വംശഹത്യ നടത്തുന്നെന്ന് യുക്രൈന്‍; അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഹിയറിങ്ങില്‍ പങ്കെടുക്കാതെ റഷ്യ

ഹിയറിങ്ങില്‍ പങ്കെടുക്കാന്‍ റഷ്യന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് റഷ്യയുടെ നെതര്‍ലാന്റ് അംബാസഡര്‍ അറിയിച്ചതായി ഐസിജെ പ്രസിഡന്റ് വ്യക്തമാക്കി
അന്താരാഷ്ട്ര നീതിന്യായ കോടതി/ഫയല്‍
അന്താരാഷ്ട്ര നീതിന്യായ കോടതി/ഫയല്‍


യുദ്ധത്തിന് എതിരെ ഐക്യ രാഷ്ട്രസഭയുടെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ക്രൈന്‍ നല്‍കിയ പരാതിയുടെ ഹിയറിങ്ങില്‍ നിന്ന് വിട്ടുനിന്ന് റഷ്യ. പരാതി പരിഗണിച്ച തിങ്കാളാഴ്ച രാവിലെ, റഷ്യന്‍ അഭിഭാഷകര്‍ക്ക് വേണ്ടി മാറ്റിയിട്ടിരുന്ന സീറ്റുകള്‍ കാലിയായിരുന്നു എന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഹിയറിങ്ങില്‍ പങ്കെടുക്കാന്‍ റഷ്യന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് റഷ്യയുടെ നെതര്‍ലാന്റ് അംബാസഡര്‍ അറിയിച്ചതായി ഐസിജെ പ്രസിഡന്റ് വ്യക്തമാക്കി. 

യുക്രൈന്റെ പരാതിയില്‍ വാദം കേള്‍ക്കാനായി ഐസിജെ രണ്ട് ദിവസമാണ് മാറ്റിവച്ചിരിക്കുന്നത്. തിങ്കളാഴ്ച യുക്രൈന്റെ വാദവും ചൊവ്വാഴ്ച റഷ്യയുടെ വാദവും കേള്‍ക്കാനാണ് കോടതി തീരുമാനിച്ചിരുന്നത്. എത്രയും വേഗം സൈനിക നടപടി അവസാനിപ്പിക്കാന്‍ റഷ്യയോട് ആവശ്യപ്പെടണമെന്ന് യുക്രൈന്‍ ആവശ്യപ്പെട്ടു. 

യുദ്ധം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടാലും റഷ്യ അംഗീകരിക്കാന്‍ പോകുന്നില്ലെന്ന് നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നു. ഉത്തരവ് റഷ്യ അംഗീകരിച്ചില്ലെങ്കില്‍ കോടതിക്ക് ഐക്യരാഷ്ട്ര സഭ സെക്യൂരിറ്റി കൗണ്‍സിലില്‍ നടപടി തേടാം.ഇത് വീറ്റോ ചെയ്യാനുള്ള അവകാശം റഷ്യയ്ക്കുണ്ട്. 

റഷ്യ നടത്തിക്കൊണ്ടിരിക്കുന്നത് വംശഹത്യയാണെന്നാണ് യുക്രൈന്റെ പരാതി. വംശഹത്യ നടത്തിയിട്ടില്ലെന്ന റഷ്യയുടെ അവകാശവാദത്തെ യുക്രൈന്‍ ശക്തമായി എതിര്‍ക്കുന്നു. തങ്ങളുടെ മണ്ണില്‍ നിയമപരമായി ഒരു നടപടി സ്വീകരിക്കാനും റഷ്യയ്ക്ക് അവകാശമില്ലെന്നും യുക്രൈന്‍ ചൂണ്ടിക്കാട്ടുന്നു. തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് റഷ്യ വംശഹത്യയ്ക്ക് തുടക്കം കുറിച്ചതെന്നും ഒന്‍പത് പേജുള്ള പരാതിയില്‍ യുക്രൈന്‍ ആരോപിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com