കശാപ്പു വിലക്ക്: കോണ്‍ഗ്രസില്‍ എതിര്‍പ്പ് കേരള നേതാക്കള്‍ക്കു മാത്രം, ഒന്നും മിണ്ടാതെ കേന്ദ്ര നേതൃത്വം

ഗോവധ വിഷയം രാഷ്ട്രീയ ചര്‍ച്ചയാക്കാനില്ല എന്നാണ് ഇക്കാര്യത്തില്‍ പ്രതികരണം ആരാഞ്ഞ വാര്‍ത്താ ഏജന്‍സിയോട് ദേശീയ നേതാക്കള്‍ പറഞ്ഞത്
കശാപ്പു വിലക്ക്: കോണ്‍ഗ്രസില്‍ എതിര്‍പ്പ് കേരള നേതാക്കള്‍ക്കു മാത്രം, ഒന്നും മിണ്ടാതെ കേന്ദ്ര നേതൃത്വം

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ കന്നുകാലി കശാപ്പു നിരോധനം വലിയ രാഷ്ട്രീയ വിവാദമാവുമ്പോഴും ഇക്കാര്യത്തില്‍ ശക്തമായ പ്രതികരണം നടത്താത്ത കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടില്‍ പാര്‍ട്ടിയില്‍ അതൃപ്തി പുകയുന്നു. കണ്ണൂരില്‍ പരസ്യ കശാപ്പു നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടിയെ അപലപിച്ച എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേന്ദ്ര നടപടിക്കെതിരെ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ഇതോടൊപ്പം പാര്‍ട്ടി ഭരിക്കുന്ന കര്‍ണാടകയില്‍ ബീഫ് ഫെസ്റ്റ് നടത്താന്‍ അനുമതി നിഷേധിക്കുക കൂടി ചെയ്തതോടെ കേരളത്തില്‍ ബീഫ് വീഷയം ഏറ്റെടുത്ത കോണ്‍ഗ്രസ് പ്രതിരോധത്തില്‍ ആയിരിക്കുകയാണ്.

കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതില്‍നിന്ന് കാലിചന്തകളെ തടഞ്ഞ കേന്ദ്ര വിജ്ഞാപനം വാര്‍ത്തയായി ഒരാഴ്ച പിന്നിടുമ്പോഴും കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇക്കാര്യത്തില്‍ ശക്തമായ പ്രതികരണവുമായി രംഗത്ത് എത്താത്തതാണ് പ്രവര്‍ത്തകരില്‍ അതൃപ്തിക്കു കാരണമായിരിക്കുന്നത്. കേരളത്തില്‍നിന്നുള്ള നേതാക്കള്‍ മാത്രമാണ് ഇതുവരെ കേന്ദ്ര നടപടിക്കെതിരെ പ്രതികരിച്ചത്. കീറിയെറിയേണ്ട വിജ്ഞാപനമാണ് ഇത് എന്നായിരുന്നു പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി അഭിപ്രായപ്പെട്ടത്ത. എന്നാല്‍ ഗോവധ വിഷയം രാഷ്ട്രീയ ചര്‍ച്ചയാക്കാനില്ല എന്നാണ് ഇക്കാര്യത്തില്‍ പ്രതികരണം ആരാഞ്ഞ വാര്‍ത്താ ഏജന്‍സിയോട് ദേശീയ നേതാക്കള്‍ പറഞ്ഞത്. 

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി കശാപ്പു നടത്തി അതിരുവിട്ടു പ്രതിഷേധിച്ചപ്പോള്‍ രാഹുല്‍ ഗാന്ധിയും പാര്‍ട്ടി വക്താവ് രണ്‍ദിപ് സുര്‍ജേവാലയും അതിനെതിരെ രംഗത്തുവന്നിരുന്നു. കണ്ണൂരിലെ നടപടി കിരാതം എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയതത്. കോണ്‍ഗ്രസ് സംസ്‌കാരത്തിനു യോജിക്കുന്നതല്ലെന്ന് സുര്‍ജേവാലയും അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതിനൊപ്പം കേന്ദ്ര നടപടിക്കെതിരെ കൂടി രാഹുല്‍ പ്രതികരിച്ചിരുന്നെങ്കില്‍ ഉചിതമാവുമായിരുന്നു എന്നാണ് കേരളത്തിലെ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ബീഫ് വിഷയം ഏറ്റെടുത്ത കേരളത്തിലെ പ്രവര്‍ത്തകരെ പ്രതിരോധത്തിലാക്കുന്നതാണ് ഈ സമീപനമെന്നും ഇവര്‍ പറയുന്നു.

ബീഫ് വിലക്കില്‍ കേന്ദ്ര നേതൃത്വത്തിന്റെ മൗനം തുടരുന്നതിന് ഇടയിലാണ് കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ ബീഫ് ഫെസ്റ്റിനുള്ള അനുമതി നിഷേധിക്കപ്പെട്ടത്. എസ്എഫ്‌ഐ ആണ് കേ്ന്ദ്ര നടപടിയില്‍ പ്രതിഷേധിക്കുന്നതിന് ബീഫ് ഫെസ്റ്റിനുള്ള അനുമതി തേടി പൊലീസിനെ സമീപിച്ചത്. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എതിര്‍പ്പു പ്രകടിപ്പിച്ച സാഹചര്യത്തില്‍ ക്രമസമാധാന നില ചൂണ്ടിക്കാട്ടി ബംഗളൂരു പൊലീസ് ഫെസ്റ്റിന് അനുമതി നിഷേധിക്കുകയായിരുന്നു. കേരളത്തില്‍ പിണറായി വിജയനും ബംഗാളില്‍ മമത ബാനര്‍ജിയും കേന്ദ്ര നടപടിക്കെതിരെ രംഗത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഇതുവരെ ശക്തമായ പ്രതികരണം നടത്തിയിട്ടില്ല. മേഘലയയെ വിലക്കില്‍നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു കത്തയയ്ക്കുകയാണ് അവിടെനിന്നുള്ള മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ വിന്‍സെന്റ് എച്ച് പാല ചെയ്തത്.

മഹാരാഷ്ട്ര ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ഗോവധ നിരോധനം ഏര്‍പ്പെടുത്തിയത് കോണ്‍ഗ്രസ് സര്‍ക്കാരുകളായിരുന്നു എന്ന വാദം ഉയര്‍ത്തിക്കൊണ്ടാണ് ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ നപടികള ബിജെപി പ്രതിരോധിക്കുന്നത്. ഇതിനെ നേരിടാന്‍ കശാപ്പു നിരോധന വിഷയത്തില്‍ ശക്തമായ നിലപാടു കേന്ദ്ര നേതൃത്വം സ്വീകരിക്കണമെന്നാണ് കോണ്‍ഗ്രസ് കേരള നേതാക്കളുടെ താത്പര്യം. എന്നാല്‍ ഇതു സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തിന് കത്തയയ്ക്കുകയോ മറ്റ് ആശയവിനിമയം നടത്തുകയോ ചെയ്തിട്ടില്ലെന്ന് നേതാക്കള്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com