വീടിനൊപ്പം മുൻ ഭർത്താവും വിൽപ്പനയ്ക്ക്! ഏറെ ഉപകാരം, എല്ലാ പണിയും എടുക്കും...

ഫ്ലോറിഡയിലെ പനാമ സിറ്റി ബീച്ചിൽ മൂന്ന് വീടുകളാണ് ക്രിസ്റ്റലിന് സ്വന്തമായുള്ളത്. ഇതിൽ രണ്ടെണ്ണം വിൽക്കാനാണ് പദ്ധതി
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

ന്യൂയോർക്ക്: പഴയ വീടിനൊപ്പം മുൻ ഭർത്താവിനെയും കൂടി വിൽപനയ്ക്കു വച്ച് ഒരു യുവതി! അമേരിക്കയിലെ ഫ്ലോറിഡയിലാണ് ഈ വിചിത്ര വിൽപ്പനയുടെ പരസ്യം പ്രത്യക്ഷപ്പെട്ടത്. ക്രിസ്റ്റൽ ബോൾ എന്ന 43 കാരിയായ യുവതിയാണ് വീടിനൊപ്പം ഭർത്താവായ റിച്ചാർഡ് ചയ്ല്ലോയേയും വിൽപ്പനയ്ക്ക് വച്ചതായി പരസ്യപ്പെടുത്തിയിരിക്കുന്നത്.  

ഫ്ലോറിഡയിലെ പനാമ സിറ്റി ബീച്ചിൽ മൂന്ന് വീടുകളാണ് ക്രിസ്റ്റലിന് സ്വന്തമായുള്ളത്. ഇതിൽ രണ്ടെണ്ണം വിൽക്കാനാണ് പദ്ധതി. ഇവയിൽ ഒന്നിൽ റിച്ചാർഡ് നിലവിൽ താമസിക്കുന്നുണ്ട്. 69900 ഡോളറാണ് (അഞ്ച് കോടി രൂപ) വീടിന്റെ വില. എന്നാൽ റിച്ചാർഡിനെ അവിടെ തന്നെ താമസിക്കാൻ അനുവദിക്കുകയാണെങ്കിൽ തുകയിൽ ഇളവുണ്ടാകുമെന്നാണ് പരസ്യത്തിലൂടെ അറിയിക്കുന്നത്. പരസ്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വീടിന്റെ ചിത്രങ്ങളിലെല്ലാം വ്യത്യസ്ത പോസുകളിൽ റിച്ചാർഡുമുണ്ട്. 

താമസത്തിന് എത്തുന്നവർക്ക് റിച്ചാർഡിനെകൊണ്ട് ഏറെ ഉപകാരം ഉണ്ടാകും എന്നും പരസ്യത്തിൽ എടുത്തു പറയുന്നുണ്ട്. ഭക്ഷണം പാകം ചെയ്യാനും വീട് വൃത്തിയാക്കാനും അറ്റകുറ്റപ്പണികൾക്കുമെല്ലാം റിച്ചാർഡിന്റെ സഹായം പുതിയ ഉടമയ്ക്ക് ലഭിക്കും. മൂന്ന് കിടപ്പുമുറികളും രണ്ട് ബാത്റൂമുകളും സ്വിമ്മിങ് പൂളും ഹോട്ട് ടബ്ബും എല്ലാം ഉൾപ്പെടുന്ന വീടാണ് ഇത്. 

ഏഴ് വർഷം നീണ്ട ദാമ്പത്യം ബന്ധം അടുത്തിടെയാണ് ഇരുവരും അവസാനിപ്പിച്ചത്. എന്നാൽ അതിനുശേഷവും മക്കളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തി അടുത്ത സുഹൃത്തുക്കളായി കഴിയുകയാണ് ഇരുവരും. ഇതിനു പുറമേ ധാരാളം ബിസിനസ് സംരംഭങ്ങളും രണ്ട് പേരുടെയും പങ്കാളിത്തത്തിൽ നടക്കുന്നുണ്ട്. 

അതേസമയം പലതവണ ഓൺലൈൻ സൈറ്റുകളിൽ നിന്നു പരസ്യം നീക്കം ചെയ്യപ്പെടുകയും വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. നിയമങ്ങൾക്ക് എതിരാണ് പരസ്യം എന്ന് ചൂണ്ടിക്കാട്ടിയാണ് പരസ്യ കമ്പനികൾ ഇത് നീക്കം ചെയ്തത്. എന്നാൽ വാടകക്കാരായി തുടരാൻ അനുവാദം ചോദിച്ചു കൊണ്ട് വീട് വിൽപനയ്ക്കു വയ്ക്കേണ്ടവർക്ക് അതിനുള്ള സാഹചര്യം ഒരുക്കുന്നത് സാധാരണ രീതി ആകണം എന്നതാണ് തന്റെ അഭിപ്രായം എന്ന് ക്രിസ്റ്റൽ പറയുന്നത്. 

വിചിത്ര പരസ്യത്തിന് നിരവധി ആളുകൾ പ്രതികരണങ്ങൾ അറിയിച്ചിട്ടുണ്ട്. പരസ്യത്തിന് അനുകൂലമായി പ്രതികരിക്കുന്നവരും രസകരമായ മറുപടി നൽകുന്നവരുമുണ്ട്. എന്നാൽ ഇതുവരെ വിൽപ്പന കാര്യത്തിൽ മാത്രം തീരുമാനമായിട്ടില്ല. എത്രയും പെട്ടെന്ന് റിച്ചാർഡിനെയും വീടിനെയും ഏറ്റെടുക്കാൻ തയ്യാറായ ഒരു പുതിയ ഉടമ എത്തുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ക്രിസ്റ്റൽ.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com