ചലച്ചിത്രം

രാജിവെച്ചവരെ എന്തിന് തിരിച്ചുവിളിക്കണം ? ;  ഡബ്ലിയുസിസിക്കെതിരെ നിലപാട് ആവര്‍ത്തിച്ച് മോഹന്‍ലാല്‍, ദിലീപിന്റെ രാജി ചോദിച്ചു വാങ്ങിയത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായ നടന്‍ ദിലീപിനോട് രാജി ചോദിച്ചുവാങ്ങുകയായിരുന്നു എന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ ആവശ്യപ്രകാരം ദിലീപിനോട് സംസാരിച്ച് താരസംഘടന രാജി ആവശ്യപ്പെടുക ആയിരുന്നുവെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ദിലീപിന്റെ രാജി അമ്മ അംഗീകരിച്ചു. എല്ലാവരുടെയും സമ്മതം ആവശ്യമായതിനാലാണ് തീരുമാനം വൈകിയതെന്നും മോഹന്‍ലാല്‍ പറഞ്ഞു.  

ദിലീപ് ഇങ്ങോട്ട് വിളിച്ച് രാജി നല്‍കുകയായിരുന്നു എന്ന് നടന്‍ സിദ്ധിഖ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ തള്ളി. താന്‍ ദിലീപിനെ വിളിച്ച് സംസാരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ രാജി തരികയായിരുന്നു എന്ന് മോഹന്‍ ലാല്‍ പറഞ്ഞു. 


രാജിവെച്ചവരെ എന്തിന് തിരിച്ചുവിളിക്കണമെന്ന് മോഹന്‍ലാല്‍ ചോദിച്ചു. താരസംഘടനയില്‍ നിന്നും രാജിവെച്ച നടിമാര്‍ക്ക് അമ്മയിലേക്ക് തിരികെ വരണമെങ്കില്‍ അപേക്ഷ നല്‍കണം. അതിനുള്ള പ്രൊസീജിയര്‍ പാലിക്കണം. എന്നാല്‍ നടിമാര്‍ മാപ്പു പറഞ്ഞാലേ സംഘടനയില്‍ എടുക്കൂ എന്ന് പറഞ്ഞത് കെപിഎസി ലളിത വൈകാരികമായി പറഞ്ഞതാണ്. മാപ്പു പറയേണ്ട വിഷയമില്ലെന്നാണ് തന്റെ വ്യക്തിപരമായ നിലപാടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. 

എന്നാല്‍ ഇക്കാര്യത്തില്‍ ഭൂരിപക്ഷ അഭിപ്രായമനുസരിച്ചാണ് തീരുമാനം എടുക്കാനാകുക. ഡബ്ല്യൂസിസിയുടെ ആവശ്യങ്ങൾ സംഘടന കൂട്ടായി തീരുമാനിക്കേണ്ട കാര്യമാണ്. എന്നാൽ, മോഹൻലാൽ തീരുമാനിക്കേണ്ട കാര്യമായി അതിനെ മാറ്റി. വ്യക്തിപരമായി തന്നെ ആക്രമിക്കുന്ന തരത്തിലേക്ക് അത് മാറി. സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നതിൽ സംതൃപ്തിയില്ല. എല്ലാ അംഗങ്ങൾക്കും എന്നെ ആവശ്യമാണെങ്കിൽ മാത്രമേ താൻ പ്രസിഡന്റ് സ്ഥാനത്ത് തുടരൂ. സംഘടനയുടെ പേരില്‍ എന്തിനാണ് താന്‍ അടിവാങ്ങുന്നതെന്നും മോഹന്‍ലാല്‍ ചോദിച്ചു.

ഡബ്ലിയുസിസി അംഗങ്ങളെ നടിമാര്‍ എന്ന് മോഹന്‍ലാല്‍ ആവര്‍ത്തിച്ച് വിളിച്ചു. അഭിനയ രംഗത്ത് തുടരുന്നവരെ നടന്മാര്‍, നടിമാര്‍ എന്നല്ലേ വിളിക്കുക. നടിമാര്‍ എന്ന് വിളിച്ചത് ആക്ഷേപിക്കാനല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. രേവതി, പത്മപ്രിയ, പാർവതി എന്നിവരുമായി നല്ല ബന്ധമാണ് ഉള്ളത്. രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനായി മാത്രം ജനറല്‍ ബോഡി വിളിച്ചുചേര്‍ക്കില്ലെന്നും മോഹന്‍ലാല്‍ അറിയിച്ചു.

വാട്‌സ് ആപ്പ് ഗ്രൂപ്പിലെ സന്ദേശം ചോര്‍ന്നത് ഗൗരവമായി കാണും. ഇതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ഇടുതെന്ന് തീരുമാനിച്ചു. സിദ്ധിഖും ജഗദീഷും തമ്മില്‍ ഭിന്നതയില്ല. താന്‍ ചുമതലയേറ്റ ശേഷം താരസംഘടനയില്‍ ഇന്റേണല്‍ കംപ്ലെയിന്റ്‌സ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മീ ടൂ ആരോപണത്തില്‍ നടന്‍ അലന്‍സിയറോട് വിശദീകരണം തേടും. മുകേഷിന്റെ വിഷയത്തില്‍ അമ്മയ്ക്ക് പരാതി തന്നാല്‍ പരിശോധിക്കും. 

സംഘടനയ്ക്ക് ഔദ്യോഗിക വക്താവിനെ നിയമിക്കുന്ന കാര്യം അടുത്ത കമ്മിറ്റി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഭാരവാഹികളായ ജഗദീഷ്, സിദ്ധിഖ്, ഇടവേള ബാബു, ബാബുരാജ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം