ചലച്ചിത്രം

ഷെയ്ന്‍ നിഗം ഓമനത്തം തുളുമ്പുന്ന കാമുകനെന്ന് ശാരദക്കുട്ടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അജിത് കുമാര്‍ സംവിധാനം ചെയ്ത ഈട എന്ന ചിത്രം രാഷ്ട്രീയപക പോക്കലും വെട്ടിക്കൊലയും നിര്‍വ്വികാരമായി ചെയ്തു തീര്‍ക്കാന്‍ കഴിയുന്ന പ്രവൃത്തികളാകുന്ന സാഹചര്യത്തെ വിശ്വസനീയമായി ആവിഷ്‌കരിക്കുന്നുവെന്ന് ശാരദക്കുട്ടി. ഒട്ടും ഏച്ചുകെട്ടില്ലാതെ തികച്ചും സ്വതസിദ്ധമായ തന്റേടം പ്രവൃത്തിയിലും വാക്കിലും പുലര്‍ത്തുന്ന ഇതുപോലൊരു നായികയെ മലയാള സിനിമ അധികമൊന്നും കാണിച്ചു തന്നിട്ടില്ലെന്നും ശാരദക്കുട്ടി പറയുന്നു.

ഈട നല്ല ചലച്ചിത്രം. 'അവനെ നാളെ വെളുക്കുന്നതിനു മുന്‍പ് തീര്‍ക്കണം'. ചെസ്സ് ബോര്‍ഡിലേതു പോലെ, ഒരു നീക്കം അവിടുന്നുണ്ടായാല്‍ അടുത്ത നീക്കം ഇവിടുന്ന് എന്നത് മാന്‍ഡേറ്ററിയായ രാഷ്ട്രീയ സാഹചര്യങ്ങള്‍. കാലാളുകള്‍ പരസ്പരം വെട്ടി വീഴ്ത്തപ്പെടുന്നു. മനുഷ്യ രക്തം മുഖത്തു തെറിച്ചെന്നതു പോലെ ഞാനെത്ര തവണ ഞെട്ടുകയും മുഖം പൊത്തുകയും ചെയ്തു,..രാഷ്ട്രീയപക പോക്കലും വെട്ടിക്കൊലയും നിര്‍വ്വികാരമായി ചെയ്തു തീര്‍ക്കാന്‍ കഴിയുന്ന പ്രവൃത്തികളാകുന്ന സാഹചര്യത്തെ വിശ്വസനീയമായി ആവിഷ്‌കരിക്കുന്നു. കഠിന സാഹചര്യങ്ങളെ കലയിലേക്ക് പരിവര്‍ത്തിപ്പിച്ച സംവിധായകന്‍ അജിത് കുമാറും സഹപ്രവര്‍ത്തകരും അഭിനന്ദനമര്‍ഹിക്കുന്നു.

സംഘര്‍ഷം ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷത്തില്‍ എത്രമേല്‍ മൃദുവായും സ്വാഭാവികമായും ഉണര്‍ന്നു പതയുന്നു,കൊതിപ്പിക്കുന്നു ഇതിലെ പ്രണയ നിമിഷങ്ങള്‍. അമ്മുവും ആനന്ദും.അവര്‍ തമ്മില്‍ കെട്ടിപ്പിടിക്കണമെന്ന് പ്രേക്ഷകര്‍ മോഹിക്കുമ്പോഴേക്കും ആനന്ദും അമ്മുവും കെട്ടിപ്പിടിക്കുന്നു. രണ്ടാലിംഗന രംഗങ്ങളും മനസ്സില്‍ ഒട്ടിപ്പിടിച്ചു നില്‍ക്കുന്നു.. ഒട്ടും ഏച്ചുകെട്ടില്ലാതെ തികച്ചും സ്വതസിദ്ധമായ തന്റേടം പ്രവൃത്തിയിലും വാക്കിലും പുലര്‍ത്തുന്ന ഇതുപോലൊരു നായികയെ മലയാള സിനിമ അധികമൊന്നും കാണിച്ചു തന്നിട്ടില്ല. നിമിഷ സജയന്‍ തൊണ്ടിമുതലിലെ പോലെ തന്നെ അകൃത്രിമ സുന്ദരമായി അമ്മുവിനെ അവതരിപ്പിച്ചു. ഷെയ്ന്‍ നിഗം ഓമനത്തം തുളുമ്പുന്ന കാമുകന്‍. നായികയുടെ പാകതയും ഇരുത്തവും ഷെയ്ന്‍.റെ ചലനങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാക്കി. പെണ്‍കുട്ടികള്‍ ഈ പയ്യനെ ഇഷ്ടപ്പെടാതിരിക്കില്ല. സുരഭി, ഷെല്ലി കിഷോര്‍, സുജിത് ശങ്കര്‍, മണികണ്ഠന്‍, ഒരാളുടെയും മുഖം മറക്കുന്നില്ല. 
നല്ല ദൃശ്യഭംഗിയുള്ള കാഴ്ചകള്‍. അരോചകമാകാത്ത, മികവുറ്റ ശബ്ദസംവിധാനം. നല്ല ചലച്ചിത്രം മനസ്സിനെയും ശരീരത്തെയും അസ്വസ്ഥമാക്കും. ഈട ഏതെല്ലാമോ തരത്തില്‍ എന്നെ ബാധിക്കുക തന്നെ ചെയ്തുവെന്ന് ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍