സൈനിക ടാങ്കുകള്‍ കൊണ്ട് നിറഞ്ഞ് റഷ്യന്‍ നഗരം; പാലുകൊടുത്ത കൈയ്ക്ക് തന്നെ കൊത്തിയ പുടിന്റെ 'ഷെഫ്', എന്തിനും മടിക്കാത്ത 'ചെകുത്താന്‍ സേന'

വാഗ്നര്‍ ഗ്രൂപ്പ് റഷ്യന്‍ സൈന്യത്തിന് നേര്‍ക്ക് തിരിഞ്ഞതിന് പിന്നാലെ, ദക്ഷിണ റഷ്യയിലെ റൊസ്‌തോവ്-ഓണ്‍-ഡോണ്‍ നഗരത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍

വാഗ്നര്‍ ഗ്രൂപ്പ് റഷ്യന്‍ സൈന്യത്തിന് നേര്‍ക്ക് തിരിഞ്ഞതിന് പിന്നാലെ, ദക്ഷിണ റഷ്യയിലെ റൊസ്‌തോവ്-ഓണ്‍-ഡോണ്‍ നഗരത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്. സൈനിക ടാങ്കുകള്‍ നഗരത്തില്‍ റോന്തു ചുറ്റുന്ന വീഡിയോകളാണ് പുറത്തുവന്നിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ വീഡിയോകളുടെ ആധികാരികത വ്യക്തമായിട്ടില്ല. റഷ്യന്‍ സൈനിക വിമാനം ലാഗ്നര്‍ ഗ്രൂപ്പ് വെടിവെച്ചിട്ടതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.

അതേസമയം, മോസ്‌കോ അടക്കമുള്ള പ്രധാന നഗരങ്ങളില്‍ റഷ്യന്‍ സേന സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വാഗ്നര്‍ ഗൂപ്പ് റഷ്യന്‍ സേനയ്ക്ക് എതിരെ തിരിഞ്ഞതായി പ്രസിഡന്റ് പുടിന്‍ സ്ഥിരീകരിച്ചു. വാഗ്നര്‍ സേന രാജ്യത്തെ പിന്നില്‍ നിന്ന് കുത്തിയെന്നും കലാപത്തില്‍ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത് വന്‍ ശിക്ഷയാണെന്നും പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ പറഞ്ഞു. 

എന്താണ് വാഗ്നര്‍ സേന? 

സൈനിക നടപടികള്‍ക്ക് റഷ്യ ഉപയോഗിച്ചിരുന്ന കൂലിപ്പട്ടാളമാണ് വാഗ്നര്‍ ഗ്രൂപ്പ്. 2014ല്‍ ക്രിമിയന്‍ അധിനിവേശ സമയത്താണ് പുടിന്‍ ആദ്യമായി ഈ സ്വകാര്യ സേനയെ രംഗത്തിറക്കിയത്. 2105ല്‍ സിറിയയിലും റഷ്യന്‍ സേനയ്ക്ക് സഹായവുമായി വാഗ്നര്‍ എത്തി. പുടിന്റെ അടുത്ത സുഹൃത്തും റഷ്യന്‍ ശതകോടീശ്വരനുമായ യെവ്‌ഗെനി പ്രിഗോഷിയാണ് ഈ സ്വാകര്യ സേനയ്ക്ക് രൂപം നല്‍കിയത്.

പരിചയ സമ്പന്നരായ മുന്‍ സൈനികരുടെ വന്‍ നിരതന്നെ ഈ സംഘത്തിലുണ്ട്. യുക്രൈനില്‍ നിര്‍ണായക ഇടപെടലാണ് ഇവര്‍ നടത്തിയത്. ബാഖ്മുത് അടക്കമുള്ള പ്രധാന നഗരങ്ങള്‍ ഇവര്‍ പിടിച്ചെടുത്തിരുന്നു. ബാഖ്മുത് നഗരം ശവപ്പറമ്പാക്കിയതിന് ശേഷമാണ് ഇവര്‍ നഗരം വിട്ടത്.

വാഗ്നര്‍ ഗ്രൂപ്പ് നഗരത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ്, 80,000 ആളുകള്‍ താമസിച്ചിരുന്ന ബാഖ്മുത്തില്‍, ഇവര്‍ പിന്‍മാറിയപ്പോഴേക്കും ഒറ്റ മനുഷ്യരും അവശേഷിക്കുന്നില്ലെന്നും ജനങ്ങള്‍ കൂട്ട പലായനം നടത്തിയെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

പുടിന്റെ 'ഷെഫ്', പാലുകൊടുത്ത കൈയ്ക്ക് കൊത്തിയ പ്രിഗോഷി


പുട്ടിന്റെ ഷെഫ് എന്നായിരുന്നു മുന്‍പ് പ്രിഗോഷി അറിയപ്പെട്ടിരുന്നത്. പിന്നീട് ആയുധ ബിസിനസ് രംഗത്തേക്ക് കടന്നുവന്നു. എന്നാല്‍ യുക്രൈന്‍ യുദ്ധം പുടിനെയും പ്രിഗോഷിയേയും രണ്ടു വഴിക്ക് നടത്തി. റഷ്യന്‍ സൈന്യത്തിനൊപ്പം ആദ്യം പ്രവര്‍ത്തിച്ച വാഗ്നര്‍ ഗ്രൂപ്പ്, പിന്നീട് സ്വതന്ത്രമായാണ് യുക്രൈനില്‍ ഇടപെട്ടത്. പ്രതിരോധ മന്ത്രാലയവുമായി ഉടക്കുകയും ചെയ്തു. 

റഷ്യന്‍ സൈനിക മേധാവിമാര്‍ പരസ്യമായി വാഗ്നര്‍ ഗ്രൂപ്പിന് എതിരെ രംഗത്തുവന്നിരുന്നു. യുക്രൈനില്‍ റഷ്യന്‍ സേനയ്ക്ക് കനത്ത തിരിച്ചടി നേരിടാന്‍ കാരണം വലഗ്നര്‍ ഗ്രൂപ്പിന്റെ അപക്വമായ ഇടപെടല്‍ കാരണമാണ് എന്ന് റഷ്യന്‍ സൈനിക മേധാവി കുറ്റപ്പെടുത്തിയിരുന്നു. റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷൊയ്ഗുവും സൈനിക മേധാവി വലേരി ഗ്രസിമോവും
വാഗ്നറിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. 

പുടിനും പ്രിഗോഷിയും
 

വെള്ളിയാഴ്ച, തങ്ങളുടെ സേനയ്ക്ക് നേരെ റഷ്യന്‍ പട്ടാളം മിസൈല്‍ ആക്രമണം നടത്തിയെന്ന് പ്രിഗോഷി ആരോപിച്ചിരുന്നു. പ്രതികാരം ചെയ്യുമെന്നും ജയിക്കുന്നതുവരെ പിന്നോട്ടില്ലെന്നും പ്രിഗോഷി പ്രഖ്യാപിച്ചു. മുന്നില്‍ വരുന്ന എന്തിനെയും നശിപ്പിക്കുമെന്നും പ്രിഗോഷി മുന്നറിയിപ്പ് നല്‍കി. ഇതിന് പിന്നാലെയാണ് ദക്ഷിണ റഷ്യയിലെ സൈനിക കേന്ദ്രം ഇവര്‍ പിടിച്ചെടുത്തത്. വാഗ്നര്‍ സേന തമ്പടിച്ചിരുന്ന വൊറോണേസ് മേഖലയില്‍ റഷ്യന്‍ സേന കഴിഞ്ഞ ദിവസങ്ങളില്‍ വ്യോമാക്രമണം നടത്തിയിരുന്നു. തന്നോടൊപ്പം 25,000 സൈനികര്‍ ഉണ്ടെന്നാണ് പ്രിഗോഷിയുടെ അവകാശവാദം. ബാഖ്മുത്തില്‍ നിന്ന് പിന്‍വലിച്ച വാഗ്നര്‍ സേനയെ റൊസ്‌തോവ്, ബെല്‍ഗൊറോഡ് മേഖലകളില്‍ പ്രിഗോഷി വിന്യസിക്കുകയായിരുന്നു. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com