ഒരു പര്‍വതത്തെ ഇളക്കാന്‍ എളുപ്പമാണ്. പക്ഷേ, പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെ അനക്കാന്‍ ബുദ്ധിമുട്ടാണ്: ഇന്ത്യയോട് ചൈന

അതിര്‍ത്തി സംരക്ഷിക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ കഴിവിനെക്കുറിച്ച് ആര്‍ക്കും മിഥ്യാധാരണ വേണ്ടെന്നാണ് ചൈനീസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്.
ഒരു പര്‍വതത്തെ ഇളക്കാന്‍ എളുപ്പമാണ്. പക്ഷേ, പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെ അനക്കാന്‍ ബുദ്ധിമുട്ടാണ്: ഇന്ത്യയോട് ചൈന

ന്യൂഡെല്‍ഹി: ഇന്ത്യ- ചൈന ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്. അതിര്‍ത്തി സംരക്ഷിക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ കഴിവിനെക്കുറിച്ച് ആര്‍ക്കും മിഥ്യാധാരണ വേണ്ടെന്നാണ് ചൈനീസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്. 'ഒരു പര്‍വതത്തെ ഇളക്കാന്‍ എളുപ്പമാണ്. പക്ഷേ, പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെ അനക്കാന്‍ ബുദ്ധിമുട്ടാണ്'- ചൈനീസ് പ്രതിരോധ വക്താവ് വു ഖ്വയ്‌ന്റെ വാക്കുകളാണ്. 

ചൈനയുടെ സൈന്യത്തിനെപ്പറ്റി ഇന്ത്യ മിധ്യാധാരണ പുലര്‍ത്തരുത്. തര്‍ക്കവിഷയങ്ങളില്‍ ഭാഗ്യപരീക്ഷണത്തിനു നില്‍ക്കുകയുമരുത്. മേഖലയില്‍ സമാധാനം തിരികെ കൊണ്ടുവരുന്നതിനാകണം മുന്‍ഗണ. ചൈനയുടെ അതിര്‍ത്തിയും പരമാധികാരവും നിരന്തരം ശക്തിപ്പെടുത്താനാണ് ശ്രമമെന്നും ചൈനീസ് പ്രതിരോധ വക്താവ് സമ്മേളനത്തില്‍ വ്യക്തമാക്കി.

പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയില്‍നിന്ന് ഇരുവിഭാഗവും സൈന്യത്തെ പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍, ഇന്ത്യ സൈന്യത്തെ പിന്‍വലിച്ച് തെറ്റു തിരുത്തണമെന്നാണ് ചൈനയുടെ ആവശ്യം.

സിക്കിം മേഖലയിലെ ദോക് ലായില്‍ റോഡു നിര്‍മിക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യന്‍ സൈനികര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. പ്രദേശത്ത് ഒരു മാസമായി ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ മുഖാമുഖം നില്‍ക്കുകയാണ്. ഇന്ത്യയുടെ അധീനതയിലുള്ള പ്രദേശത്ത് ചൈന അതിക്രമിച്ച് കടന്നെന്ന് ഇന്ത്യ വാദിക്കുമ്പോള്‍ ഇന്ത്യന്‍ സൈന്യമാണ് അതിര്‍ത്തി ലംഘിച്ചതെന്നാണ് ചൈനയുടെ വാദം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com