'ഒന്‍പത് ദിവസത്തിനിടെ 9,000 റഷ്യന്‍ സൈനികരെ വധിച്ചു'; പുടിന്റെ പടയെ വിരട്ടി യുക്രൈന്റെ വ്യോമസേന,ആദ്യമായി മരണക്കണക്ക് പുറത്തുവിട്ട് റഷ്യ

ബുധനാഴ്ച മാത്രം 5,400 റഷ്യന്‍ സൈനികര്‍ കൊലപ്പെട്ടതായി യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്‍പത് ദിവസത്തിനിടെ 9,000 റഷ്യന്‍ സൈനികരെ വധിച്ചെന്ന് യുക്രൈന്‍. ബുധനാഴ്ച മാത്രം 5,400 റഷ്യന്‍ സൈനികര്‍ കൊലപ്പെട്ടതായി യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടു. 

എന്നാല്‍ 498 സൈനികര്‍ കൊല്ലപ്പെട്ടു എന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറയുന്നത്. റഷ്യന്‍  വാര്‍ത്താ ഏജന്‍സിയായ ആര്‍ഐഎ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുക്രൈന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം, ആദ്യമായാണ് റഷ്യയുടെ ഭാഗത്തുനിന്ന് സൈനിക നാശത്തിന്റെ കണക്ക് പുറത്തുവരുന്നത്. 

251 റഷ്യന്‍ ടാങ്കുകളും 33 എയര്‍ക്രാഫ്റ്റുകളും 37 ഹെലികോപ്റ്ററുകളും യുക്രൈന്‍ സൈന്യം നശിപ്പിച്ചാതായി യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം അവകാശപ്പെടുന്നു. റഷ്യയുടെ സുഖോയ് എസ് യു-25 യുദ്ധവിമാനവും തകര്‍ത്തതായി യുക്രൈന്‍ അവകാശപ്പെടുന്നു. 

ജെറ്റുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള പ്രത്യാക്രമണമാണ് യുക്രൈന്‍ പ്രധാനമായും നടപ്പാക്കുന്നത്. യുദ്ധമുഖത്ത് സൈന്യത്തിനൊപ്പം പൗരന്‍മാരും അണിനിരക്കുന്നത് റഷ്യന്‍ അധിനിവേശത്തെ ചെറുക്കാന്‍ യുക്രൈനെ സഹായിക്കുന്നതായി നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. യുദ്ധം ആരംഭിച്ചതുമുതല്‍ ഇതുവരെ 500ന് മുകളില്‍ മിസൈലുകള്‍ യുക്രൈനില്‍ റഷ്യ പ്രയോഗിച്ചതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

തങ്ങള്‍ക്ക് സമ്പൂര്‍ണ വ്യോമ മേല്‍ക്കോയ്മയുണ്ടെന്ന് റഷ്യ അവകാശപ്പെടുമ്പോഴും, കീവ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ശക്തമായ പ്രതിരോധമാണ് യുക്രൈന്‍ വ്യോമസേന നടത്തുന്നതെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ അധിനിവേശം ആരംഭിച്ച് ഒന്‍പത് ദിവസം കഴിഞ്ഞിട്ടും യുക്രൈന്‍ വ്യോമസേനയുടെ വിമാനങ്ങള്‍ പൂര്‍ണമായും തകര്‍ക്കാന്‍ സാധിച്ചിട്ടില്ല.
 
യുക്രൈന്‍ ആയുധങ്ങള്‍ എത്തിച്ചു നല്‍കാന്‍ നിരവധി രാജ്യങ്ങള്‍ രംഗത്തുവന്നതും ചെറുത്തുനില്‍പ്പിന് ബലം പകര്‍ന്നിട്ടുണ്ട്. ഫ്രാന്‍സ്, ചെക്ക് റിപ്പബ്ലിക്, ബെല്‍ജിയം. പോര്‍ച്ചുഗല്‍, നെതര്‍ലാന്റ്‌സ് എന്നീ രാജ്യങ്ങള്‍ സ്റ്റിങ്ങര്‍ മിസൈലുകള്‍ ഉള്‍പ്പെടെ നല്‍കി സഹായിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com