വിമാനാപകടത്തില്‍ അമ്മ മരിച്ചു, പിഞ്ചു കുഞ്ഞടക്കം നാലു കുട്ടികള്‍ ആമസോണ്‍ കാട്ടില്‍ കഴിഞ്ഞത് രണ്ടാഴ്ച; അതിജീവന കഥ

വിമാനം തകര്‍ന്നതിനെ തുടര്‍ന്ന് കാണാതായ പതിനൊന്ന് മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ് അടക്കം നാലു കുട്ടികളെ ആമസോണ്‍ മഴക്കാടുകളില്‍ നിന്ന് ജീവനോടെ കണ്ടെത്തി
ആമസോൺ മഴക്കാടുകൾ,ഫയല്‍ ചിത്രം
ആമസോൺ മഴക്കാടുകൾ,ഫയല്‍ ചിത്രം

ബൊഗോട്ട: കൊളംബിയയിൽ വിമാനം തകര്‍ന്നതിനെ തുടര്‍ന്ന് കാണാതായ പതിനൊന്ന് മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ് അടക്കം നാലു കുട്ടികളെ ആമസോണ്‍ മഴക്കാടുകളില്‍ നിന്ന് ജീവനോടെ കണ്ടെത്തി. രണ്ടാഴ്ച മുന്‍പായിരുന്നു വിമാന അപകടം ഉണ്ടായത്. തുടര്‍ന്ന് കുട്ടികള്‍ക്കായി വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെ നാലുപേരെയും ജീവനോടെ കണ്ടെത്തിയതായുള്ള സന്തോഷ വാര്‍ത്ത കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് പുറംലോകത്തെ അറിയിച്ചത്.

മെയ് ഒന്നിന് ആണ് കുട്ടികള്‍ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കുട്ടികളുടെ അമ്മ അടക്കം മൂന്ന് മുതിര്‍ന്നവരാണ് മരിച്ചത്. കുട്ടികളെ കണ്ടെത്തുന്നതിന് നൂറ് സൈനികരെയും പൊലീസ് നായകളെയുമാണ് നിയോഗിച്ചത്. പതിനൊന്ന് മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന് പുറമേ പതിമൂന്നും ഒന്‍പതും നാലും വയസുള്ള കുട്ടികളെയാണ് കണ്ടെത്തിയത്. വിമാനപകടത്തെ തുടര്‍ന്ന് നാലുപേരും കാട്ടില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

തിരച്ചിലിനിടെ, വടികളും മരക്കഷ്ണങ്ങളും ഉപയോഗിച്ച് നിര്‍മ്മിച്ച താത്ക്കാലിക സംവിധാനം കണ്ടെത്തിയതാണ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കാന്‍ സൈന്യത്തെ പ്രേരിപ്പിച്ചത്. കുട്ടികള്‍ ജീവിച്ചിരിപ്പുണ്ട് എന്ന വിശ്വാസത്തില്‍ നടത്തിയ വിപുലമായ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്. നേരത്തെ പിഞ്ചുകുഞ്ഞിന് പാലുകുടിക്കാന്‍ ഉപയോഗിക്കുന്ന ബോട്ടില്‍ കണ്ടെത്തിയതും തിരച്ചിലില്‍ നിര്‍ണായകമായി. 

കാട്ടില്‍ നിന്ന് ആമസോണ്‍ മഴക്കാടുകളിലെ പ്രധാന നഗരങ്ങളിലൊന്നായ സാന്‍ ജോസ് ഡെല്‍ ഗ്വാവിയറിലേക്ക് സഞ്ചരിക്കവേയാണ് വിമാനം നിയന്ത്രണം വിട്ട് തകര്‍ന്നത്. കഴിഞ്ഞദിവസങ്ങളിലാണ് പൈലറ്റിന്റെയും രണ്ടു മുതിര്‍ന്നവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൂറ്റന്‍ മരങ്ങളും വന്യമൃഗങ്ങളും കനത്തമഴയും ആമസോണ്‍ മഴക്കാടുകളിലെ സൈന്യത്തിന്റെ തിരച്ചില്‍ ദുഷ്‌കരമാക്കിയിരിക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com