ചലച്ചിത്രം

ഞങ്ങളുടെ തലമുറയ്ക്ക് ആരാണ് വേണു? എസ് ഗോപാലകൃഷ്ണന്‍ എഴുതുന്നു

എസ് ഗോപാലകൃഷ്ണന്‍

ന്നലെ സെര്‍ജി ഐസെന്‍സ്‌റ്റൈന്റെ പിറന്നാള്‍ ആയിരുന്നു . വേണുവിനെ കുറിച്ചുള്ള ഈ കുറിപ്പ് ഇന്നലെ എഴുതിയിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു. കാരണം കോട്ടയം നഗരത്തില്‍ എഴുപതുകളില്‍ കൗമാരം ജീവിച്ച ഞങ്ങള്‍ക്ക് ലോക സിനിമയുടെ സജീവതയെ പ്രതിനിധീകരിച്ച ആദ്യ സമകാലികന്‍ വേണു എന്ന അക്ഷമനായ യുവാവ് ആയിരുന്നു. കോട്ടയംകാരനായ അരവിന്ദന്‍ 1975 ല്‍ ഉത്തരായണം എടുക്കുമ്പോള്‍ അദ്ദേഹം ഞങ്ങള്‍ക്ക് നാല്‍പ്പതു വയസ്സുള്ള കോഴിക്കോട്ടുകാരന്‍ ആയിരുന്നു. അതിനാല്‍ വേണുവിനെ ഞങ്ങള്‍ കൗമാരക്കാര്‍ ലോകസിനിമ എന്ന നിയോജകമണ്ഡലത്തിലെ ഞങ്ങളുടെ സ്ഥാനാര്‍ത്ഥി ആയി തെരഞ്ഞെടുത്തു വിടുകയായിരുന്നു. വേണു അറിഞ്ഞിരുന്നോ എന്നറിയില്ല, അദ്ദേഹം സഞ്ചരിച്ചിരുന്നത് ഞങ്ങളുടെ പൊതുസ്വപ്നം എന്ന അഗ്‌നിചിറകുകളില്‍ ആയിരുന്നു. ഒരിക്കലും വേണു ഞങ്ങളെ പരാജയപ്പെടുത്തിയതുമില്ല. 1986 ല്‍ ജോണ്‍ എബ്രഹാം 'അമ്മ അറിയാന്‍ ' നിര്‍മ്മിക്കുമ്പോള്‍ വേണു ആ സംഘത്തില്‍ ഉണ്ടായിരുന്നു. ഇല്ലായിരുന്നെങ്കില്‍ മാത്രം അത്ഭുതം ആകുമായിരുന്നു. സര്‍ഗാത്മകമായ ക്രോധവും അക്ഷമയും ഊടും പാവുമായി വേണുവില്‍ പ്രവര്‍ത്തിക്കുന്നത് ഒരു ലാവണ്യാനുഭവമായിരുന്നു എനിക്ക് എപ്പോഴും.

മലയാള ചലച്ചിത്ര വ്യവസായത്തില്‍ സജീവം ആയപ്പോള്‍ ചേമ്പിലയിലെ ജലബിന്ദു പോലെ പിന്‍വാങ്ങി നില്‍ക്കുന്ന ഒരു കലഹം വേണുവില്‍ എന്നും ഞാന്‍ ശ്രദ്ധിച്ചിരുന്നു, വേണു അത് നിഷേധിക്കില്ല എന്ന് മോഹിക്കുന്നു.

എസ് ഗോപാലകൃഷ്ണന്‍

ബീറ്റില്‍സ് പണ്ഡിറ്റ് രവിശങ്കറിനെ കണ്ടതും അവരുടെ ഐതിഹാസികമായ ഇന്ത്യ സന്ദര്‍ശനം നടത്തിയതിന്റെയും അന്‍പതാം വാര്‍ഷികമാണ് ഇക്കൊല്ലം. ഞാന്‍ പലതവണ കണ്ടിട്ടുണ്ട്, തിരുവനതപുരത്ത് പട്ടത്ത് താമസിക്കുന്ന കാലത്ത്, തിരക്കുകളില്‍ നിന്നും വീണു കിട്ടുന്ന സമയത്ത് നിലത്ത് കിടന്ന് ബീറ്റില്‍സ് ഗാനങ്ങള്‍ ഉറക്കെ വെച്ച് കിടക്കുന്ന വേണുവിനെ. ആ ഒറ്റയാന്‍ സംഗീതനേരത്താകട്ടെ, പിന്നീട് രണ്ടു ചിത്രപ്പണികള്‍ക്കിടയില്‍ കിട്ടുന്ന സമയത്ത് കേരളത്തിലെ നിത്യഹരിത വനങ്ങളിലെ ഇടതൂര്‍ന്ന ഊര്‍ജ്ജങ്ങളിലേക്ക് പിന്‍വാങ്ങുമ്പോള്‍ ആകട്ടെ വേണു ഒരു സമഗ്രവ്യക്തിയിലെ കലഹകാരിയും അക്ഷമനും ആയിരുന്നു. അടുത്തകാലത്ത് യാത്രാവിവരണം എഴുതിയപ്പോള്‍ അത് ' ഏകാകിയുടെ യാത്ര ' ആയതും സ്വാഭാവികമാണ്.

ഈ ഒരു പശ്ചാത്തലത്തിലാണ് 'കാര്‍ബണ്‍ ' സിനിമ കാണുവാന്‍ ഞാന്‍ കാത്തിരിക്കുന്നത്. രാവിലെ ഇങ്ങനെ ഒന്ന് എഴുതണം എന്ന് ഈ കോട്ടയംകാരന് തോന്നി.

(ഫെയ്‌സ്ബുക്കില്‍ കുറിച്ചത്)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും