അമ്മയ്ക്ക് മരുന്നു വാങ്ങാൻ പുറത്തിറങ്ങി; സാമൂഹിക പ്രവർത്തകയെ റഷ്യൻ സൈന്യം വെടിവച്ച് കൊന്നു

ആക്രമണത്തിൽ കാറിലുണ്ടായിരുന്ന ഇവരുടെ അമ്മ ഇറിനയും ഡ്രൈവറും കൊല്ലപ്പെട്ടു. യുക്രൈനിലെ ഡൊനെറ്റ്‌സ്കിൽ ജനിച്ചു വളർന്ന വലേരിയ അടുത്തിടെയാണ് കീവിലേക്കു താമസം മാറ്റിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കീവ്: യുക്രൈനിൽ ആക്രമണം തുടരുന്നതിനിടെ റഷ്യൻ സൈന്യത്തിന്റെ വെടിയേറ്റ് കീവിൽ സാമൂഹിക പ്രവർത്തകയ്ക്ക് ദാരുണാന്ത്യം. വലേരിയ മക്സെറ്റ്സ്‌ക (31) ആണ് മരിച്ചത്. അസുഖ ബാധിതയായ അമ്മയ്ക്ക് മരുന്നു വാങ്ങുന്നതിനായി പുറത്തിറങ്ങിയപ്പോഴാണ് ഇവർക്ക് വെടിയേറ്റത്. യുക്രൈനിന്റെ പടിഞ്ഞാറൻ അതിർത്തിയിലേക്കു കാറിൽ സഞ്ചരിക്കുമ്പോൾ റഷ്യൻ ടാങ്കിൽ നിന്ന് ഇവർക്കു നേരെ വെടിയുതിർക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. 

ആക്രമണത്തിൽ കാറിലുണ്ടായിരുന്ന ഇവരുടെ അമ്മ ഇറിനയും ഡ്രൈവറും കൊല്ലപ്പെട്ടു. യുക്രൈനിലെ ഡൊനെറ്റ്‌സ്കിൽ ജനിച്ചു വളർന്ന വലേരിയ അടുത്തിടെയാണ് കീവിലേക്കു താമസം മാറ്റിയത്. 

യുനൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡവലപ്‌മെന്റ് (യുഎസ്എഐഡി) എന്ന രാജ്യാന്തര ഏജൻസിയുമായി കൈകോർത്ത് യുദ്ധക്കെടുതി അനുഭവിക്കുന്നവർക്കിടയിൽ പ്രവർത്തിച്ചു വരികയായിരുന്നു വലേരിയ. കീവിൽ പോരാട്ടം രൂക്ഷമായിട്ടും രാജ്യം വിടാൻ വലേരിയ തയാറായിരുന്നില്ല. ധീരയായ യുവതിയെന്നായിരുന്നു യുഎസ്എഐഡി അഡ്മിനിസ്‌ട്രേറ്റർ സാമന്ത പവർ വലേരിയയെ വിശേഷിപ്പിച്ചത്. 

റഷ്യൻ അധിനിവേശം തുടങ്ങിയപ്പോൾ തന്നെ അവർക്കു രാജ്യം വിടാമായിരുന്നു. എന്നാൽ മറ്റുള്ളവരെ സഹായിക്കുന്നതിനായി അവർ പോരാട്ടം തുടരുന്ന കീവിൽ തന്നെ കഴിയാൻ തീരുമാനിക്കുകയായിരുന്നു. വലേറിയുടെ മരണത്തിൽ അതിയായി വേദനിക്കുന്നുവെന്നും അവരെ കുറിച്ച് അഭിമാനിക്കുന്നുവെന്നും സാമന്ത പവർ ട്വീറ്റ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com