ചലച്ചിത്രം

ആദ്യം കരുതി ജയറാമിന്റെ നായികയെന്ന്; വല്ല്യേച്ചിയാകുന്നത് അംഗീകരിക്കാനാകില്ലെന്ന് ശാന്തികൃഷ്ണ; തീരുമാനം മാറ്റിയതിന് പിന്നില്‍ ആ ഫോണ്‍ കോള്‍

സമകാലിക മലയാളം ഡെസ്ക്

ജയറാം ചിത്രമായ 'ലോനപ്പന്റെ മാമോദീസ'യില്‍ ജയറാമിന്റെ സഹോദരി വേഷം ചെയ്യുന്നത് വിസമ്മതിച്ചിരുന്നുവെന്ന് നടി ശാന്തികൃഷ്ണ. ഒരിക്കല്‍ തന്റെ ഹീറോയായി വരെ അഭിനയിച്ചിട്ടുള്ള, സമ പ്രായക്കാരനായ ജയറാമിന്റെ ചേച്ചിയായി അഭിനയിക്കുന്നത് തനിക്ക് ബുദ്ധിമുട്ടായിരുന്നു - ശാന്തികൃഷ്ണ പറയുന്നു. ചിത്രത്തില്‍ ജയറാമിന്റെ മൂത്തചേച്ചിയായാണ് ശാന്തികൃഷ്ണ എത്തുന്നത്.


'ജയറാമിന്റെ നായികയാവുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ചിത്രത്തിന്റെ കഥ പറഞ്ഞ് തുടങ്ങിയിട്ടും എന്റെ റോളിനെ പറ്റി ഒന്നും പറഞ്ഞില്ല. പക്ഷെ ഒരു വല്യേച്ചിയെ കുറിച്ച് പറയുന്നുണ്ടായിരുന്നു. പിന്നീടാണ് അറിഞ്ഞത് അത് എനിക്കുള്ള റോളാണെന്ന്. അതെനിക്ക് അംഗീകരിക്കാനായില്ല. എന്തിന് ഞാന്‍ ജയറാമിന്റെ ചേച്ചിയായി അഭിനയിക്കണം' ശാന്തി കൃഷ്ണ പറയുന്നു. അതുകൊണ്ടു തന്നെ ചിത്രം കമ്മിറ്റ് ചെയ്യാന്‍ ശാന്തി കൃഷ്ണ മടിച്ചു. എന്നാല്‍ ജയറാമിന്റെ ഒരു ഫോണ്‍ കോളില്‍ അവര്‍ തീരുമാനം മാറ്റുകയായിരുന്നുവെന്ന് ശാന്തികൃഷ്ണ പറയുന്നു.

'ജയറാമിന്റെ ഫോണ്‍ കോളാണ് എല്ലാം മാറ്റിയത്. അദ്ദേഹം വിളിച്ചു, ജയറാമിന്റെ വല്യേച്ചി എവിടെ ? എന്നു ചോദിച്ചു. ജയറാം എന്നെ പറഞ്ഞ് ബോധ്യപ്പെടുത്തി. മനോഹരമായൊരു കഥാപാത്രമായിരിക്കുമെന്ന് പറഞ്ഞു. ലോനപ്പനും അയാളുടെ സഹോദരിമാരുമായുള്ള ബന്ധവുമാണ് ചിത്രം പറയുന്നത്. ഞാന്‍ വീണ്ടും ചിന്തിച്ചു. ഒടുവില്‍ സമ്മതിക്കുകയായിരുന്നു' അവര്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ സമകാലികരായ നടന്മാരെല്ലാം ക്യാരക്ടര്‍ റോളുകളിലേക്ക് മാറിയെന്നും താനത് മനസിലാക്കുന്നുവെന്നും ശാന്തി കൃഷ്ണ പറഞ്ഞു. അതുകൊണ്ടു തന്നെ കേന്ദ്ര കഥാപാത്രം തന്നെ ചെയ്യണമെന്ന നിര്‍ബന്ധം തനിക്കില്ല. ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള പോലുള്ള ചിത്രങ്ങളും ഷീല ചാക്കോയേ പോലുള്ള കഥാപാത്രങ്ങളും എപ്പോഴുമുണ്ടാകില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ വെറും അമ്മ വേഷങ്ങളില്‍ ഒതുങ്ങാന്‍ തനിക്ക് താല്‍പര്യമില്ലെന്നും അവര്‍ പറയുന്നു. തന്റെ കഥാപാത്രത്തിന് തിരക്കഥയില്‍ പ്രധാന്യം വേണമെന്നും നടി എന്ന നിലയില്‍ തനിക്കെന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നതുമായിരിക്കണമെന്നും അവര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും