ചലച്ചിത്രം

'ശ്വാസം മുട്ടല്‍ സഹിക്കാതെ, മകള്‍ എന്നില്‍ നിന്നും അകലുമോ എന്നുപോലും ഞാന്‍ പേടിച്ചിട്ടുണ്ട്';വാളയാറില്‍ നീതി നടപ്പാക്കണമെന്ന് ശ്രീകുമാര്‍ മേനോന്‍

സമകാലിക മലയാളം ഡെസ്ക്

വാളയാറില്‍ നീതി നടപ്പാക്കണം എന്ന ആവശ്യവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. രണ്ട് പെണ്‍കുഞ്ഞുങ്ങളെ പീഡിപ്പിച്ച് കൊന്ന പ്രതികളെ തെളിവില്ല എന്നു പറഞ്ഞ് വെറുതെവിട്ടെന്ന വാര്‍ത്ത പേടിപ്പെടുത്തുന്നതാണെന്ന് ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ ശ്രീകുമാര്‍ മേനോന്‍ കുറിച്ചു. ഈ ലോകത്തെ കുറിച്ചുള്ള പേടിമൂലം മകളോടും മകളായി കരുതുന്നവരോടും പെണ്‍ സുഹൃത്തുക്കളോടും കര്‍ക്കശക്കാരനായ ഒരാളാണ് താന്‍. അച്ഛനെന്ന നിലയ്ക്കുള്ള എന്റെ ഭയങ്ങളുടെ ശ്വാസം മുട്ടല്‍ സഹിക്കാതെ, മകള്‍ എന്നില്‍ നിന്നും അകലുമോ എന്നുപോലും ഞാന്‍ പേടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. കുറ്റം ചെയ്ത ഒരാള്‍ പോലും രക്ഷപെടരുതെന്നും കുറ്റത്തിന് കാരണമാകുന്ന സാമൂഹിക സാഹചര്യം ഇല്ലാതെയാവണമെന്നും ശ്രീകുമാര്‍ വ്യക്തമാക്കി. പ്രിയ മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം കുറിച്ചു. 

എന്നാല്‍ പോസ്റ്റിന് താഴേ ശ്രീകുമാര്‍ മേനോന് എതിരേ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് മഞ്ജു വാര്യര്‍ പരാതി പറഞ്ഞ ആളാണ് ഉപദേശവുമായി എത്തിയിരിക്കുന്നത് എന്നാണ് പറയുന്നത്.

ശ്രീകുമാര്‍ മേനോന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

ഈ സമൂഹത്തെ കുറിച്ച് എനിക്കറിയാവുന്നത്, പ്രത്യേകിച്ച് പെണ്ണുങ്ങളുടെ കാര്യത്തില്‍ നാടും കാലവും അത്ര നല്ലതല്ല എന്നതാണ്. പലപ്പോഴും അതീവ മാരകവുണ് ഈ ആണ്‍ലോകം.

ഞാനൊരു പെണ്‍കുട്ടിയുടെ അച്ഛനാണ്. വാളയാറില്‍ രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുകയും തുടര്‍ന്ന് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയും ചെയ്തു. കൊലപാതകമാണ് അതെന്ന് തെളിവില്ലാത്തതിനാല്‍ പ്രതികളെ വെറുതെ വിട്ടെന്ന വാര്‍ത്തകള്‍ പേടിപ്പിക്കുന്നതാണ്. ഞാന്‍ ജനിച്ചുവളര്‍ന്ന സ്ഥലമാണ് ഈ കുത്തുങ്ങള്‍ കൊല്ലപ്പെട്ട വാളയാറും പരിസരവുമെല്ലാം. പെണ്മക്കളുള്ള ഓരോരുത്തരും ഭയന്ന സംഭവമാണത്. പെരുമ്പാവൂരില്‍ ജിഷയും ഈ കുഞ്ഞുങ്ങളെല്ലാം കൊല്ലപ്പെടുമ്പോള്‍, ഒരു വാതിലില്‍ പോലും സുരക്ഷയില്ലാതെയാണ് ഈ പെണ്‍കുട്ടികള്‍ ജീവിച്ചത് എന്ന് ഇവര്‍ തമ്മില്‍ സാമ്യമുണ്ട്. ദളിതരാണ് ഈ കുഞ്ഞുങ്ങളെല്ലാം.

മറ്റൊരു ഇന്ത്യയിലല്ല നമ്മുടെ ഇന്ത്യയിലാണ് വാളയാര്‍.

എന്റെ അരികില്‍ തന്നെ ഉണ്ട് എന്റെ മകള്‍. അവളെ ചേര്‍ത്തു പിടിച്ച് എനിക്ക് സംസ്ഥാനത്തെ മുഖ്യമന്ത്രിയോടും, പോലീസ് മേധാവിയോടും ഒരു അഭ്യര്‍ത്ഥനയുണ്ട്  സാര്‍ വാളയാറില്‍ ' അതിരുകടന്ന നീതി ' നടപ്പാക്കണം.

മകളോട് കര്‍ക്കശക്കാരനായ അച്ഛനാണ് ഞാന്‍. ഈ ലോകത്തെ കുറിച്ചുള്ള പേടിമൂലം മകളോടും മകളായി കരുതുന്നവരോടും പെണ്‍ സുഹൃത്തുക്കളോടും നിര്‍ബന്ധം വെച്ചുപുലര്‍ത്തേണ്ടി വരുന്നൊരാള്‍. അച്ഛനെന്ന നിലയ്ക്കുള്ള എന്റെ ഭയങ്ങളുടെ ശ്വാസം മുട്ടല്‍ സഹിക്കാതെ, മകള്‍ എന്നില്‍ നിന്നും അകലുമോ എന്നുപോലും ഞാന്‍ പേടിച്ചിട്ടുണ്ട്. അവള്‍ എംഎയ്ക്ക് പഠിക്കാന്‍ മദ്രാസ് സര്‍വകലാശാലയാണ് തിരഞ്ഞെടുത്തത്. ആ രണ്ടുവര്‍ഷം ഞാന്‍ കടന്നുപോയത് ഓര്‍ക്കാന്‍ കൂടി വയ്യ. എന്റെ ഭയം നിനക്ക് മനസിലാകില്ല, എന്ന് ഞാന്‍ പറയുമായിരുന്നത് ഞാന്‍ ഓര്‍ക്കുന്നു. എന്റെ ശാസനകളും നിര്‍ബന്ധങ്ങളും അവളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമായി പരാതിപെട്ടില്ല എന്റെ മകള്‍; ഭാഗ്യം.

ഓരോ വാളയാറും ഓരോ പെരുമ്പാവൂരും പെണ്‍മക്കള്‍ക്ക് മനഃസമാധാനത്തോടെ ജീവിക്കാന്‍ ഭയമുള്ള ലോകമായി ഇവിടം മാറ്റുകയാണ്.

പെരുമ്പാവൂരും വാളയാറും കേരളത്തിന്റെ നിര്‍ഭയയാണ്. കുറ്റം ചെയ്ത ഒരാള്‍ പോലും രക്ഷപെടരുത്. കുറ്റത്തിന് കാരണമാകുന്ന സാമൂഹിക സാഹചര്യം ഇല്ലാതെയാവണം. ഓരോ പെണ്‍മക്കളും അവരുടെ രക്ഷിതാക്കളും നിര്‍ഭയം ഇവിടെ ജീവിക്കണം.

പ്രിയ മുഖ്യമന്ത്രി, വിശ്വാസമുണ്ട് അങ്ങയില്‍...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ