യുക്രൈന് നാറ്റോയുടെ ഭാഗമാകാന്‍ കഴിയില്ല, വസ്തുത അംഗീകരിക്കണം: നിര്‍ണായക പ്രസ്താവനയുമായി സെലന്‍സ്‌കി

യുക്രൈന്‍ സൈനിക മേധാവിമാരുടെ യോഗത്തിലാണ് സെലന്‍സ്‌കിയുടെ നിര്‍ണായക പ്രതികരണം വന്നിരിക്കുന്നത്
സെലന്‍സ്‌കി / പിടിഐ ചിത്രം
സെലന്‍സ്‌കി / പിടിഐ ചിത്രം


കീവ്: യുക്രൈന് നാറ്റോയുടെ ഭാഗമാകാന്‍ സാധിക്കില്ലെന്ന് പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കി. ഈ വസ്തുത അംഗീകരിക്കണമെന്ന് സെലന്‍സ്‌കി പറഞ്ഞു. യുക്രൈന്‍ സൈനിക മേധാവിമാരുടെ യോഗത്തിലാണ് സെലന്‍സ്‌കിയുടെ നിര്‍ണായക പ്രതികരണം വന്നിരിക്കുന്നത്.

യുക്രൈന്‍ നാറ്റോ അംഗത്വമെടുക്കരുത് എന്നായിരുന്നു റഷ്യയുടെ പ്രധാന ആവശ്യം. യുദ്ധം അവസാനിപ്പിക്കാനായി റഷ്യ-യുക്രൈന്‍ നാലംവട്ട ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് സെലന്‍സ്‌കിയുടെ നിര്‍ണായക പ്രസ്താവന വന്നിരിക്കുന്നത്. 

'യുക്രൈന്‍ നാറ്റോ അംഗമല്ല. നമ്മളത് മനസ്സിലാക്കണം. വാതിലുകള്‍ തുറന്നിട്ടുണ്ടെന്ന് നമ്മള്‍ വര്‍ഷങ്ങളായി കേള്‍ക്കുന്നു. പക്ഷേ ചേരാന്‍ പറ്റില്ലെന്നും നമ്മള്‍ കേട്ടു. അതൊരു സത്യമാണ്, തിരിച്ചറിയപ്പെടേണ്ടതാണ്.'സെലന്‍സ്‌കി പറഞ്ഞു. 

യുദ്ധത്തിന് മുന്‍പും തുടങ്ങിയതിന് ശേഷവും നാറ്റോയില്‍ ചേരണമെന്ന ആവശ്യം സെലന്‍സ്‌കി ശക്തമാക്കിയിരുന്നു. ഇതിനായി അപേക്ഷയും നല്‍കി. റഷ്യന്‍ ആക്രമണത്തില്‍ നാറ്റോ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സഖ്യമെന്ന നിലയില്‍ യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കാനില്ലെന്നായിരുന്നു നാറ്റോ നിലപാട്. അംഗരാജ്യങ്ങള്‍ക്ക് സ്വന്തം നിലയ്ക്ക് ആയുധങ്ങള്‍ നല്‍കി സഹായിക്കാമെന്നും നാറ്റോ വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com