ചലച്ചിത്രം

'മോഹന്‍ലാലിന്റെ കണ്ണുകളില്‍ ഞാന്‍ അപ്പോള്‍ കണ്ടത് ഭ്രാന്തിന്റെ തിളക്കം'; സദയത്തിന്റെ ക്ലൈമാക്‌സിനെക്കുറിച്ച് സിബി മലയില്‍

സമകാലിക മലയാളം ഡെസ്ക്

മലയാളത്തിന്റെ കംപ്ലീറ്റ് ആക്റ്ററാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ വിരല്‍ത്തുമ്പിനുപോലും കഥാപാത്രമാകാനുള്ള കഴിവുണ്ട്. ചില മോഹന്‍ലാല്‍ ചിത്രങ്ങള്‍ ശരിക്ക് അത്ഭുതങ്ങളാണ്. അത്തരത്തില്‍ ഒരു ചിത്രമാണ് സിബി മലയില്‍ സംവിധാനം ചെയ്ത സദയം. മോഹന്‍ലാല്‍ എന്ന അഭിനേതാവിനെ തിരിച്ചറിയാന്‍ ആ ഒറ്റ ചിത്രം മതിയാവും. 

അനിയത്തിമാരെപ്പോലെ സ്‌നേഹിക്കുന്ന രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്ന രംഗം സിനിമ കണ്ട എല്ലാവരുടേയും മനസില്‍ ഇപ്പോഴും മായാതെ നില്‍ക്കുന്നുണ്ട്. ആ രംഗം അഭിനയിക്കുമ്പോള്‍ മോഹന്‍ലാല്‍ മറ്റൊരാളായി മാറുകയായിരുന്നു എന്നാണ് സിബി മലയില്‍ പറയുന്നത്. ഭ്രാന്തിന്റെ അവസ്ഥയിലൂടെ കടന്നുപോകുന്നവരില്‍ കാണാറുള്ള തിളക്കം മോഹന്‍ലാലിന്റെ കണ്ണുകളില്‍ കണ്ടെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സിബി മലയില്‍ പറഞ്ഞു. 

'നാലു രാത്രികള്‍ തുടര്‍ച്ചയായാണ് ആ സീക്വന്‍സ് ഷൂട്ട് ചെയ്തത്. ആ രംഗങ്ങളിലെ വികാരങ്ങളുടെ തുടര്‍ച്ച മുറിയാതിരിക്കാന്‍ രംഗങ്ങളുടെ ഓര്‍ഡറില്‍ തന്നെയായിരുന്നു ചിത്രീകരണം. രണ്ടു കുഞ്ഞുങ്ങളെ കൊല്ലുന്ന സീക്വന്‍സാണ് ചിത്രീകരിക്കേണ്ടത്. കുട്ടികളെ കൊല്ലുന്ന സീക്വന്‍സ് എത്തുമ്പോഴേക്കും മോഹന്‍ലാലിന്റെ കണ്ണില്‍ ഒരു വല്ലാത്ത തിളക്കം വരുന്നുണ്ട്. അത് ഗ്ലിസറിനൊന്നും ഇട്ടിട്ട് വന്നതല്ല. ഒരു നനവിന്റെ തിളക്കം. ഭ്രാന്തിന്റെ ഒരു തലത്തില്‍ നിന്നുകൊണ്ടാണ് അയാളത് ചെയ്യുന്നത്. ശരിക്കും ഭ്രാന്തിന്റെ അവസ്ഥയിലൂടെ കടന്നുപോകുന്നവരില്‍ കാണാറുള്ള തിളക്കമാണ് ലാലിന്റെ കണ്ണിലും ഞാനപ്പോള്‍ കണ്ടത്' സിബി മലയില്‍ പറഞ്ഞു.

ഒരു നടന്റെ പൂര്‍ണതയില്‍ നിന്നാണ് ഇത്തരം ഭാവങ്ങളുണ്ടാകുന്നതെന്നും ഇതാണ് മോഹന്‍ലാലിനെ മറ്റുള്ളവരില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.ടി വാസുദേവന്‍ നായര്‍ തിരക്കഥ ഒരുക്കിയ ചിത്രം 1992 ലാണ് പുറത്തിറങ്ങുന്നത്. സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും സമൂഹത്തിന്റെ അവസ്ഥകളെക്കുറിച്ചുമാണ് ചിത്രത്തില്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി