ചീഫ് ജസ്റ്റിസിനെ വെട്ടാനുള്ള ബില്‍ പ്രസിഡന്റ് വെട്ടി; പാകിസ്ഥാനില്‍ സര്‍ക്കാര്‍-കോടതി പോരില്‍ വഴിത്തിരിവ്, അനിശ്ചിതത്വം

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അധികാര പരിധി വെട്ടിക്കുറയ്ക്കാനുള്ള ബില്‍ പാകിസ്ഥാന്‍ പ്രസിഡന്റ് ആരിഫ് അല്‍വി പാര്‍ലമെന്റിന് തിരിച്ചയച്ചു
പാകിസ്ഥാന്‍ സുപ്രീംകോടതി/ഫയല്‍
പാകിസ്ഥാന്‍ സുപ്രീംകോടതി/ഫയല്‍

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അധികാര പരിധി വെട്ടിക്കുറയ്ക്കാനുള്ള ബില്‍ പാകിസ്ഥാന്‍ പ്രസിഡന്റ് ആരിഫ് അല്‍വി പാര്‍ലമെന്റിന് തിരിച്ചയച്ചു. ബില് പുനപ്പരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് വിവാദമായ ബില്‍ തിരിച്ചയച്ചിരിക്കുന്നത്. 

പഞ്ചാബ് പ്രവിശ്യ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയും സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്നതിനിടെയാണ് ബില്‍ പ്രസിഡന്റ് തിരിച്ചയച്ചിരിക്കുന്നത്. പാക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പഞ്ചാബ് പ്രവിശ്യ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത് ഒക്ടോബര്‍ എട്ടിലേക്ക് മാറ്റിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ഇത് തള്ളി, പകരം മെയ് പതിനാലിന് തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിട്ടു. 

ഈ ഉത്തരവ് അംഗീകരിക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പാര്‍ലമെന്റിന്റെ ഇരു സഭകളും അംഗീകരിച്ച ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് വേണ്ടി അയച്ചിരുന്നു. സുപ്രീംകോടതിയുടെ അധികാര പരിധി നിര്‍ണയിക്കാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബില്‍ തിരികെ അയച്ചത്. സ്വമേധയ കേസെടുക്കാനുള്ള സുപ്രീംകോടതി ചീഫ് ജസ്റ്റ്‌സിന്റെ അധികാരം വെട്ടിക്കുറയ്ക്കുന്നതാണ് വിവാദമായ ബില്‍. 

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ സ്വമേധയാ കേസെടുക്കാനുള്ള അധികാരത്തെ രണ്ട് ജഡ്ജിമാര്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ്, അധികാര പരിധി വെട്ടിക്കുറയ്ക്കുന്ന നിയമവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. സുപ്രീംകോടതിക്ക് മുന്നിലുള്ള എല്ലാ കേസുകളിലും അപ്പീലുകളിലും ചീഫ് ജസ്റ്റിസും മുതിര്‍ന്ന രണ്ട് ജഡ്ജിമാരും അടങ്ങിയ ഒരു ബെഞ്ച് പരിഗണിക്കുകയും തീര്‍പ്പാക്കുകയും ചെയ്യും.സുപ്രീംകോടതി സ്വമേധയ കേസെടുത്ത് വിധി പറഞ്ഞ സംഭവങ്ങളില്‍ 30 ദിവസത്തിനുള്ളില്‍ പുനപ്പരിശോധന ഹര്‍ജി നല്‍കാനുള്ള അവസരം ഒരുക്കുമെന്നും ബില്ലില്‍ പറയുന്നു.

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഭരണ സമയത്ത് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പിടിഐ നോമിനേറ്റ് ചെയ്തതാണ് പ്രസിഡന്റ് അല്‍വിയെ. ബില്ലില്‍ കൂടതല്‍ ചര്‍ച്ച വേണമെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം തിരിച്ചയച്ചിരിക്കുന്നത്. ഇത് വിഷയത്തെ പ്രതിരോധിക്കാന്‍ പ്രതിപക്ഷത്തിന് കൂടുതല്‍ അവസരം നല്‍കും. ഭരണഘടനാപ്രകാരം, പാകിസ്ഥാന്റെ പരമോന്നത കോടതി സ്വതന്ത്ര സ്ഥാപനമാണെന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. 

അതേസമയം, പ്രസിഡന്റിന്റെ നടപടിയെ വിമര്‍ശിച്ച് ഭരണപക്ഷം രംഗത്തെത്തി. ഇമ്രാന്‍ ഖാന്റെ പിടിഐ പാര്‍ട്ടിയുടെ നയങ്ങളാണ് അല്‍വി പിന്തുടരുന്നതെന്ന് മന്ത്രി ഷെറി റഹ്മാന്‍ ആരോപിച്ചു. അല്‍വി ഇപ്പോഴും പിടിഐയുടെ സെക്രട്ടറി ജനറല്‍ ആണെന്നും പാകിസ്ഥാന്റെ പ്രസിഡന്റ് അല്ലെന്നും തെളിയിച്ചെന്ന് അവര്‍ ട്വീറ്റ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com