ചലച്ചിത്രം

ഇരുപത് ഏക്കറില്‍ പടുകൂറ്റന്‍ മാമാങ്ക ചന്തയും നിലപാടുതറയും, 350 ലേറെ കച്ചവട സ്ഥാപനങ്ങള്‍;  വമ്പന്‍ സന്നാഹമൊരുക്കി മമ്മൂട്ടിയുടെ മാമാങ്കം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബ്രഹ്മാണ്ഡ ചിത്രത്തിന് കേരളം കണ്ടിട്ടുളളതില്‍വച്ച് ഏറ്റവും വലിയ സെറ്റൊരുക്കി മമ്മൂട്ടിയുടെ മാമാങ്കത്തിന്റെ അവസാനഘട്ട ചിത്രീകരണം കൊച്ചിയില്‍ തുടങ്ങി. നെട്ടൂരില്‍ ഇരുപത് ഏക്കര്‍ സ്ഥലത്താണ് നൂറുകണക്കിന് ജോലിക്കാര്‍ ചേര്‍ന്ന് പടുകൂറ്റന്‍ മാമാങ്ക ചന്തയും നിലപാടുതറയും ഉള്‍പ്പെട്ട സെറ്റ് പടുത്തുയര്‍ത്തിയത്.പത്തുകോടി രൂപ മുടക്കിയാണ് നാലുമാസം കൊണ്ട് ഇവിടെ സെറ്റ് രൂപകല്‍പ്പന ചെയ്തിട്ടുളളത്.

 മാമാങ്ക പടയ്ക്ക് വേണ്ടി ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ ആയുധ നിര്‍മ്മാണശാലയും ഇതിനൊപ്പം പ്രവര്‍ത്തിക്കുന്നു. ചിത്രീകരണത്തിനുവേണ്ട തോക്കുള്‍പ്പെടെയുളള ആയുധങ്ങളും പൗരാണിക ഇരുമ്പ് ആയുധങ്ങളും ഇവിടെ തന്നെ നിര്‍മ്മിക്കുകയാണ്. ഉപകരണങ്ങള്‍ക്കാവശ്യമായ മുഴുവന്‍ മരവും പെരുമ്പാവൂരില്‍ നിന്നാണ് എത്തിച്ചത്.

40 ദിവസത്തോളം ഇവിടെ മുടങ്ങാതെ ചിത്രീകരണമുണ്ടാകും. രാത്രികാല രംഗങ്ങളാണ് പൂര്‍ണമായും ചിത്രീകരിക്കുക. പനയോലയില്‍ തീര്‍ത്ത 350ലേറെ കച്ചവട സ്ഥാപനങ്ങള്‍ സിനിമയ്ക്ക് വേണ്ടി ഇവിടെ നിര്‍മിച്ചുകഴിഞ്ഞു. പടനയിക്കാനുളള ആനകളെയും കുതിരകളെയും നെട്ടൂരിലെത്തിച്ചിട്ടുണ്ട്. ഏറ്റുമാനൂര്‍ സ്വദേശി രാജീവിന്റേതുള്‍പ്പെടെ നിരവധി കുതിരകളെ സെറ്റിലെത്തിച്ചു. മാമാങ്കപട നയിക്കാനുളള 500ഓളം കലാകാരന്മാര്‍ കൊച്ചിയിലും പരിസരത്തുമുളള ഹോട്ടലുകളില്‍ തങ്ങിയാണ് ചിത്രീകരണത്തില്‍ പങ്കെടുക്കുക.

17-ാം നൂറ്റാണ്ടിലെ മാമാങ്കകാലത്തെ കഥ പറയുമ്പോള്‍ ഫ്രഞ്ച്, അറബ്, ചൈനീസ് നടന്മാരും ക്യാമറയ്ക്ക് മുന്നിലെത്തും. ലൂസിഫര്‍ സിനിമയുടെ സെറ്റ് ഒരുക്കിയ ആര്‍ട്ട് ഡയറക്ടര്‍ മോഹന്‍ദാസാണ് മാമാങ്കത്തിന്റെയും രംഗശില്‍പി. കണ്ണൂര്‍, അതിരപ്പളളി, വാഗമണ്‍, ഒറ്റപ്പാലം വരിക്കാശേരിമന, എന്നിവിടങ്ങളിലെ ചിത്രീകരണം പൂര്‍ത്തിയാക്കിയാണ് നെട്ടൂരില്‍ അവസാനഷെഡ്യൂള്‍ തീര്‍ക്കാന്‍ സംഘമെത്തിയിട്ടുളളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ

'പ്രസവിച്ച ശേഷം 32 കിലോ കൂടി, മകനോടുള്ള സ്‌നേഹത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ മറന്നു'; സോനം കപൂര്‍