യോമാക്രമണത്തില്‍ 33 മരണം

ഒഴിപ്പിക്കല്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി പ്രത്യേകമേഖലകള്‍ ഉണ്ടാകും
റഷ്യൻ സൈനിക ആക്രമണത്തിൽ നിന്ന്/ പിടിഐ ചിത്രം
റഷ്യൻ സൈനിക ആക്രമണത്തിൽ നിന്ന്/ പിടിഐ ചിത്രം

കീവ്: യുക്രൈനില്‍ ഒമ്പതാം ദിവസവും റഷ്യന്‍ സൈനിക ആക്രമണം തുടരുന്നു. ചെര്‍ണീവില്‍ വ്യോമാക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടു. സ്‌കൂളുകളും സ്വകാര്യ കെട്ടിടങ്ങളും തകര്‍ന്നു. സപറോഷിയ ആണവ നിലയത്തിന് നേരെയും ആക്രമണം ഉണ്ടായി. ആണവ നിലയത്തിന് സമീപം തീ പടര്‍ന്നതായി അധികൃതര്‍ വ്യക്തമാക്കി. തലസ്ഥാനമായ കീവ് ലക്ഷ്യമാക്കിയുള്ള ആക്രമണവും ശക്തമാക്കിയിട്ടുണ്ട്. 

യുക്രൈനിലെ സൈനിക നടപടി പദ്ധതി അനുസരിച്ച് തന്നെ നടക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം പൗരന്‍മാരെ ഒഴിപ്പിക്കാന്‍ പ്രത്യേക മേഖലകള്‍ നിശ്ചയിക്കാന്‍ യുക്രൈന്‍-റഷ്യ രണ്ടാംഘട്ട ചര്‍ച്ചയില്‍ തീരുമാനമായി. ബ്രെസ്റ്റിലാണ് ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ച നടത്തിയത്. 

സാധാരണക്കാരെ ഒഴിപ്പിക്കുന്നതിനായി 'യുദ്ധമില്ലാ മാനുഷിക ഇടനാഴി'കളായി ചില മേഖലകള്‍ മാറ്റാനാണ് തീരുമാനിച്ചത്. ഒഴിപ്പിക്കല്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി പ്രത്യേകമേഖലകള്‍ ഉണ്ടാകും. അവിടെ സൈനിക നടപടികള്‍ ഒഴിവാക്കുകയോ നിര്‍ത്തിവയ്ക്കുകയോ ചെയ്യും. 

ചര്‍ച്ചയില്‍ നിര്‍ണായക പുരോഗതിയെന്ന് റഷ്യ അഭിപ്രായപ്പെട്ടു. വെടിനില്‍ത്തല്‍ സംബന്ധിച്ച് മൂന്നാംഘട്ടത്തില്‍ ചര്‍ച്ചയാകാമെന്നും റഷ്യന്‍ പ്രതിനിധി വ്യക്തമാക്കി. എന്നാല്‍ സമാധാന ചര്‍ച്ചയില്‍ പ്രതീക്ഷിച്ചയത്ര പുരോഗതിയില്ലെന്നാണ് യുക്രൈന്റെ പ്രതികരണം. ചര്‍ച്ചയില്‍ ആഗ്രഹിച്ച ഫലം ഉണ്ടായില്ലെന്ന് യുക്രൈന്‍ പ്രസിഡന്റിന്റെ ഉപദേശകന്‍ മിഖായിലോ പൊദോല്യാക് ട്വിറ്ററില്‍ കുറിച്ചു. മൂന്നാംഘട്ട സമാധാന ചര്‍ച്ച ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com