ലോകത്തെ ഞെട്ടിച്ച് റഷ്യ; അതിപുലര്‍ച്ചെ ബഹുമുഖ ആക്രമണം, നഗരങ്ങളില്‍ സ്‌ഫോടനങ്ങള്‍; തിരിച്ചടി തുടങ്ങിയെന്ന് യുക്രൈന്‍, വിമാനം വെടിവെച്ചിട്ടു ( വീഡിയോ)

റഷ്യക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി 
യുക്രൈനിൽ റഷ്യൻ ആക്രമണം/ ട്വിറ്റർ ചിത്രം
യുക്രൈനിൽ റഷ്യൻ ആക്രമണം/ ട്വിറ്റർ ചിത്രം

കീവ്: റഷ്യന്‍ ആക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോരാടുമെന്ന് പ്രസിഡന്റ് വ്ലോഡിമിർ സെലന്‍സ്‌കി പറഞ്ഞു. യുക്രൈന്‍ പ്രസിഡന്റ് യിഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ചു. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈനില്‍ പട്ടാള നിയമം പ്രഖ്യാപിച്ചു. ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് യുക്രൈന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു. 

യുക്രൈന്‍ തലസ്ഥാനമായ കീവില്‍ വിമാനത്താവളത്തിന് സമീപം വെടിവെപ്പും സ്‌ഫോടനങ്ങളുമുണ്ടായി. വിമാനത്താവളം റഷ്യന്‍ പട്ടാളത്തിന്റെ നിയന്ത്രണത്തിലാണെന്നാണ് സൂചന. കിഴക്കന്‍ യുക്രൈനിലേക്ക് റഷ്യന്‍ സൈന്യമെത്തി. ഒഡേസ, മാരിയോപോള എന്നീ നഗരങ്ങള്‍ റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായതായാണ് റിപ്പോര്‍ട്ടുകള്‍. റഷ്യക്കൊപ്പം വിമതരും യുക്രൈന്‍ സൈന്യത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. യുക്രൈനിലെ ലോഹാന്‍സ്‌ക് പട്ടണത്തിന്റെ നിയന്ത്രണം വിമതര്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. 

റഷ്യൻ വിമാനങ്ങൾ വെടിവെച്ചിട്ടതായി യുക്രൈൻ

അതിനിടെ, റഷ്യന്‍ വിമാനം വെടിവെച്ചിട്ടതായി യുക്രൈന്‍ സൈന്യം അവകാശപ്പെട്ടു. അഞ്ച് റഷ്യന്‍ ജെറ്റുകളും ഒരു ഹെലികോപ്റ്ററും വെടിവെച്ചിട്ടതായാണ് വിവരം. ലുഹാൻസ്ക് മേഖലയിലാണ് വിമാനങ്ങൾ വെടിവെച്ചിട്ടത്. റഷ്യയില്‍ സ്‌ഫോടനം ഉണ്ടായതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുക്രൈനില്‍ റഷ്യ ബഹുമുഖ ആക്രമണമാണ് നടത്തുന്നത്. കര- വ്യോമ-ജല മാര്‍ഗങ്ങളിലൂടെ ആക്രണം നടത്തുന്നു. ബെലാറസ് അതിര്‍ത്തി വഴിയും റഷ്യന്‍ സൈന്യം യുക്രൈനില്‍ പ്രവേശിച്ചിട്ടുണ്ട്. ബെലാറസ് സൈന്യവും റഷ്യന്‍ പട്ടാളത്തിനൊപ്പം ചേര്‍ന്നിട്ടുണ്ട്. 

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

സംഘര്‍ഷം ഉടലെടുത്തതോടെ, യുക്രൈനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതല്‍ 30 ദിവസത്തേക്കാണ് അടിയന്തരാവസ്ഥ. യുക്രൈന്‍ പ്രസിഡന്റിന്റെ ഉത്തരവ് പാര്‍ലമെന്റ് അംഗീകരിച്ചു. റഷ്യന്‍ ആക്രമണത്തിനെതിരെ പോരാടാന്‍ ജനങ്ങള്‍ക്ക് ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള അനുമതിയും യുക്രൈന്‍ പാര്‍ലമെന്റ് നല്‍കിയിട്ടുണ്ട്. യുക്രൈന്‍ വ്യോമപരിധിയിലൂടെയുള്ള വിമാനസര്‍വീസുകള്‍ യൂറോപ്പ് വിലക്കിയിട്ടുണ്ട്. 

പിന്മാറണമെന്ന് ഐക്യരാഷ്ട്രസഭ

അതേസമയം മാനുഷികത പരിഗണിച്ച് എത്രയും വേഗം റഷ്യ യുക്രൈനില്‍ നിന്നും പിന്മാറണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. യുക്രൈന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ അടിയന്തരമായി യു എന്‍ രക്ഷാ സമിതി യോഗം ചേര്‍ന്നിരുന്നു. യുക്രൈന്‍ സൈന്യം ആയുധം വെച്ച് കീഴടങ്ങുന്നതാണ് നല്ലതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുടിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് പുടിന്‍

നാറ്റോ വിപുലീകരണത്തിന് യുക്രൈനെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ല. യുക്രൈനെ സൈനിക രഹിതവും നാസി വിമുക്തവുമാക്കുകയാണ് റഷ്യയുടെ ലക്ഷ്യം. ബാഹ്യശക്തികള്‍ വിഷയത്തില്‍ ഇടപെട്ടാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് പുടിന്‍ മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ നീക്കത്തെ നേരിടുന്നവര്‍ക്ക് കനത്ത തിരിച്ചടി നല്‍കും.  രക്തച്ചൊരിച്ചിലുണ്ടായാല്‍ ഉത്തരവാദികള്‍ യുക്രൈനും സഖ്യകക്ഷികളുമായിരിക്കുമെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. 

ശക്തമായ തിരിച്ചടി നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയന്‍

റഷ്യന്‍ ആക്രമണത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നിശിതമായി വിമര്‍ശിച്ചു. നീതീകരിക്കാനാകാത്ത ആക്രമണമാണ്. സൈനിക നടപടി മൂലമുണ്ടാകുന്ന മരണത്തിനും നാശങ്ങള്‍ക്കുമെല്ലാം റഷ്യയായിരിക്കും ഉത്തരവാദിയെന്ന് ബൈഡന്‍ പറഞ്ഞു. അമേരിക്കയും സഖ്യ കക്ഷികളും ശക്തമായ തിരിച്ചടി നല്‍കുമെന്നും ബൈഡന്‍ പറഞ്ഞു. റഷ്യക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി.

നയതന്ത്ര പരിഹാരം വേണമെന്ന് ഇന്ത്യ

യുക്രൈനിലേത് അപകടകരമായ സാഹചര്യമാണെന്ന് ഇന്ത്യ പ്രതികരിച്ചു. നയതന്ത്ര തലത്തില്‍ പരിഹാരം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സമാധാനപരമായി പ്രശ്‌നം പരിഹരിക്കണമെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. യുക്രൈനിലെ ഇന്ത്യന്‍ എംബസി എമര്‍ജന്‍സി ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com