'മോസ്‌കോ മതി'യെന്ന് ജനങ്ങള്‍, ഹിത പരിശോധനയില്‍ റഷ്യയ്ക്ക് വിജയം, യുക്രൈന്‍ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ പുടിന്‍

യുദ്ധത്തില്‍ പിടിച്ചെടുത്ത യുക്രൈന്‍ പ്രദേശങ്ങള്‍ തങ്ങളുടെ ഭാഗമാക്കാന്‍ റഷ്യ നീക്കം ആരംഭിച്ചു
പുടിൻ/എപി
പുടിൻ/എപി

യുദ്ധത്തില്‍ പിടിച്ചെടുത്ത യുക്രൈന്‍ പ്രദേശങ്ങള്‍ തങ്ങളുടെ ഭാഗമാക്കാന്‍ റഷ്യ നീക്കം ആരംഭിച്ചു. ഹിതപരിശോധനയില്‍ റഷ്യയുടെ ഭാഗമാകാന്‍ താത്പര്യം പ്രകടിപ്പിച്ച പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കാനാണ് നീക്കം. യുക്രൈനിലെ തെക്ക്, പടിഞ്ഞാറന്‍ പ്രദേശത്തുള്ള നാല് മേഖലകളാണ് റഷ്യയ്‌ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അഞ്ച് ദിവസമായി നടന്ന ഹിതപരിശോധനയില്‍ ജനങ്ങള്‍ റഷ്യക്കൊപ്പം നില്‍ക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി ഈ മേഖലയിലെ പ്രാദേശിക ഭരണകൂടങ്ങള്‍ പറഞ്ഞു. 

സപോര്‍ഷ്യ മേഖലയിലെ 93 ശതമാനം പേരും റഷ്യയെ അംഗീകരിച്ചു. ഖേര്‍സണിലെ 87 ശതമാനം പേരും ലുഹാന്‍സ്‌കില്‍ 98 ശതമാനം പേരും ഡൊണെറ്റ്‌സ്‌കിലെ 99 ശതമാനവും തങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി റഷ്യ നിയോഗിച്ച തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ അവകാശപ്പെട്ടു. 

ഈ മേഖലകളെ റഷ്യയുമായി കൂട്ടിച്ചേര്‍ക്കാന്‍ പ്രസിഡന്റ് പുടിനോട് ആവശ്യപ്പെടുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഹിതപരിശോധനയെ തള്ളി പാശ്ചത്യ രാഷ്ട്രങ്ങള്‍ രംഗത്തെത്തി. അര്‍ത്ഥമില്ലാത്ത ഹിതപരിശോധനയാണ് നടത്തിയതെന്ന് പാശ്ചത്യ രാജ്യങ്ങള്‍ ആരോപിച്ചു. 

റഷ്യയുടെ നടപടിക്ക് എതിരെ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയം പാസ്സാക്കണമെന്ന് ഐക്യരാഷ്ട്ര സഭയിലെ യുഎസ് അംബാസിഡര്‍ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് പറഞ്ഞു. റഷ്യ നടത്തിയ ഹിതപരിശോധന നിയമവിരുദ്ധമാണെന്ന് യൂറോപ്യന്‍ യൂണിയന്‍ ഫോറിന്‍ പോളിസി മേധാവി ജോസഫ് ബോറല്‍ പറഞ്ഞു.

ഹിതപരിശോധന വെറും പ്രഹസനം മാത്രമാണെന്നാണ് യുക്രൈന്റെ പ്രതികരണം. ബലപ്രയോഗത്തിലൂടെയാണ് ജനങ്ങളെ ഹിതപരിശോധനയ്ക്ക് വിധേയമാക്കിയതെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. റഷ്യന്‍ നീക്കത്തിന് എതിരെ യൂറോപ്യന്‍ യൂണിയനും നാറ്റോയും ഇടപെടണമെന്നും യുക്രൈന്‍ ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com