ചലച്ചിത്രം

കല്‍പനയുടെ മകള്‍ ശ്രീമയി സിനിമയിലെത്തുന്നു, ശ്രീസംഖ്യയായി 

സമകാലിക മലയാളം ഡെസ്ക്

അന്തരിച്ച നടി കല്‍പ്പനയുടെ മകള്‍ ശ്രീമയി കുഞ്ചിയമ്മയും അഞ്ചു മക്കളും എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നു. മുമ്പ് പലപ്പോഴും തന്റെ ഉള്ളിലെ സിനിമാമോഹം തുറന്ന് പ്രകടിപ്പിച്ചിരുന്ന ശ്രീമയി കുഞ്ചിയമ്മ എന്ന പ്രധാന കഥാപാത്രമായാണ് ചിത്രത്തില്‍ എത്തുന്നത്. 

സംവിധായകന്‍ കമലിന്റെ അസോസിയേറ്റായിരുന്ന സുമേഷ് ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ചിയമ്മയും അഞ്ചു മക്കളും. കല തന്റെ രക്തത്തില്‍ ഉണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും അതിനാല്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിനിമാ രംഗത്തേക്കെത്തുന്ന വാര്‍ത്ത അറിയിച്ചുകൊണ്ടുള്ള പത്രസമ്മേളനത്തില്‍ ശ്രീമയി പറഞ്ഞു. സിനിമയിലെത്തുമ്പോള്‍ ശ്രീമയി എന്ന പേര് മാറ്റി ന്യൂമറോളജി പ്രകാരം ശ്രീസംഖ്യ എന്നാക്കിയിട്ടുണ്ട്. സൂര്യന്റെ ഭാര്യയാണ് സംഖ്യ, തളരാതെ സൂര്യനൊപ്പം ശക്തയായി ജ്വലിച്ച് നില്‍ക്കുന്നവള്‍.

അമ്മയെപ്പോലെ ഹാസ്യകഥാപാത്രങ്ങള്‍ ചെയ്ത് ഫലിപ്പിക്കാന്‍ ധൈര്യം വന്നിട്ടില്ലെന്ന് പറഞ്ഞ ശ്രീസംഖ്യ അമ്മയ്ക്ക് പകരമാവാന്‍ തനിക്കെന്നല്ല ആര്‍ക്കും സാധിക്കുല്ലെന്ന് പറഞ്ഞു. കല്‍പനയുടെ മൂത്ത സഹോദരിയും സിനിമാതാരവുമായ കലാരഞ്ജിനിയ്‌ക്കൊപ്പമാണ് ശ്രീസംഖ്യ വാര്‍ത്താസമ്മേളനത്തിന് എത്തിയത്. ഞങ്ങളുടെ തറവാട് സിനിമയാണ്. ആ അന്നമാണ് ഇവളും കഴിച്ചിട്ടുള്ളത്. ഞങ്ങള്‍ക്ക് ആകെ പരിചയമുള്ളതും സിനിമാമേഖല മാത്രമാണ്. വേറൊരു തൊഴിലിനെകുറിച്ച് പറഞ്ഞുകൊടുക്കാന്‍ പോലും ഞങ്ങള്‍ക്ക് അറിയില്ല', കലാരഞ്ജിനി പറഞ്ഞു. 

ചെന്നൈയില്‍ എസ്ആര്‍എം കോളെജില്‍ ബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ശ്രീമയി. ശ്രീമയിക്ക് പുറമെ ഉര്‍വശിയുടെ മകള്‍ കുഞ്ഞാറ്റയും തന്റെ മകന്‍ അമ്പാടിയും സഹോദരന്റെ മകന്‍ അമ്പോറ്റിയുമെല്ലാം സിനിമയില്‍ എത്തുമെന്ന് കലാരഞ്ജിനി പറഞ്ഞു. 

ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന കുഞ്ചിയമ്മയും അഞ്ച് മക്കളും എന്ന ചിത്രത്തില്‍ ശ്രീസംഖ്യയ്ക്ക് പുറമേ തമിഴ് നടന്‍ നാസര്‍, ശ്രീജിത്ത് രവി, ഇര്‍ഷാദ്, കലാഭവന്‍ ഷാജോണ്‍, പാഷാണം ഷാജി, തുടങ്ങിയവര്‍ അഭിനയിക്കുന്നു. ടിനി ടോമും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!