ചലച്ചിത്രം

ചരിത്രം കുറിച്ച് 'ബോണ്ട്' കാര്‍ ; ലേലത്തില്‍ റെക്കോഡ് മൂല്യം,  45 കോടി രൂപ

സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ :  ജയിംസ് ബോണ്ട് ചിത്രങ്ങള്‍ക്ക് മാത്രമല്ല, ബോണ്ടിന്റെ കാറിനും ഇന്നും ആരാധകരുടെ മനസ്സില്‍ വന്‍ പ്രീതിയാണുള്ളത്. ഇതിന് തെളിവാകുകയാണ് മൂന്നര പതിറ്റാണ്ടു മുമ്പ് ജയിംസ് ബോണ്ടിന്റെ വാഹനമായിരുന്ന ആസ്റ്റന്‍ മാര്‍ട്ടിന്‍ ഡി ബി ഫൈവ് കാറിനു ലേലത്തില്‍ കൈവന്ന റെക്കോഡ് മൂല്യം. ബോണ്ട് കാര്‍ എന്നറിയപ്പെടുന്ന 1965 മോഡല്‍ ഡിബി ഫൈവിന് ലണ്ടനിലെ ആര്‍ എം സോത്ത്ബീസ് സംഘടിപ്പിച്ച ലേലത്തില്‍ 63.85 ലക്ഷം ഡോളര്‍ ആണ് (ഏകദേശം 45.37 കോടി രൂപ) വില ലഭിച്ചത്.

വിന്റേജ് കാറുകളുടെ ലേല വിലയിലെ നിലവിലെ റെക്കോര്‍ഡിനെ മറികടന്ന് 20 ലക്ഷത്തോളം ഡോളര്‍(ഏകദേശം 14.21 കോടി രൂപ) അധികമാണ് കരസ്ഥമാക്കിയത്. ഇതോടെ ലേലത്തില്‍ വിറ്റു പോയ ഏറ്റവും മൂല്യമേറിയ കാര്‍ എന്ന ബഹുമതിയും ബ്രിട്ടിഷ് സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ആസ്റ്റന്‍ മാര്‍ട്ടിന്റെ ഈ ഡിബി ഫൈവ് സ്വന്തമാക്കി. ബോണ്ട് ചിത്രമായ ഗോള്‍ഡ് ഫിംഗറിലും തണ്ടര്‍ബോളിന്റെ പ്രചാരണത്തിലും ഉപയോഗിച്ച ഡിബി ഫൈവിനെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ കാര്‍ എന്നാണ് വാഴ്ത്തുന്നത്. ഡിബി ഫൈവ്/2008/ആര്‍ എന്ന ചേസിസ് നമ്പറുള്ള ഈ കാര്‍ ഗോള്‍ഡ് ഫിംഗറില്‍ ജയിംസ് ബോണ്ട് ഉപയോഗിച്ച കാറുകളില്‍ അവശേഷിക്കുന്ന മൂന്നെണ്ണത്തില്‍ ഒന്നാണ്. 

ചിത്രത്തിന്റെ നിര്‍മാതാക്കളായ ഇയോണ്‍ പ്രൊഡക്ഷന്‍സിന്റെ നിര്‍ദേശപ്രകാരമാണ് 'ഡി ബി ഫൈവ്' ആസ്റ്റന്‍ മാര്‍ട്ടിന്‍ സാക്ഷാത്കരിച്ചത. ഒപ്പം ബോണ്ടിന്റെ സാങ്കല്‍പ്പിക രഹസ്യാന്വേഷണ വിഭാഗമായ 'എം ഐ സിക്‌സ് ക്യു ബ്രാഞ്ചി'ന്റെ മാനദണ്ഡ പ്രകാരമുള്ള സൗകര്യങ്ങളും സംവിധാനങ്ങളും കാറില്‍ സജ്ജീകരിച്ചിരുന്നു. ചിത്രത്തില്‍ ഉപയോഗിക്കുമ്പോള്‍ കാറിലുണ്ടായിരുന്ന 13 സവിശേഷതകളും ഈ 'ഡി ബി ഫൈവി'ല്‍ പുനഃസൃഷ്ടിച്ചിട്ടുണ്ട്. ഓസ്‌കര്‍ അവാര്‍ഡ് ജേതാവായ സ്‌പെഷല്‍ ഇഫക്ട്‌സ് വിദഗ്ധന്‍ ജോണ്‍ സ്റ്റിയേഴ്‌സ് വിഭാവന ചെയ്ത പരിഷ്‌കാരങ്ങള്‍ എല്ലാമായിട്ടാണ് ഈ 1965 മോഡല്‍ 'ഡി ബി ഫൈവ്' ലേല വേദിയിലെത്തിയത്.

ക്യു ബ്രാഞ്ചിന്റെ അന്വേഷകനായി യന്ത്രത്തോക്കുകള്‍, ബുള്ളറ്റ് പ്രൂഫ് ഷീല്‍ഡ്, ട്രാക്കിങ് സംവിധാനം, കറങ്ങിത്തിരിയുന്ന നമ്പര്‍ പ്ലേറ്റ്, ഒഴിവാക്കാവുന്ന റൂഫ് പാനല്‍, റോഡില്‍ തെന്നല്‍ സൃഷ്ടിക്കാന്‍ പ്രാപ്തിയുള്ള ഓയില്‍ സ്ലിക്ക് സ്‌പ്രെയര്‍, എതിരാളികളുടെ വാഹനത്തിന്റെ ടയര്‍ പഞ്ചറാക്കാനായി ആണി വിതറുന്ന നെയില്‍ സ്‌പ്രെഡര്‍, ഒളിമറ സൃഷ്ടിക്കുന്ന സ്‌മോക്ക് സ്‌ക്രീന്‍ എന്നിവയെല്ലാം കാറില്‍ സജ്ജമാക്കിയിരുന്നു. ഇതെല്ലാം നിയന്ത്രിക്കുന്നത് മുന്‍സീറ്റിന്റെ മധ്യത്തിലെ ആംറസ്റ്റില്‍ ഘടിപ്പിച്ച സ്വിച്ചുകള്‍ വഴിയാണ്. സ്വിറ്റ്‌സര്‍ലന്‍ഡിലെ റൂസ് എന്‍ജിനീയറിങ് പുനഃസൃഷ്ടിച്ച 'ബോണ്ട് കാറി'ലെ സവിശേഷതകളെല്ലാം ലേല വേദിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ബോണ്ടിന്റെ ചരിത്രപ്രസിദ്ധമായ കാര്‍ സ്വന്തമാക്കാന്‍ ആറുപേരാണ് വാശിയേറിയ ലേലത്തില്‍ പങ്കെടുത്തത്. 2010 ല്‍ ഡിബിഫൈവ് കാര്‍ 4.1 ദശലക്ഷം ഡോളറിനാണ് വിറ്റത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

'പുള്‍ ഷോട്ട് ഇങ്ങനെ'- എതിര്‍ ടീമിലെ യുവ താരത്തെ ബാറ്റിങ് പഠിപ്പിച്ച് പോണ്ടിങ് (വീഡിയോ)

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയത് മാറിയവരെ ബാധിക്കില്ല: ഹൈക്കോടതി

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; മാറ്റമില്ലാതെ 53,000ന് മുകളില്‍ തന്നെ