'ഒഡേസയെ ഞങ്ങള്‍ രക്ഷിക്കും'- റഷ്യന്‍ സൈന്യത്തെ ചെറുക്കാന്‍ ബാരിക്കേഡുയര്‍ത്തി കുഞ്ഞുങ്ങളും

ഏത് നിമിഷവും റഷ്യന്‍ ആക്രമണമുണ്ടാകുമെന്ന ഭീതിയിലാണ് ഇവിടെ ജനങ്ങള്‍ കഴിയുന്നത്. ഇടയ്ക്കിടെ ആക്രമണ ഭീഷണിയുടെ സൈറണ്‍ മുഴങ്ങുന്നുണ്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കീവ്: റഷ്യന്‍ അധിനിവേശം ചെറുക്കാന്‍ പൊതുജനങ്ങള്‍ക്കും ആയുധം നല്‍കിയ യുക്രൈന്‍ തീരുമാനം ശ്രദ്ധേയമായിരുന്നു. റഷ്യന്‍ സൈന്യത്തെ ചെറുക്കാന്‍ പ്രായഭേദമെന്യേ ജനങ്ങള്‍ രംഗത്തിറങ്ങുന്ന കാഴ്ചയാണ് രാജ്യത്തിന്റെ പല ഭാഗത്തു നിന്നും വരുന്നത്. അത്തരത്തില്‍ പ്രതിരോധം തീര്‍ക്കുന്ന കുട്ടികളുടെ സംഘമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍. 

യുക്രൈനിലെ തീരദേശ നഗരമായ ഒഡേസയിലാണ് റഷ്യന്‍ സൈന്യം കടന്നുവരാതിരിക്കാന്‍ ജനങ്ങള്‍ ബാരിക്കേഡ് നിര്‍മിക്കുന്നത്. ബീച്ചില്‍ നിന്ന് ശേഖരിക്കുന്ന മണലുപയോഗിച്ചാണ് ഇവിടെ ബാരിക്കേഡ് ഉയര്‍ത്തുന്നത്. ഈ ബാരിക്കേഡ് നിര്‍മാണത്തില്‍ കുട്ടികളും പങ്കാളികളായി. 

'ഞങ്ങള്‍ ഒഡേസയെ സംരക്ഷിക്കും. എല്ലാ ശരിയാകും'- ബാരിക്കേഡ് നിര്‍മാണത്തിലേര്‍പ്പെട്ട ഒരു 11കാരി പറഞ്ഞു. 

ഏത് നിമിഷവും റഷ്യന്‍ ആക്രമണമുണ്ടാകുമെന്ന ഭീതിയിലാണ് ഇവിടെ ജനങ്ങള്‍ കഴിയുന്നത്. ഇടയ്ക്കിടെ ആക്രമണ ഭീഷണിയുടെ സൈറണ്‍ മുഴങ്ങുന്നുണ്ട്. ഇത് കേള്‍ക്കുമ്പോള്‍ കുട്ടികളടക്കമുള്ളവര്‍ ബാരിക്കേഡ് നിര്‍മാണം നിര്‍ത്തി ഭൂഗര്‍ഭ ബങ്കറുകളില്‍ അഭയം തേടും. 

അതിനിടെ യുക്രൈനില്‍ റഷ്യ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. യുദ്ധം ആരംഭിച്ച് പത്താം ദിവസമാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടിയാണ് താത്കാലിക വെടിനിര്‍ത്തല്‍. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കും. 

ഏറ്റുമുട്ടല്‍ രൂക്ഷമായ മരിയൂപോള്‍, വോള്‍നോവാക്ക എന്നിവടങ്ങളിലാണ് അടിയന്തര വെടിനിര്‍ത്തലുണ്ടായത്. ലോകരാജ്യങ്ങളുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥന കണക്കിലെടുത്താണ് തീരുമാനം. ഇന്ത്യന്‍ സമയം 12.30 ന് വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. കുടുങ്ങിക്കിടക്കുന്ന സിവിലിയന്മാരെ ഒഴിപ്പിക്കുന്നതിന് മനുഷ്യ ഇടനാഴി ഒരുക്കും. 

കഴിഞ്ഞദിവസം റഷ്യ ആക്രമിച്ച സപോര്‍ഷ്യ ആണവ നിലയത്തിന്റെ നിയന്ത്രണം യുക്രൈന്‍ തിരികെ പിടിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ചെര്‍ണോബിലിലെ ആണവ നിലയം കഴിഞ്ഞ പത്തുദിവസമായി റഷ്യന്‍ സൈന്യം വളഞ്ഞിരിക്കുകയാണ്. ഇവിടത്തെ ജീവനക്കാര്‍ മാനസികമായും ശാരീരികമായും തളര്‍ന്നിരിക്കുകയാണെന്ന് സ്ലാവുച്ച് മേയര്‍ യൂറി ഫോമിചെവ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com